ദേശത്തുടയോൻ

വെയിലും മഴയും മഴവില്ലും വയൽ നിറഞ്ഞ് വന്ന നാൾ, കുറുക്കന്റെ കല്യാണനാൾ, കുറുക്കനും കുറുക്കിയും ഒരുങ്ങിക്കണ്ട നാൾ, ദേശത്തുടയോനായി ഞാൻ വാഴിക്കപ്പെട്ടു. അനുഭാവിവാക്കുകൾ ചാമരം വീശി. കൊട്ടും പാട്ടും തിരുവാതിരയുമെന്റെ മലിനാധ്യായങ്ങൾ ബ്രഹ്മപുരക്കൂമ്പാരത്തിൽ ശാസിച്ചാഴ്ത്തി. ​ധീരനോട്ടം സ്വർണച്ചില്ലിട്ട് ദേശത്തെ ഓഫീസുകളിലെല്ലാം തൂക്കി. എന്റെ ത്യാഗമിത്തുകൾ അതിനെന്നെയോഗ്യനാക്കുന്നു എന്നെനിക്കും തോന്നി. എനിക്ക് രഥവും സാരഥിയും മാളികയും സുഖാലവൻസുകളും ഭൃത്യരും അംഗരക്ഷക കവചങ്ങളും മൂന്നിരട്ടിയായി. അതേ വയലിലായിരുന്നുനീലിപ്പെണ്ണിനെ, ഞാനും കൂട്ടരും കാർന്ന് കാർന്ന് ബോധം കരിച്ചോളെ, ചാക്കും...

വെയിലും മഴയും മഴവില്ലും

വയൽ നിറഞ്ഞ് വന്ന നാൾ,

കുറുക്കന്റെ കല്യാണനാൾ,

കുറുക്കനും കുറുക്കിയും ഒരുങ്ങിക്കണ്ട നാൾ,

ദേശത്തുടയോനായി ഞാൻ

വാഴിക്കപ്പെട്ടു.

അനുഭാവിവാക്കുകൾ ചാമരം വീശി.

കൊട്ടും പാട്ടും തിരുവാതിരയുമെന്റെ

മലിനാധ്യായങ്ങൾ ബ്രഹ്മപുരക്കൂമ്പാരത്തിൽ

ശാസിച്ചാഴ്ത്തി.

​ധീരനോട്ടം സ്വർണച്ചില്ലിട്ട് ദേശത്തെ

ഓഫീസുകളിലെല്ലാം തൂക്കി.

എന്റെ ത്യാഗമിത്തുകൾ അതിനെന്നെ

യോഗ്യനാക്കുന്നു എന്നെനിക്കും തോന്നി.

എനിക്ക് രഥവും സാരഥിയും

മാളികയും സുഖാലവൻസുകളും ഭൃത്യരും

അംഗരക്ഷക കവചങ്ങളും മൂന്നിരട്ടിയായി.

അതേ വയലിലായിരുന്നു

നീലിപ്പെണ്ണിനെ, ഞാനും കൂട്ടരും

കാർന്ന് കാർന്ന് ബോധം കരിച്ചോളെ,

ചാക്കും വൈക്കോലും വയൽപ്പുല്ലുമിട്ട്

കാട്ടുകിളിയെപ്പോലെ കരച്ചിലോടെ ചുട്ടത്.

അന്നുമലയുന്നുണ്ടായിരുന്നു മേലേ മാനത്ത് നിന്ന്

പാടത്ത് കരിഞ്ഞ തൂവൽനാമ്പ് തേടിയൊരു

വാനമ്പാടിവാത്സല്യം.

നീറുന്നുണ്ടായിരുന്നു കിരീടം ചൂടുമ്പോഴും

ഞാനെന്ന ദേശത്തുടയോനിൽ

കത്തിത്തീരാത്തൊരു പച്ചവിറക്; കരിയും പുകയും പാപ നാളങ്ങളും.

ദേശത്തുടയോരുടെ കഥയിൽ

കാമക്രോധങ്ങളലങ്കാര പാപങ്ങൾ.

ദേശത്തുടയോരുടെ പതിവിൽ

ആ നീറ്റലേ പശ്ചാത്താപം;

ആ സുഖനോവേ പ്രായശ്ചിത്തം.

ഒപ്പു വെച്ചൊപ്പുവെച്ചൊപ്പുവെ-

ച്ചൊപ്പത്തിലാരുമില്ലാത്തവനായി ഞാൻ.

ഒപ്പ് വെച്ചു ഞാൻ ഇവിടെ അവിടെ

ഒത്ത് വരും സ്വത്തിനെവിടെയും.

സ്വത്താകുന്നു ശക്തി സത്യം സൗന്ദര്യവും.

മാടി മാടി വിളിക്കുമാ സ്വർഗം

സ്വന്തമാക്കാനല്ലെങ്കിലീ കിരീടമെന്ന

താക്കോലെനിക്കെന്തിനെന്ന്

രാപ്പകൽ സ്വത്തുകാമനായി ഞാൻ.

തുടങ്ങി കളവ് ഞാൻ; മുൻ ജാരൻ,

മുൻ ബലാൽക്കാര വീരൻ.

വിധിച്ചു ഞാൻ:

ധീരനെനിക്കും വീടർക്കും സ്വത്തുസുഖം;

ഭീരുകോടികൾക്ക് കാഴ്ചസുഖം.

പേടിയിൽ പടുത്ത സൗന്ദര്യം സമത്വം;

അത് ഞാൻ മെടഞ്ഞു.

പേടിയില്ലായ താന്തോന്നിത്തം;

അത് ഞാൻ തടഞ്ഞു.

ബി.ബി.സിയിലും അൽജസീറയിലും

വീടുകളായി ചിതറിനിൽക്കുന്ന പേടിക്കൂനകൾ

ആഴത്തിലൊരു പേടിക്കോട്ടയിലൊന്നിക്കുന്നത് കണ്ടു.

ഫാഷിസ്റ്റുവിരുദ്ധരൊന്നിക്കുന്നത്

പേടിയില്ലാക്കുതി കുതിക്കാനാണെന്ന് കണ്ടു.

കോടതിയിലെന്റെ വക്കീലിന്റെ പെരുമ്പറ

താളം മറന്ന് വിക്കി.

ചാനലുകളിൽ വെയിലും മഴയും

മഴവില്ലും വന്നു.

കുറുക്കന്റെ കല്യാണമോ,?

പുതിയ ദേശത്തുടയോനെ വാഴിക്കലോ?

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.