Poem

രണ്ട് കവിതകൾ

1. വീട് കഥയായ കഥ

വീടെന്നാൽ തണലേകാൻ

മണ്ണിൽ കുഴിച്ച് കൈതുടരാൻ വിയർത്തൊരു

മൺവെട്ടിയായിരുന്നു അയാൾക്ക്.

കറുകപ്പച്ച ചുവർ, അതിരുകളില്ലാത്ത മുറ്റം,

വാനത്തണലുള്ള ഊഞ്ഞാൽ,

ആകാശത്തേക്ക് തുറന്നിട്ട ജനൽ...

കനവുകളിൽ അയാൾ വിയർത്തു.

അയാളുടെ മൺവെട്ടി ഉയർന്നു താണു.

ചുവരുകൾ വളർന്നു

ഒരു വൃക്ഷംപോലെ,

ജനലുകൾ തുറന്നു

പക്ഷികളുടെ ചിറകുകൾപോലെ,

ചാരുപടി വിരിഞ്ഞപ്പോൾ

അവിടെ ചാരിനിന്ന കാറ്റ്

കുട്ടികളായി ചിരിച്ചു.

വാതിൽ തുറന്നപ്പോൾ

അകത്തേക്കൊരു കടൽ

കടന്നു വന്നു.

അയാളുടെ ഹൃദയതാളവും കനവലകളും

ചിതറിത്തെറിച്ച തിരമാലകളിൽ ഒഴുകിപ്പോയി.

പൊട്ടിത്തെറിച്ച കോപം മുഴുവൻ

നെരിഞ്ഞ മേഘങ്ങൾ മൂടി.

തീരത്തെ ശാന്തതയിൽ

കടലിനോടയാൾ പറഞ്ഞു.

‘‘നീ പൊയ്ക്കോളൂ, എന്റെ അശാന്തി ഇവിടെ തീരും’’

അയാൾ നോക്കിനിൽക്കെ വീട് ഒരു കഥയായി.

2. കൊളാഷ്

ചിറകുകളുടെ വസന്തം

തീർന്നെന്ന്

അറിഞ്ഞ പകലിൽ

കഴുതപ്പണികളാലും

കനൽ പാതകളാലും

തീർത്ത കൊളാഷിൽനിന്നും

എനിക്ക് മടുത്തൂന്നും പറഞ്ഞ്

ഒരുവൾ മതിൽ പൊളിച്ച്

ഒരുവനിൽനിന്നും

ഓടിപ്പോവുന്നു.

ചുവരിലെ പാട്,

തുരുമ്പെടുത്ത കൈവിരലുകൾ,

പഴയ പത്രത്തിന്റെ മുഷിഞ്ഞ കോണുകൾ,

പൂട്ടിയിട്ട വാതിൽ

തള്ളിത്തുറന്ന് അയാളവളെ തിരയാനിറങ്ങുന്നു.

ഇന്നലെകളിൽ

തുപ്പിയിട്ട പുളിച്ച വാക്കുകളുടെ ഭാരത്തിൽ

കെട്ടിക്കിടന്ന കാറ്റവനെ തടയുന്നു.

തുറന്നിട്ട വാതിലിലൂടെ

അകത്തേക്ക് കടന്ന്,

സങ്കടം വരുമ്പോഴൊക്കെയും

അവൾ കയ്യിട്ടെടുക്കാറുള്ള പച്ച അടപ്പുള്ള

ഭരണിയിൽനിന്നും

രണ്ടോ മൂന്നോ പുളിമുട്ടായി എടുത്ത്,

ആകാശത്തോളം നീണ്ടുപോയതും ഒരിക്കലും

കായ്ക്കാത്തതുമായ പറങ്കിമാവിന്റെ ചുവട്ടിൽ

അയാളിരിക്കുന്നു.

ഒലിച്ചിറങ്ങുന്ന ചിത്രങ്ങൾ,

വിളറിയ മുഖം,

മുറിവുകളുടെ മുറ്റം,

അയാൾ അവളെ കാണുന്നു,

തൊട്ട് മണക്കുന്നു.

തകർന്ന ചില്ലുപാളിയിൽ

ഒരിക്കലും തൊടാനാകാത്ത

മൗനചിത്രം,

ഏറ്റുപറച്ചിലിൽ

പറങ്കിമാവ് ഉലയുന്നു.

പൊളിഞ്ഞുപോയ മതിൽ നിവർത്താനോ

വാതിൽ അടക്കാനോ

ആവാതെ അവൻ ഒരു

ഗംഗയാവുന്നു.

വാതിൽ തുറന്നിട്ടത്

പുറത്തുപോയവൾ

തിരിച്ചുവരുവാൻവേണ്ടി

ആണെന്ന് വീട്

പിറുപിറുക്കുന്നു.


Tags:    
News Summary - Malayalam Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.