അവർ
ബൈക്കിൽപോകുകയാണ്
ഇളങ്കാറ്റ് വിശുന്നു,
വഴിനീളെ പാലപ്പൂമണം.
ലോഡ്ജുകളൊന്നുമില്ലാത്ത
മലമ്പ്രദേശം.
കോടമഞ്ഞ് താണിറങ്ങുന്നു.
അവരിരുവർക്കും ഉടൽ
പൂത്തുവാസനിക്കുന്നതായി തോന്നി.
കണിക്കൊന്ന പൂത്തുവിടർന്ന
വീടിനു മുന്നിൽ വണ്ടി നിറുത്തി.
കോളിങ് ബെല്ലമർത്തി.
വാതിൽ തുറന്നു,
മധ്യവയസ്കൻ
പുറത്തുവന്നു. പയ്യൻ ആവശ്യം
അറിയിച്ചു. വാതിൽ ടപ്പേന്നടഞ്ഞു.
വീണ്ടും ബൈക്കെടുത്തു
കുറേ ദൂരം പോയപ്പോൾ
ബോഗൻവില്ല പൂത്തുവാരി
കിടക്കുന്ന
വീട്, പ്രതീക്ഷ കൈവിടാതെ
അവിടെക്കേറി
മുത്തച്ഛനും മുത്തശ്ശിയും
മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആവശ്യം പറഞ്ഞതും
മുത്തച്ഛൻ അടിക്കാനോങ്ങി.
രാത്രിയാവാറായി, ഇലകളിൽ
നിലാവു വീണു തുടങ്ങി.
അടുത്തെങ്ങും വീടുണ്ടായിരുന്നില്ല.
പെൺകുട്ടി പറഞ്ഞു
വിജനമാണ് വഴി
ഇവിടെയായാലോ,
പയ്യൻ പറഞ്ഞു.
വിജനതയിൽ അപകടം പതിയിരിക്കും.
റോഡിന്റെ സൈഡിൽ
വീടെന്ന് തോന്നുന്ന വീടിനു
മുന്നിൽ ബൈക്ക് നിന്നു.
ഇക്കുറി പെൺകുട്ടി ആവശ്യം പറഞ്ഞു.
വീട്ടുകാർ പെട്ടെന്ന് തന്നെ
കിടക്ക ശരിയാക്കി
കറങ്ങാൻ മടിക്കുന്ന ഫാനിനെ
തട്ടിത്തട്ടി കറക്കി,
ലൈറ്റണിച്ച് കതക് ചാരി
പുറത്ത് നിന്നു.
രണ്ടു പേരുടെയും ഉടൽ
പൂത്തു വാസന ചുറ്റും പരന്നു.
ചെടികളിൽ നിറം മാറിയിരുന്ന
രണ്ട് ഓന്തുകൾ
ആദിയുഗത്തിൽ
പോയി ഇണചേർന്നു.
ഉടൽലീല കഴിഞ്ഞ് അവർ
നോക്കുമ്പോൾ
അങ്ങനെയൊരു വീടോ
ആളുകളോ
അവിടെയെങ്ങും
ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.