തറവാട്

ചന്ദ്രക്കലയു,മിണങ്ങി സന്ധിചേർന്നീടുറപ്പേറ്റും ദീർഘസ്വരവും പകുത്തു മാറ്റിയ വണ്ണമാ വാക്ക്, വാക്കതിലേറി ധ്വനിക്കാ- നാഗ്രഹി,ച്ചാകാതുഴന്ന് മാഴ്കുന്നൊരാ തറവാട് ഭാഗമായ്ക്കിട്ടിയോരന്നേ തീർത്തുമൊരർഥരാഹിത്യം രാപ്പകലെന്നെച്ചുഴന്നൂ... കാഴ്ചയിൽ വാക്കിന്റെ മട്ട്,വായിച്ചാലില്ലൊട്ടൊഴുക്ക്, പൂർണമല്ലാശയച്ചേർപ്പ്, ചോർന്നൊലിച്ചൂർന്നുപോമേതോ ഓർമപോലുൾപ്പൊരുൾപ്പേച്ച്. അത്രമേൽ ശ്രദ്ധയോ,ടേറെദീർഘദൃക്കുള്ളവർ പണ്ട് ശിൽപപ്പെടുത്തിയ വാക്കി- ന്നവ്യക്ത,മാശയക്ലിഷ്ടം. മുന്നേപ്പോ,ലാ ലിപിച്ചേർപ്പ്കൃത്യമായ് മുദ്രിതമാകാ- തൊക്കില്ലെന്നായീ മനസ്സ്. കാരണോരൊക്കെയുറക്കിൽ കാരണഭൂതരെന്നായി..! * *...

ചന്ദ്രക്കലയു,മിണങ്ങി

സന്ധിചേർന്നീടുറപ്പേറ്റും

ദീർഘസ്വരവും പകുത്തു

മാറ്റിയ വണ്ണമാ വാക്ക്,

വാക്കതിലേറി ധ്വനിക്കാ-

നാഗ്രഹി,ച്ചാകാതുഴന്ന്

മാഴ്കുന്നൊരാ തറവാട്

ഭാഗമായ്ക്കിട്ടിയോരന്നേ

തീർത്തുമൊരർഥരാഹിത്യം

രാപ്പകലെന്നെച്ചുഴന്നൂ...

കാഴ്ചയിൽ വാക്കിന്റെ മട്ട്,

വായിച്ചാലില്ലൊട്ടൊഴുക്ക്,

പൂർണമല്ലാശയച്ചേർപ്പ്,

ചോർന്നൊലിച്ചൂർന്നുപോമേതോ

ഓർമപോലുൾപ്പൊരുൾപ്പേച്ച്.

അത്രമേൽ ശ്രദ്ധയോ,ടേറെ

ദീർഘദൃക്കുള്ളവർ പണ്ട്

ശിൽപപ്പെടുത്തിയ വാക്കി-

ന്നവ്യക്ത,മാശയക്ലിഷ്ടം.

മുന്നേപ്പോ,ലാ ലിപിച്ചേർപ്പ്

കൃത്യമായ് മുദ്രിതമാകാ-

തൊക്കില്ലെന്നായീ മനസ്സ്.

കാരണോരൊക്കെയുറക്കിൽ

കാരണഭൂതരെന്നായി..!

* * *

പേരും പെരുമയുമുള്ളോർ,

നേരും നെറിയുമിയന്നോർ,

വാക്യങ്ങളേറ്റിയിണക്കും

വാഴ്ത്തുകളുള്ളവരൊക്കെ

കേട്ടറിഞ്ഞെത്തി,വിദഗ്ധം

വാക്കിൽ പണിതു...പിഴച്ചു!

മീത്തലിണങ്ങുവതെങ്ങ്..?

ദീർഘസ്വരത്തിന്നുറപ്പ്

തീർത്തുമിഴുകുവതെങ്ങ്..?

ഹൃദ്യതയോലും പൊരുളാ-

ലുച്ചരിക്കും പാകമെങ്ങ്..?

ചന്ദ്രത്തെളിവിലാ ദീർഘ-

ച്ചന്തമുണർത്തുവതെന്ത്..!?

വാക്കു വികലമാ,യോരോ

നോക്കിലുമോരോമട്ടായി.

ഭാവവും രൂപവും മാറി

നാവിൽ വഴങ്ങാഞ്ഞതായി.

നാനാവിധത്തിലർഥങ്ങൾ

മാറും പ്രകാരത്തിലായി.

സ്ഥാനം പിഴച്ച ലിപിക,-

ളാസ്ഥാനമേതെന്നുഴറി..!

ഞാനുമാ വാക്കും തനിച്ചായ്.

മൂകതമാത്രം നിറച്ചായ്.

കാരണോരൊക്കെയുണർന്ന്

ദാരുണമാർന്ന നിലയായ്.

ചിഹ്നമഴിഞ്ഞ ലിപികൾ,

ഭിന്നമാമർഥ,മനർഥ-

ശബ്ദങ്ങ,ളൊക്കെയുമെന്റെ

ചുറ്റുവട്ടത്തായ് നിരന്നു.

ബന്ധനക്കണ്ണിയായ്ച്ചേർന്നു.

മറ്റൊരുഭാവമിയന്നാ

രുദ്ധകവാടം തുറന്നു.

ഞാനതിലാപ്പെട്ടുലഞ്ഞു..!

* * *

മാർഗങ്ങളെല്ലാം വിലങ്ങു-

തീർത്തതു നൂരാനാശിച്ച്

ശിഷ്ട ലിപികളിൽനിന്നു-

മക്ഷരമോരോന്നെടുത്ത്

ചിട്ടപ്പെടുത്തി വായിക്കേ,

കൃത്യം, ‘തടവറ’യെന്നോ-

രർഥമിണങ്ങും പദത്തി-

ലക്ഷരമോരോന്നു ചേർന്ന-

തക്ഷണം കണ്ടു മിഴിച്ചു..!

വാതിൽപ്പുറമേയിരുട്ടി-

ലാകെനരച്ചവ,രേറ്റ-

മക്ഷമ,രാകെ കോപിഷ്ഠർ..!

കാരിരുമ്പാണിപ്പഴുതിൽ

ചാരിനിന്നെന്നെത്തുറിക്കെ

തൽക്ഷണമാവാക്കുണരു-

മൊച്ച മുഴങ്ങിപ്പടർന്നു..!

ഒച്ചയിലെന്തോ കിലുങ്ങി

രുദ്ധകവാടമനങ്ങി;

ഭദ്രമായ് വാതിൽ പുറമേ

പൂട്ടിയാ താക്കോൽ കിലുക്കി

സൂര്യന്നഭിമുഖമായി

ദൂരേക്കകലും പഴഞ്ചൻ

രൂപങ്ങളായവർ മാറി..!

ചായുമവർതൻ നിഴലി-

ന്നാകൃതി ദീർഘിച്ചെഴുന്നു.

അഗ്രത്തിലായർധചന്ദ്ര-

നപ്പോളുദിച്ചങ്ങുയര്‍ന്നു.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.