അരിമ്പൂർ മരിയാടാക്കീസിൽ
സിൽമ മാറുന്നത് അതിരാവിലെയുള്ള
രാമുണ്ണിയുടെ ചെണ്ടമുഴക്കത്തോടെയാണ്.
കുന്നത്തങ്ങാടി മുതൽ
തോൾസഞ്ചിയിൽ നോട്ടീസും ചെണ്ടയുമായി രാമുണ്ണി ഇറങ്ങും
ഒപ്പം ഒറ്റമുളങ്കാലിൽ സിൽമാപോസ്റ്റർ ഒട്ടിച്ച ബോർഡുമായി
ചെക്കൻ തങ്കപ്പനും.
ദൂരെ നിന്ന് ചെണ്ടകൊട്ടു കേട്ടാൽ
ചെറുബാല്യക്കാർ വീടുകളിൽനിന്ന് കുത്തിയൊലിക്കും
നോട്ടീസിന് തമ്മിൽ തല്ലും
അക്കൂട്ടത്തിലെ ഒരേയൊരു പെൺകുട്ടി കുഞ്ഞമ്മിണിയാണ്
അവൾക്കുള്ള നോട്ടീസ് തങ്കപ്പൻ പ്രത്യേകം കരുതിവെക്കും
ഒരു കടാക്ഷമായിരുന്നു അവനുള്ള അമൂല്യസമ്മാനം.
നോട്ടീസുകെളല്ലാം കുഞ്ഞമ്മിണി ഭക്ത്യാദരപൂർവം സൂക്ഷിക്കും
ദൈവങ്ങളുടെ പടത്തിനൊപ്പമാണ് പ്രേംനസീറിന്റെ സ്ഥാനം.
എന്നല്ല, ദൈവത്തിലും മീതെയാണത്
ദൈവത്തിന്റെ മുഖമായിരുന്നല്ലോ നിത്യഹരിതനായകന്.
വെള്ളിയാഴ്ചയിലെ ആദ്യഷോയ്ക്കു തന്നെ കുഞ്ഞമ്മിണി വരും
മൂന്ന് ഒടപ്രന്നോരും തന്ത കോരുട്ടിക്കും തള്ള ചിരുതക്കുമൊപ്പം.
അവളായിരുന്നു പടനായിക.
തറയിലിരുന്ന് അവർ സിൽമ കണ്ടു
ൈകയടിച്ചു വെല്ലുവിളിച്ചു സംഹരിച്ചു
അക്കാലത്തെ സിനിമാകഥകൾ മുഴുവൻ
കുഞ്ഞമ്മിണിക്ക് കാണാപ്പാഠം.
പ്രേംനസീറിനെക്കുറിച്ച് അവൾക്ക് എല്ലാമറിയാം
അബ്ദുൾഖാദറെന്നാണ് ശരിയായ പേര്
അഭിനയിക്കുമ്പോൾ പ്രേംനസീർ എന്നു വെക്കും
പാടുമ്പോൾ യേശുദാസ് എന്നു വെക്കും
നിമിഷകവിയാണ്
വയലാർ, വയലാർ എന്ന് പറേണത് ആരാന്നാ വിചാരം?
മ്മ്ടെ നസീറേട്ടൻ തന്നേന്ന്...
സകലകലാവല്ലഭൻ
വില്ലാളിവീരൻ
ദയാലു, മഹാധീരൻ, യോദ്ധാവ്
പ്രണയദേവൻ
ചിരഞ്ജീവി!
പ്രേംനസീർ സാക്ഷാൽ ഗന്ധർവനാണ്
മനുഷ്യനായി, വെറുതേ, അഭിനയിക്കുകയാണ്.
അദ്ദേഹത്തിന് എല്ലാവരെയും അറിയാം
എല്ലാമറിയാം
കുഞ്ഞമ്മിണിയോട് ഒരു ഗൂഢാനുരാഗമുണ്ട്
കള്ളൻ!
ഒന്നും തുറന്നു പറയില്ല
(പ്രേംനസീറിൽ ലയിക്കുന്ന കാലത്ത് കുഞ്ഞാമിന എന്ന് പേരു മാറ്റേണ്ടിവരും.)
