ധ്യാനത്തിന് പോകുമ്പോൾ സന്യാസി പൂച്ചയെയും കൊണ്ടാണ് പോയത് ഇതൊരു ശല്യമാവില്ലേആളുകൾ വഴിനീളെ ചോദിച്ചു അവരോട് പൂച്ച പറഞ്ഞുവിജയനും* മാർക്ക് ട്വൈനും മുറാകാമിക്കുമൊപ്പം** ജീവിച്ചിട്ടുണ്ട് അത്ര മൗനികളല്ല സന്യാസിമാർ മലമുകളിൽ കാടിൻനടുവിലായിരുന്നു ധ്യാനഗൃഹം തണുപ്പും ഏകാന്തതയും ചൂഴ്ന്ന സായാഹ്നം സന്യാസി ധ്യാനം തുടങ്ങിമൗനത്തിന്റെ തടവിൽ പൂച്ച കരഞ്ഞു ‘മ്യാവൂ’ എന്തുവേണം?സന്യാസി കണ്ണുതുറന്നു വിശക്കുന്നു –പൂച്ച പറഞ്ഞു കരുതിവച്ച പാൽപൂച്ചയ്ക്ക്...
ധ്യാനത്തിന് പോകുമ്പോൾ
സന്യാസി പൂച്ചയെയും
കൊണ്ടാണ് പോയത്
ഇതൊരു ശല്യമാവില്ലേ
ആളുകൾ വഴിനീളെ ചോദിച്ചു
അവരോട് പൂച്ച പറഞ്ഞു
വിജയനും* മാർക്ക് ട്വൈനും
മുറാകാമിക്കുമൊപ്പം** ജീവിച്ചിട്ടുണ്ട്
അത്ര മൗനികളല്ല സന്യാസിമാർ
മലമുകളിൽ കാടിൻ
നടുവിലായിരുന്നു ധ്യാനഗൃഹം
തണുപ്പും ഏകാന്തതയും
ചൂഴ്ന്ന സായാഹ്നം
സന്യാസി ധ്യാനം തുടങ്ങി
മൗനത്തിന്റെ തടവിൽ
പൂച്ച കരഞ്ഞു ‘മ്യാവൂ’
എന്തുവേണം?
സന്യാസി കണ്ണുതുറന്നു
വിശക്കുന്നു –പൂച്ച പറഞ്ഞു
കരുതിവച്ച പാൽ
പൂച്ചയ്ക്ക് കൊടുത്ത്
സന്യാസി ധ്യാനത്തിലമർന്നു
ഓർത്തോർത്ത് പൂച്ച
പിന്നെയും കരഞ്ഞു
ഇനിയെന്താ – സന്യാസി
അക്ഷമനായി
കാമനകളുണരുന്നു
കാമുകിയെ കാണണം
പൂച്ച ചിരിച്ചു
ഇത് ധ്യാനത്തിന്റെ സമയമാണ്
മലയിറങ്ങുമ്പോൾ കാണാം – സന്യാസി
ധ്യാനിച്ചാൽ എന്തുകിട്ടും?
പൂച്ച ജിജ്ഞാസുവായി
മോക്ഷം, പുണ്യം
സന്യാസി പറഞ്ഞു
ഭക്ഷിച്ചാലും ഇണചേർന്നാലും
കിട്ടുന്നുണ്ടല്ലോ അത്
പൂച്ച ചോദ്യമെറിഞ്ഞു
അറിയില്ലെനിക്ക്
അലൗകികനാണ് ഞാൻ
സന്യാസി പറഞ്ഞു
പൂച്ച പിന്നെയും കരഞ്ഞു
സന്യാസി ക്ഷുഭിതനായി
ഒരഭ്യാസിയുടെ
മെയ് വഴക്കത്തോടെ
അയാളതിനെ
മരപ്പൊക്കത്തിലേക്കെറിഞ്ഞു
നിമിഷങ്ങൾക്കകം
നാലുകാലിൽ വീണ്
അത് സന്യാസിയോട്
ചേർന്നു നിന്നു
തണുപ്പു കൂടിക്കൂടി വന്നു
സന്യാസി പൂച്ചയെ
ചേർത്തു പിടിച്ചു
മലയിറങ്ങുമ്പോൾ
പൂച്ച സന്യാസിയെയും
കൊണ്ടാണ് പോയത്
ആളുകൾ ചോദിച്ചു
ഇയാളൊരു ശല്യമാവില്ലേ..!
=======
*ഒ.വി. വിജയൻ
** ഹരുകി മുറാകാമി (ജാപ്പനീസ് എഴുത്തുകാരൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.