നിത്യസമാധാന യേശു

നിശ്ശബ്ദനായ

യേശുവെന്‍റെ

കാമുകനായതും

ഞാൻ വെന്തെഴുതാൻ തുടങ്ങി

എഴുത്തിന്‍റെ തടസ്സകാലത്തിന്

വിരാമമായെന്ന തോന്നലിൽ.

അവന്‍റെ നീണ്ട താടിയിൽ

പരമാവധി ഉമ്മകൾ ചൊരിഞ്ഞതും

ജറുസലേമിലെയല്ല

മുറ്റത്തെ പ്ലാമരച്ചില്ലകളില്‍

സ്വപ്നങ്ങള്‍ വലിച്ചുകെട്ടി

നീലപ്പടുതകളിൽ

പാര്‍ക്കാനും

പാതി ഓടുമേഞ്ഞ വീടിനുള്ളില്‍

ഒരു നക്ഷത്രത്തെ

സ്വന്തമാക്കിയ മട്ടില്‍

രാപ്പകലുകളെത്തന്നെ താളുകളാക്കാനും തുടങ്ങി

ശാന്തമായ ഒരു തടാകമായി

അവന്‍റെ കണ്ണുകൾ,

ആകാശത്തേക്ക് തുറന്ന കൈകൾ

രണ്ടു പക്ഷിലോകമായി

എന്‍റെ ക്രിസ്തുവേ

ഈ ഉഷ്ണദേശം

നീ ഏദൻ തോട്ടമാക്കാന്‍ ശ്രമിച്ചു.

ഗസലുകൾ പൊഴിയുന്ന രാവുകൾ

എനിക്കായി കരുതിവെച്ചു

മൂലേക്കുരിശിന്‍ വഴിയേ പോയപ്പോള്‍

അഞ്ചപ്പത്തിനുള്ള പച്ചരി വാങ്ങാനോര്‍ത്തു.

ഗലീലിക്കടലിൽ

ഞങ്ങൾ ചിറകുകോർത്ത

മീൻകുഞ്ഞുങ്ങളായി

എവിടെയും നിനക്കൊപ്പം ഞാൻ കൂടി

ഒരിക്കലെങ്കിലും

ചിരിച്ചുകാണാൻ കൊതിച്ചു

ദീർഘമൗനങ്ങളിൽ

മേഘമാലകൾ,

പെയ്ത മഴകളിലെല്ലാം

സാക്ഷിയാവാൻ മണ്ണിലെന്നോ സൂക്ഷിച്ച

നിന്‍റെ വിത്തുകൾ

ഏകാന്തത മുറിഞ്ഞ്

വിരിഞ്ഞതറിഞ്ഞു

ചേനയ്ക്കും ചേമ്പിനും

കപ്പയ്ക്കും മണ്ണിട്ട

വൈകുന്നേരങ്ങളിൽ

വിയർത്ത താരമായ നീ

നാല്‍പ്പതുകള്‍ക്കു ശേഷം

അണിയുന്ന കറുത്ത ഉടുപ്പുകള്‍

ക്രിസ്തുവെന്ന് കാവ്യപ്പെടുത്താന്‍

പര്യാപ്തം.

എന്നിലെ അടഞ്ഞ ഉറവകൾ

നീ തന്നെ കണ്ടെടുത്തു

എന്തതിശയമേ നിന്‍റെ സ്നേഹം എന്ന്

നിന്നെ നോക്കിയിരിക്കേ

എപ്പഴോ ഒക്കെ

എന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു

തല ചെരിച്ചുള്ള ആ കിടപ്പിൽ

യേശുവെന്ന് വീണ്ടും വീണ്ടും

ഉറപ്പിക്കേ

നിന്‍റെ ശ്വാസമേറ്റ്

വാക്കിൻപറ്റങ്ങളുടെ

ചുള്ളിക്കമ്പുകൾ അടുക്കുന്നു.

കാലിക്കുറ്റി നോക്കി

നെടുവീർപ്പിടുന്നു

വരാൻ വൈകുന്ന

ഗ്യാസ് വണ്ടിയുടെ

ഒച്ചയ്ക്ക് കാതോർക്കുന്നു

മങ്ങിപ്പോകാവുന്ന

ഓരോ ഓർമയും

വെയിലത്ത് വെച്ച്

ഉണക്കിസൂക്ഷിക്കുന്നു

പുകച്ചായങ്ങളേയും

മൺചട്ടികളേയും

ഇന്നും ഇഷ്ടപ്പെടുന്നു

അത്താഴത്തിന്

ഉരുളക്കിഴങ്ങ് ഉലർത്തുകറി

തൊട്ടുകൂട്ടാൻ വടുകപ്പുളിയച്ചാറും

സരോജച്ചേച്ചി തലച്ചുമടായി കൊണ്ടുവന്ന

കൊഴുവ പീരക്കറിയാക്കിയതും

ഇഷ്ടവിഭവങ്ങൾ.

വീടിന് ചുറ്റും

ആട്ടിയകറ്റപ്പെട്ട

തെരുവുപട്ടികൾ

അവർക്ക് നീ

എന്നത്തേയുംപോലെ

മീൻചാറ് കരുതുന്നു

തെരുവുപട്ടി, തെരുവുമനുഷ്യര്‍ എന്നൊന്നുമില്ലെന്ന

നിന്‍റെ സുവിശേഷത്തിന്‍

എന്‍റെ അവിശ്വാസങ്ങള്‍ അഴിഞ്ഞുവീഴുന്നു

നനവുള്ള കൂരകള്‍ക്കും

കണ്ണുകള്‍ക്കും കാവല്‍ നില്‍ക്കാറുള്ള

നിന്‍റെ ഉപമകളില്‍നിന്ന്

ലക്ഷംവീടുകള്‍ ഫ്ലാറ്റുകളെന്ന്

മൊഴിമാറുന്നതറിയുന്നു.

കാക്കകള്‍ക്ക് ചോറ് വിതറുന്ന കുട്ടിയുടെ

മാതാവായതായി ഞാന്‍ സ്വപ്നം കണ്ടു.

ഉയിർപ്പ് എന്നത്

ഉദയമായ് കണ്ട്

മേരീ എന്ന വിളി കേൾക്കാൻ

ഞാനിതാ സമയസൂചികളിൽനിന്നകന്ന്

ഇഷ്ടമുള്ളപ്പോള്‍ ഉണരുന്നു,

അടുക്കളപാത്രങ്ങളില്‍ നിന്‍റെ

താളമിടലുകള്‍ കേള്‍ക്കുന്നു,

ദുസ്സ്വപ്നങ്ങള്‍ ഓര്‍മയാവുന്നു.

നിന്‍റെ തടിച്ച ചുണ്ടുകൾ

ഇന്ത്യൻ മണ്ണിൽ തൊട്ട്

ഓരോ ജീവനിലും ശുശ്രൂഷ

ചെയ്തതായ ഒരു തെളിവ് ഇവിടെ ശേഷിക്കുന്നു,

സ്പർശസുവിശേഷങ്ങളും.

നാളുകൾ കഴിയേ

ഓരോരുത്തരും

വാഴ്ത്തപ്പെടുമായിരിക്കും

ഇടവകകൾ

അവസാനിക്കും

എല്ലാവരും വിശുദ്ധരാകുമ്പോൾ

പള്ളിമേടകൾ

ഉദ്യാനങ്ങളാകുന്ന കാലം വരുമായിരിക്കും.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.