പന്ത്രണ്ടാം വയസ്സിൽ കുഞ്ഞമ്മിണിക്ക് ഇരുപതിന്റെ നിറവ്
കണ്ണാടി നോക്കി ചാന്തുപൊട്ടിട്ട്,
കമലവിലാസ് കൺമഷിയെഴുതി
മുടി കോതിക്കൊണ്ടവൾ കിനാവു നെയ്തു
എന്റെ കണ്ണുകൾ ഷീലയെപ്പോലല്ലെ
എന്റെ കവിളുകൾ ശാരദയെപ്പോലല്ലെ
എന്റെ മാറിടം ജയഭാരതിയെപ്പോലല്ലെ...
ഒരു ദിവസം കോരുട്ടി പ്രഖ്യാപിച്ചു
പിള്ളാര് വലുതായി
ഇനി സിനിമ കണ്ടുനടന്നാ ശരിയാവില്ല
മതി.
മതിയായില്ല എന്ന് കുഞ്ഞമ്മിണിയുടെ മനം നീറി
ഊണിന്നാസ്ഥ കുറഞ്ഞു
നിദ്ര നിശയിങ്കൽപോലുമില്ലാതെയായി
രാത്രിയുടെ വാതിൽ തുറന്നു വരുന്ന
ഗന്ധർവനിനല്ലാതെ ഇനി ജീവിതമില്ലെന്നായി.
''ഇന്ദുമുഖീയിന്നു രാവിൽ എന്തു ചെയ്വൂ നീ'' യെന്ന്
ഗന്ധർവൻ അവളിലിഴഞ്ഞു
''താമസമെന്തേ വരുവാൻ പ്രാണസഖീയെന്റെ മുന്നിൽ''
എന്നൊരു ചുഴലിക്കാറ്റ്
കുഞ്ഞമ്മിണിയുടെ വീടിനെപ്പിടിച്ചു കുലുക്കി
അവൾ അവൾക്കധീനയല്ലാതായി.
കൊക്കോലേയിൽനിന്ന് അവളേയും വഹിച്ചുകൊണ്ട്
ഒരു തീവണ്ടി മദിരാശിയിലേക്ക് കൂകിപ്പാഞ്ഞു
''ഒരു നിമിഷം തരൂ നിന്നെയറിയാൻ'' എന്ന ഈരടി മനസ്സിലിട്ടാട്ടിയും കുറുക്കിയും
ഡോ. ബാലകൃഷ്ണനെ കാണാൻ സത്യൻ അന്തിക്കാടിന്റെ കന്നി മദിരാശിയാത്രയും ഈ വണ്ടിയിലായിരുന്നു.
അത്രമേൽ സ്വപ്നഭരിതമായ ഒരു യാത്ര
മറ്റൊരു തീവണ്ടിക്കും ഉണ്ടായിട്ടില്ല.
വർണപ്പകിട്ടുള്ള ഒരു സ്വപ്നക്കൈലേസു വീശി
പ്രേംനസീർ ഏതു നിമിഷവും അവതരിക്കും എന്നവൾക്ക് ഉറപ്പായിരുന്നു
ഏതു തിരയിലും കയറിവരും, ഏതു കാറ്റിലും ഒഴുകിവരും
എന്ന തീർച്ചയിൽ അവൾക്ക് ഊണുറക്കമില്ലാതായി
മദിരാശിനഗരത്തിലെ എച്ചിൽക്കൂനക്കരികെ
അവൾ
കാത്തുനിന്നു
ദിനരാത്രങ്ങൾ പെയ്തൊഴിയുവോളം.
കുഞ്ഞമ്മിണി കാത്തുനിൽക്കുന്നു എന്ന വിവരമറിയാതെ
പ്രേംനസീറിന്റെ കാർ രാപകലില്ലാതെ
സ്റ്റുഡിയോകളിലേക്ക് പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു
കാറിൽ ഗന്ധർവനാണ് എന്നറിയാതെ
കുഞ്ഞമ്മിണി കണ്ണ് തുറന്നു പിടിക്കാൻ വൃഥാ ശ്രമം തുടർന്നുകൊണ്ടിരുന്നു.
