ഓസ്​കാർ വൈൽഡ്​ -പ്രണയം മരണം

''ഭൂവിലേവരും കൊല്ലുന്നു

തനിക്കേറ്റം പ്രിയമൊന്നിനെ/

താനേറ്റം സ്നേഹിക്കുമൊരാളെ

ക്രൂരമാമൊരു നോക്കിനാൽ,

അശ്രദ്ധമൊരു വാക്കിനാൽ

ദുർബലൻ ഒരു ചുംബനത്താൽ

ധീരൻ പടവാളിനാൽ.'' *

പ്രണയിയെക്കൊന്ന തെറ്റിനു

കഴുവേറാൻ വിധിക്കപ്പെട്ടൊരാൾ

കൊതിയോടെ വെയിൽ മോന്തി

അമൃതുപോൽ കാറ്റുഭക്ഷിച്ച്

ഇരുപുറം പാറാവോടെ

നടക്കാനിറങ്ങുന്നതും നോക്കി

അഴികൾക്കകത്തിരുന്നുരുകി

ഓസ്‌കാർ വൈൽഡ് കുറിച്ചിട്ട വരികൾ -

എല്ലാവരും കൊല്ലുന്നു

ഭ്രാന്തമായ് പ്രണയിക്കുമൊരാളെ

തൂക്കിലേറ്റപ്പെടാത്തവർ

ജീവിക്കുന്നു പിന്നെയും

ഒരു മഴയും കുളിരാതെ

ഒരു നിലാവിലുമലിയാതെ

അതിനുമെത്രയോ മുൻപ്...

സ്വയം മൃത്യു വരിക്കവേ

ഒഥല്ലോ മന്ത്രിച്ചിരിക്കാം

ഇത്രമേൽ ഭ്രാന്തമായിനി

പ്രണയിക്കരുതാരുമാരെയും

സംശയാർബുദം വിശ്വാസ

കോശങ്ങളെക്കാർന്നു തിന്നുമ്പോൾ

ദ്രവിക്കും ഏതു സ്നേഹവും

സ്വയം ദഹിക്കും

ഏതു പ്രണയിയും

ആരാണിതിൽ കൊലപാതകി?

ആരാണേറ്റം മുറിവേറ്റയാൾ?

നമ്മിലോരോരുത്തരും തകർക്കുന്നു

പ്രാണനിലലിഞ്ഞ പ്രണയത്തെ

പറഞ്ഞ വാക്കി​െൻറ മൂർച്ചയാൽ

പറയാഞ്ഞ വാക്കിൻ കനത്തിനാൽ

ഇരുളിലേറ്റു ചൊല്ലുന്നു,

കൊന്നു ഞാനെ​െൻറ സ്നേഹത്തെ.

സ്വയം തൂക്കിലേറ്റുന്നു

ശിഷ്​ടജീവിതവാഞ്​ഛയെ.

* 'The ballad of reading gaol' ത​െൻറ ജയിൽവാസ അനുഭവങ്ങളെക്കുറിച്ച് ഓസ്കാർ വൈൽഡ് എഴുതിയ ദീർഘകാവ്യം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.