സക്കറിയാ, ഒരേ ഭാഷക്കകത്ത് നാമെങ്ങനെയാണ് മറ്റൊരു ഭാഷയായത്. നീ പോയതോടെ അത് പ്രേതഭാഷയായി. മരിച്ചിട്ടില്ല, പക്ഷേ വാക്കുകളൊക്കെ ഏതോ മൃതഭൂമിയിൽനിന്ന് വരുംപോലെ. നീ എന്നോടു ക്ഷമിക്കണം. എല്ലാറ്റിനേയും കാൽപനികമാക്കുകയാണ് ഞാൻ. അതെനിക്ക് മനസ്സിലാവുന്നുമുണ്ട്. ആ കശുമാവിൻ പറമ്പിലെ പാറപ്പുറത്തിരുന്ന് നീ ഒളിപ്പോരിനെക്കുറിച്ചു സംസാരിച്ചു. കട്ടിച്ചില്ലുകൾക്കു പിന്നിൽ നിന്റെ കണ്ണുകൾ വെട്ടിത്തിളങ്ങി. ഒരുനിമിഷം നീ ക്രിസ്തുവിനെ ഓർമിപ്പിച്ചു. ഞാൻ നിന്നോടൊരിക്കൽ ചോദിച്ചു: ക്രിസ്തു പറഞ്ഞ വാക്യത്തിന്നർഥം എനിക്കും നിനക്കും തമ്മിലെന്ത്. നീ മറുപടി പറഞ്ഞില്ല. ഒളിനോട്ടച്ചിരിയോടെ നീയതാവർത്തിക്കുക...
സക്കറിയാ,
ഒരേ ഭാഷക്കകത്ത് നാമെങ്ങനെയാണ്
മറ്റൊരു ഭാഷയായത്.
നീ പോയതോടെ അത് പ്രേതഭാഷയായി.
മരിച്ചിട്ടില്ല, പക്ഷേ വാക്കുകളൊക്കെ
ഏതോ മൃതഭൂമിയിൽനിന്ന് വരുംപോലെ.
നീ എന്നോടു ക്ഷമിക്കണം.
എല്ലാറ്റിനേയും കാൽപനികമാക്കുകയാണ് ഞാൻ.
അതെനിക്ക് മനസ്സിലാവുന്നുമുണ്ട്.
ആ കശുമാവിൻ പറമ്പിലെ പാറപ്പുറത്തിരുന്ന് നീ
ഒളിപ്പോരിനെക്കുറിച്ചു സംസാരിച്ചു.
കട്ടിച്ചില്ലുകൾക്കു പിന്നിൽ നിന്റെ
കണ്ണുകൾ വെട്ടിത്തിളങ്ങി.
ഒരുനിമിഷം നീ ക്രിസ്തുവിനെ ഓർമിപ്പിച്ചു.
ഞാൻ നിന്നോടൊരിക്കൽ ചോദിച്ചു:
ക്രിസ്തു പറഞ്ഞ വാക്യത്തിന്നർഥം
എനിക്കും നിനക്കും തമ്മിലെന്ത്.
നീ മറുപടി പറഞ്ഞില്ല.
ഒളിനോട്ടച്ചിരിയോടെ നീയതാവർത്തിക്കുക
മാത്രം ചെയ്തു.
എനിക്കും നിനക്കും തമ്മിലെന്ത്?
ഫീസടക്കാൻ പാകമില്ലാതിരുന്നപ്പോൾ
എനിക്ക് നീ കാശു തന്നു.
വിശന്നപ്പോൾ ഭക്ഷണവും.
കടലിലേക്ക് കുതിക്കാനൊരുങ്ങിയ നിന്നെ
ഞാനൊരിക്കൽ
കരയിലേക്ക് പിടിച്ചുകയറ്റി.
ഏതോ ലഹരിയിലോ, ദുരിതങ്ങൾക്കു മാത്രം
നൽകാനാവുന്ന ഉന്മാദത്താലോ
നീ ചിരിച്ചു.
നീ മരിച്ചിട്ട് കുറേ നാളായിരിക്കുന്നു.
തെരുവിൽ ഇന്ന് ഞാൻ ക്രിസ്തുവിനെ കണ്ടു.
മതിലിൽ എഴുതിയ തിരുവാക്യങ്ങൾ
വായിക്കുകയായിരുന്നു അയാൾ.
കീറിപ്പറിഞ്ഞ വസ്ത്രങ്ങളിൽ ആയിരുന്നു.
സക്കറിയാ...
ഞാൻ വിളിച്ചു.
അയാൾ തിരിഞ്ഞുനോക്കി.
എനിക്കും നിനക്കും തമ്മിൽ എന്ത് എന്ന്
ഞാൻ ആ കണ്ണുകളിൽ വായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.