ഒന്ന് നാല്ക്കവല. വാഹനങ്ങളുടെ തിരക്ക്. കടകളില്‍ ആളുകൂടുന്നു... കുറയുന്നു... കൂടുന്നു. തെക്കുഭാഗത്തുനിന്ന് ഷിബു സൈക്കിളോടിച്ചുവരുന്നു. അയാള്‍ ഇരുമ്പുകടയെ കടന്ന് ബസ് സ്റ്റാന്‍ഡിനു മുമ്പില്‍ സൈക്കിള്‍ നിര്‍ത്തുന്നു. രണ്ട്ബസ് സ്റ്റാന്‍ഡിനുള്ളിലേക്കു കയറുന്ന ഷിബുവിന്റെ വിദൂരഷോട്ട്. ബസ് സ്റ്റാന്‍ഡില്‍ നിറയെ ബസുകള്‍... ഇടയിലൂടെ ഷിബു. രണ്ട് മൂന്ന് ബസ് അനൗണ്‍സ്മെന്റുകള്‍. ചായ സ്നാക്സ് കപ്പലണ്ടി... വിൽപനക്കാരുടെ ശബ്ദം. ഷിബു,...
ഒന്ന്
നാല്ക്കവല.
വാഹനങ്ങളുടെ തിരക്ക്.
കടകളില്‍ ആളുകൂടുന്നു... കുറയുന്നു... കൂടുന്നു.
തെക്കുഭാഗത്തുനിന്ന് ഷിബു
സൈക്കിളോടിച്ചുവരുന്നു.
അയാള്‍ ഇരുമ്പുകടയെ കടന്ന്
ബസ് സ്റ്റാന്‍ഡിനു മുമ്പില്‍
സൈക്കിള്‍ നിര്‍ത്തുന്നു.
രണ്ട്
ബസ് സ്റ്റാന്‍ഡിനുള്ളിലേക്കു കയറുന്ന
ഷിബുവിന്റെ വിദൂരഷോട്ട്.
ബസ് സ്റ്റാന്‍ഡില്‍ നിറയെ ബസുകള്‍...
ഇടയിലൂടെ ഷിബു.
രണ്ട് മൂന്ന് ബസ് അനൗണ്‍സ്മെന്റുകള്‍.
ചായ സ്നാക്സ് കപ്പലണ്ടി...
വിൽപനക്കാരുടെ ശബ്ദം.
ഷിബു, സ്റ്റാന്‍ഡിനകത്തെ കസേരകളിലൊന്നില്‍
ഇരിപ്പുറപ്പിക്കുന്നു.
ഷിബുവിന്റെ സമീപ ഷോട്ട്.
ക്ലോസ് അപ്പ്.
മൂന്ന്
വന്നുപോകുന്ന ബസുകളെ നോക്കിയിരിക്കുന്ന ഷിബു.
ബസ് സ്റ്റേഷനകത്തേക്ക് പെട്ടെന്ന്
ഒരു കുതിരവണ്ടി വരുന്നു.
ആളുകളുടെ ഹാഹാരവം.
ഷിബു കുതിരവണ്ടിയിലേക്കു ചാടിക്കയറി, ചാട്ടയടിച്ച്
കുതിരയെ പായിക്കുന്നു.
അമ്പരന്നുനില്ക്കുന്ന ആളുകളുടെ
വിദൂരഷോട്ട്.
നാല്
യുദ്ധക്കളം.
പാഞ്ഞുവരുന്ന ഷിബുവിന്റെ
കുതിരവണ്ടി.
ഷിബു വില്ലുകുലച്ച് ആവനാഴിയില്‍നിന്ന്
അമ്പെടുത്ത് തൊടുക്കുന്നു.
അവറാന്, ജോസ്, പദ്മ, സ്മിത,
ഹൈേദ്രാസ്...
അമ്പേറ്റുവീഴുന്നു.
ഭീഷണങ്ങളായ അലര്‍ച്ചകള്‍,
കരച്ചിലുകള്‍,
ജഡങ്ങള്‍ നിറഞ്ഞ യുദ്ധക്കളത്തിന്റെ
ഹെലികോപ്ടര്‍ ഷോട്ട്.
വീരഷിബുവിന്റെ രൗദ്രനോട്ടം.
ക്ലോസ് അപ്പ്.
അഞ്ച്
സ്റ്റാന്‍ഡിനകത്തെ
അതേ കസേരയില്‍ ഷിബു.
ഇരുകൈകളുംകൊണ്ട്
തലയില്‍ ആഞ്ഞടിക്കുന്നു.
തലയിട്ടുരുട്ടുന്നു.
ആ ആ... ഷിബുവിന്റെ അലര്‍ച്ച.
ചുറ്റും പകച്ച് ആളുകള്‍.
ഷിബുവിന്റെ ആന്തരികസംഘര്‍ഷം.
നിമിഷാർധത്തില് ജീവന് പൊലിഞ്ഞ
അവറാൻ ജോസ് പദ്മ സ്മിത ഹൈദ്രോസ്
സൃഷ്ടിച്ച ശൂന്യത.
തൃശൂര്‍ ശക്തന്‍സ്റ്റാന്‍ഡിലെ
ബസ്സു വന്നുപോകുന്ന യാന്ത്രികത.
യുദ്ധം ജയിച്ച കുതിരയുടെ വിശപ്പ്.
ചായ സ്നാക്സ് കപ്പലണ്ടി ശബ്ദങ്ങളുടെ
ജീവിതസമരം.
ഇതിനിടെ ലോകത്തവിടിവിടെ
പൊഴിഞ്ഞുവീണ
പത്തുപൈനായിരം ഇലകള്‍.
ലോകം മുഴുവന്‍ പകര്‍ത്താന്‍
സാധിക്കാത്ത വ്യസനത്തില്‍
തന്റെ റെഡ് എപിക് ക്യാമറയുടെ
സാങ്കേതികതയുമായി സംവിധായകന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.