'അകമഴിഞ്ഞ്' എന്നയീയെന്നെ
പ്രേമഗാനങ്ങളിൽ സിനിമാപ്പാട്ടുകളിൽ
സീരിയലുകളിൽ വിളിച്ചുകൊണ്ടുപോകുന്നു,
എന്നെങ്കിലുമൊക്കെ
ആരെങ്കിലുമെന്നെ കണ്ടെത്തിയേക്കാമെന്ന് ഞാൻ
അച്ചടിമഷിവേഷത്തിൽ,
ഗായികാഗായകൻമാരുടെ ശബ്ദമാധുര്യത്തിൽ
നിറഞ്ഞ് നിൽക്കാറുണ്ട്.
പ്രേമമെന്ന വാക്കിെൻറ കൂടെ
എന്നെക്കൊണ്ടുപോകുമ്പോൾ
അവളെപ്പോലെത്തന്നെ ഞാനും
ഒരു ശബ്ദമായിരിക്കുന്നു,
ശ്ശെ, നോക്ക്,
എനിക്കൊരു കഥ പറയാനുണ്ട്.
പുറമഴിയുന്നതിനെക്കുറിച്ച്
പിന്നെയും തിരിയും,
എനിക്കു പറയാനുള്ളത്
അകത്തെക്കുറിച്ചാണ്,
അവിടെ കെട്ടിക്കിടക്കുന്ന കെട്ടുകൾ...
നൂറ്റാണ്ടുകളുടെ നീറ്റുന്ന നൂലുകളുടെ,
ചരിത്രത്തിെൻറ ചതികളുടെ, കാലത്തിെൻറ മുള്ളുകളുടെ,
പരുത്തിയുടെ, ഇരുമ്പിെൻറ, പാറ്റിയെടുത്ത തങ്കത്തിെൻറ
കടുംകെട്ടുകളിൽ കുടുങ്ങുന്ന കുഞ്ഞൊഴുക്കുകളുടെ...
ഈയഴിക്കൽ ഒരു ധ്യാനമാണ്.
സ്നേഹത്തിെൻറ എണ്ണപുരട്ടിമാത്രം
പതുക്കെ, നിശ്ശബ്ദമായി
ചെയ്യാൻ കഴിയുന്നത്.
ഈയഴിക്കൽ ഒരു ഉരിയലാണ്,
നനയലാണ്,
തുറസ്സിലേക്കുള്ള
യാത്ര പുറപ്പെടലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.