തിരഞൊറിഞ്ഞു വരുന്ന വെളിച്ചം. പതഞ്ഞുപോവുന്ന കാഴ്ച... വെട്ടം കിനിയുന്നജാലകപ്പടിമേൽ കുറുകുന്നു ഒരു മഞ്ഞക്കിളി... അതിന്റെ കൊക്കിലൊരു കറുത്ത പുള്ളി... കെട്ടുപിണഞ്ഞ- നേകമോർമകൾ കുഴഞ്ഞു കിടക്കുന്നുണ്ടതിൽ... അതു കണ്ടപ്പോൾഎന്റെ മുഖത്ത് നീ മാത്രം കാണുന്ന കാക്കപ്പുള്ളിയെക്കുറിച്ച് ഞാനോർത്തു... തിളച്ച എണ്ണയിൽ വറുത്തെടുത്ത...
തിരഞൊറിഞ്ഞു
വരുന്ന വെളിച്ചം.
പതഞ്ഞുപോവുന്ന കാഴ്ച...
വെട്ടം കിനിയുന്ന
ജാലകപ്പടിമേൽ
കുറുകുന്നു ഒരു മഞ്ഞക്കിളി...
അതിന്റെ കൊക്കിലൊരു
കറുത്ത പുള്ളി...
കെട്ടുപിണഞ്ഞ-
നേകമോർമകൾ
കുഴഞ്ഞു കിടക്കുന്നുണ്ടതിൽ...
അതു കണ്ടപ്പോൾ
എന്റെ മുഖത്ത്
നീ മാത്രം കാണുന്ന
കാക്കപ്പുള്ളിയെക്കുറിച്ച്
ഞാനോർത്തു...
തിളച്ച എണ്ണയിൽ
വറുത്തെടുത്ത ജീവിതം
സമ്മാനിച്ചതാണതെന്ന്
അവനറിയില്ല...
അരയ്ക്കു ചുറ്റിപ്പിടിച്ച്
‘‘എന്റെ ഭ്രാന്തിപ്പെണ്ണെ’’ന്ന്
ലാളിക്കുമ്പോൾ
ഉള്ളിൽ ഗോവണിയിറങ്ങി വരും
ഇരുമ്പാണിയിൽ തറച്ച
മറ്റൊരുവൾ...
ഇറുക്കിപ്പിടിച്ചുകൊണ്ട്
അടിവയറ്റിൽ ഉമ്മ
വക്കുമ്പോൾ
പിറക്കാത്തവൾ
നീലഞരമ്പിൽ പുളയുന്നു...
അവളും ഞാനും നീയും
ഒരേ വാക്കിന്റെ
മൂർച്ചയിലാണ് മരിച്ചുവീഴുന്നത്...
വീണ്ടും പിറക്കാതിരിക്കാൻ
ആഗ്രഹിക്കുന്നത്...
ബാങ്കുലോണിന്റെ ചീട്ടിലെ
കറുത്ത പക്ഷികൾ
രാത്രികളിൽ വന്നു
കുത്തി നോവിക്കുമ്പോൾ
പിറക്കാതെപോയവളെക്കുറിച്ച്
ഞാനോർക്കും...
പുഴുക്കുത്തു വീണ
കണ്ണാടി എന്നെ
നോക്കി പല്ലിളിക്കുമ്പോൾ,
മൂർച്ചിച്ച മുഖക്കുരു നോവുമ്പോൾ,
പാൽക്കട്ടി കൂടിയ നെഞ്ചകം
വിങ്ങുമ്പോൾ
ഉള്ളിലെ അമ്മയെ
ഞാൻ ഞെക്കിക്കൊല്ലും.
പൊട്ടിപ്പോയ പാവക്കുട്ടിയും
അവളും ഒന്നായിത്തീരാതിരിക്കാൻ,
അവൾ പിറക്കാതെയിരിക്കട്ടെ
എന്നു ശപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.