അവൾ പകലിനെക്കാൾ രാത്രിയെയും രാത്രിയെക്കാൾ പകലിനെയും ഭയപ്പെടുന്ന നിലയായി
ഹിംസ്രമൃഗങ്ങളെക്കാൾ മനുഷ്യരെയും മനുഷ്യരെക്കാൾ ഹിംസ്രമൃഗങ്ങളെയും ഭയപ്പെട്ടു
ശബ്ദത്തെക്കാൾ നിശ്ശബ്ദതയെയും നിശ്ശബ്ദതയെക്കാൾ ശബ്ദത്തെയും പേടിച്ചു
കുഞ്ഞമ്മിണിയുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ
പേടി കുത്തിയൊലിച്ചുകൊണ്ടിരുന്നു.
''യാർ നീ?''ഏതോ പാതിരാക്ക് നടുക്കുന്ന ചോദ്യത്താൽ
കുഞ്ഞമ്മിണി കൊടും നിലവിളിയായി രൂപാന്തരപ്പെട്ടു
കൊല്ലപ്പെട്ട തന്റെ മകളുടെ നിലവിളിപോലാണത്
ബീറ്റു പോലീസിനു തോന്നിയത്
അയാൾ അച്ഛന്റെ കൈ നീട്ടി.
കൊക്കാലെ റെയിൽവേ സ്റ്റേഷനിൽ കിതച്ചെത്തിയ
മദിരാശി വണ്ടിയിൽ
ആസക്തികളും സ്വപ്നങ്ങളും നിശ്ചയദാർഢ്യവുമില്ലാത്ത
ഒരു പെൺകുട്ടി ഇരു പോലീസുകാരുടെ കൈ പിടിച്ച്
വന്നിറങ്ങി
കുഞ്ഞമ്മിണിയുടെ വീട്ടുമുറ്റത്ത് വലിയൊരു ജനാവലി കാത്തുനിൽപുണ്ടായിരുന്നു
ആരും കാണാതെ വിങ്ങിക്കരഞ്ഞുകൊണ്ട്
തങ്കപ്പൻ തൂണും ചാരി നിന്നു.
ഒറ്റ ദിവസംകൊണ്ട് പടുവൃദ്ധയായിത്തീർന്ന കുഞ്ഞമ്മിണിയുടെ തള്ള ചിരുത, ഒരിറ്റു കണ്ണീർ പൊഴിക്കാനില്ലാതെ,
നരച്ച കണ്ണുകളോടെ അതിഥികളെ നോക്കി നിന്നു.
''മഹാപാപീ'' എന്നായിരം വട്ടം സ്വയം വിളിച്ച് ചുമരിൽ തലയിടിച്ചു വീണ തന്ത കോരുട്ടി ഇറയത്ത് കിടപ്പുണ്ട്.
അവിശ്വസനീയമായ ഭയപ്പാടോടെ
എറവിലെ മനുഷ്യർ പോലീസുകാരെ നോക്കി നിന്നു
അകത്തു കയറിപ്പോയ കുഞ്ഞമ്മിണി
സിൽമാനോട്ടീസുകൾ കൈയിലെടുത്ത്
തൂണും ചാരിനിന്ന തങ്കപ്പനെ തിരിച്ചേൽപിച്ചു
''പൊയ്യാണ്
പൊയ്യാണ്
പൊയ്യാണ് ഒടപ്രന്നോരേ...''
എന്നവൾ വലിയവായിലേ കരഞ്ഞു
വെള്ളിത്തിരയെ തീപിടിപ്പിച്ച നിലവിളിയായിരുന്നു അത്.
ആ കാലം
അങ്ങനെ പോയ് മറഞ്ഞു
മരിയാടാക്കീസ് ഉൾപ്പെടെ ടാക്കീസുകളെല്ലാം പൂട്ടിപ്പോയി
ആധുനികതയുടെ പളപളപ്പും ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റവുമായി കുതിച്ചു വന്ന
സേവന മൂവീസും അടച്ചുപൂട്ടി
ചെണ്ടകൊട്ടും വിളംബരവും സിനിമാനോട്ടീസും ഇല്ലാതായി
പ്രേംനസീറും സത്യനും എംജിആറും കാലയവനികക്കുള്ളിൽ മറഞ്ഞു
''പൊയ്യാണ്
പൊയ്യാണ്
പൊയ്യാണ് ഒടപ്രന്നോരേ'' എന്നൊരു നിലവിളി
പാതിരാകളെ കീറിമുറിച്ചുകൊണ്ട്
ഇന്നും വീശിയടിച്ചുകൊണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.