ഒരിക്കല്‍ സ എന്ന അക്ഷരത്തിന് ആഗോള പ്രശസ്തനാകാന് പൂതി തോന്നി. ഉടന്‍തന്നെ കണ്ണാടി നോക്കി. കൊള്ളാം. തുമ്പിക്കൈ പൊക്കിനില്‍ക്കുന്ന കൊമ്പനാണ്. പക്ഷെ എലുമ്പന്. ഉടന്‍ ജിമ്മില്‍ ചേര്‍ന്ന് വർക്കൗട്ട് തുടങ്ങി. സ ആയി. അഹങ്കരിച്ച് ആ അക്ഷരം ഭാഷയുടെ നാഷണല്‍ ഹൈവേയില്‍ പെരുപ്പിച്ച മസിലുമായി തലങ്ങും വിലങ്ങും നടന്നു. ആരും മൈന്‍ഡ് ചെയ്യുന്നില്ലെന്ന് കണ്ടപ്പോള്‍ ഒന്നുരണ്ട് ചില്ലക്ഷരങ്ങളെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. അവര്‍ പേടിച്ചില്ലെന്ന്...
ഒരിക്കല്‍
സ എന്ന അക്ഷരത്തിന്
ആഗോള പ്രശസ്തനാകാന് പൂതി തോന്നി.
ഉടന്‍തന്നെ കണ്ണാടി നോക്കി.
കൊള്ളാം.
തുമ്പിക്കൈ പൊക്കിനില്‍ക്കുന്ന
കൊമ്പനാണ്.
പക്ഷെ എലുമ്പന്.
ഉടന്‍
ജിമ്മില്‍ ചേര്‍ന്ന്
വർക്കൗട്ട് തുടങ്ങി.
സ ആയി.
അഹങ്കരിച്ച് ആ അക്ഷരം
ഭാഷയുടെ നാഷണല്‍ ഹൈവേയില്‍
പെരുപ്പിച്ച മസിലുമായി
തലങ്ങും വിലങ്ങും നടന്നു.
ആരും മൈന്‍ഡ് ചെയ്യുന്നില്ലെന്ന്
കണ്ടപ്പോള്‍
ഒന്നുരണ്ട് ചില്ലക്ഷരങ്ങളെ
ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു.
അവര്‍ പേടിച്ചില്ലെന്ന് മാത്രമല്ല
ഭാഷയുടെ സമൂഹമാധ്യമ വിഭാഗത്തില്‍
ട്രോളാനും തുടങ്ങി.
അതോടെ സ ക്ക് കലിയിളകി.
വലിയ മുതല്‍ മുടക്കി
ഇംഗ്ലീഷില്‍നിന്ന്
S എന്ന ട്രെയ്നറെക്കൊണ്ടുവന്ന്
മസില് വീണ്ടും പെരുപ്പിക്കാന്‍ തുടങ്ങി.
സ ആയി.
ഇത്തവണ എല്ലാവരും
തന്നെ ഭയക്കും എന്നുകരുതി
ഭാഷയുടെ ഏറ്റവും തിരക്കുള്ള
ചത്വരത്തില്‍ ചെന്നുനിന്നു.
സ്വന്തം നാട്ടില്‍
അതിഥിത്തൊഴിലാളികളായ് തീര്‍ന്ന അക്ഷരങ്ങള്‍
എന്തിനും തയാറായിപ്പായുകയായിരുന്നു
നുണ പറയാന്‍.
ജയ് വിളിക്കാന്‍.
കള്ളക്കരച്ചിലിന് കണ്ണീരാകാന്‍.
ആരും തന്നെ നോക്കുന്നില്ലെന്നു കണ്ടപ്പോള്‍
സ ക്ക് ഡിപ്രഷനടിച്ചു.
ആ ചത്വരത്തിലെ
ഏറ്റവും പൊക്കമുള്ള
ടവറില്‍ കേറി.
ഞാന്‍ ചാടിച്ചത്താല്‍
നിങ്ങള്‍ക്ക്
സത്യം, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സമാധാനം
എന്നൊന്നും എഴുതാനാവില്ലെന്ന്
ഭീഷണി മുഴക്കി.
നിങ്ങളുടെ ഭരണഘടന
കാലിയാകും
എന്ന് വിരല്‍ചൂണ്ടി.
ആരും ശ്രദ്ധിച്ചില്ല.
ഭാഷയുടെ ചത്വരത്തില്‍
റോബോട്ടുകളാണ് പോലീസ് ജോലി ചെയ്യുന്നതെന്ന്
ഔട്ട്ഡേറ്റഡ് ആയ ബുദ്ധിവെച്ച്
സ ക്ക് മനസ്സിലായില്ല.
ഒന്നുകൂടി വലുതായാല്‍
തന്നെ എല്ലാവരും ശ്രദ്ധിക്കും എന്ന്
മണ്ടന്‍ സ കരുതി.
മുഴുവന്‍ ശക്തിയും സംഭരിച്ച്
ശ്വാസം ഉള്ളിലേക്കെടുത്ത്
സ ആവാന്‍ ശ്രമിച്ചു.
ഒരു കുട്ടിയാണത് കണ്ടത്.
ഒരക്ഷരം പൊട്ടിത്തെറിച്ച്
വായുവില്‍ ചിതറുന്നു.
കുറ്റം പറയരുതല്ലോ.
അതിന്റെ ഉള്ളിലും ഉണ്ടായിരുന്നു
ഏത് ആഘോഷത്തിന്റെ അമിട്ടിനേക്കാളും
തീയ്യും വർണവും.
ഇത്തിരി, ഇത്തിരി നേരം
അത് ആകാശത്തെ തിളക്കി.
മണ്ടന്ഭാഷ എന്ന്
സ്വന്തം ഭാഷയെ കരുതിയിരുന്ന കുട്ടി
ആ ഇത്തിരിനേരം
ആകാശത്തില്‍നിന്ന് കണ്ണെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.