വെട്ടിയൊരുക്കിക്കിടത്തി, ചാരെ തീയിട്ടു വഴക്കി, കുറ്റിയടിച്ചിറക്കി വളവുനീർത്തി ഒരുക്കിയെടുക്കുന്ന നീളമുള്ള മുളയേണികളിൽ വലിഞ്ഞുകയറുന്നു ഇളംസൂര്യകിരണങ്ങൾ. കടുംമുള്ളുകൾക്കിടയിലൂടുള്ളപ്രയാണത്തിന്റെ ലക്ഷ്യമെന്തെന്ന് സന്ധ്യപോലെ തുടുത്ത കുരുമുളകുമണികൾ പറയുന്നു വാ പൊളിച്ചുനിൽക്കുംതോണ്ടി*യിലേക്കൊരുമണി പൊഴിയാതെ പറിച്ചുനിറക്കുന്നു തൂങ്ങിയാടുമെരിവിന്റെ കോത്തലുകൾ** കനലടുപ്പിലെ നങ്കുമണംവെന്തുപിളർന്ന കാന്താരിപ്പടപ്പനെ ആഞ്ഞാഞ്ഞു പുൽകുമ്പോൾ ഒരു തോണ്ടി നിറയെ വിശപ്പ് ഏണിയിറങ്ങിവരുന്നു. മുളയേണികളിൽ...
വെട്ടിയൊരുക്കിക്കിടത്തി,
ചാരെ തീയിട്ടു വഴക്കി,
കുറ്റിയടിച്ചിറക്കി വളവുനീർത്തി
ഒരുക്കിയെടുക്കുന്ന
നീളമുള്ള മുളയേണികളിൽ
വലിഞ്ഞുകയറുന്നു
ഇളംസൂര്യകിരണങ്ങൾ.
കടുംമുള്ളുകൾക്കിടയിലൂടുള്ള
പ്രയാണത്തിന്റെ ലക്ഷ്യമെന്തെന്ന്
സന്ധ്യപോലെ തുടുത്ത
കുരുമുളകുമണികൾ പറയുന്നു
വാ പൊളിച്ചുനിൽക്കും
തോണ്ടി*യിലേക്കൊരുമണി
പൊഴിയാതെ പറിച്ചുനിറക്കുന്നു
തൂങ്ങിയാടുമെരിവിന്റെ കോത്തലുകൾ**
കനലടുപ്പിലെ നങ്കുമണം
വെന്തുപിളർന്ന കാന്താരിപ്പടപ്പനെ
ആഞ്ഞാഞ്ഞു പുൽകുമ്പോൾ
ഒരു തോണ്ടി നിറയെ വിശപ്പ്
ഏണിയിറങ്ങിവരുന്നു.
മുളയേണികളിൽ ചവിട്ടിനിൽക്കുന്ന
നട്ടുച്ചയുടെയേകാന്തത,
ചിരിതൂകുമുണ്ണീശോപ്പൂക്കളിലും
കിളിക്കൂട്ടിലെ കുഞ്ഞനക്കങ്ങളിലും
കണ്ണുടക്കി നിൽക്കുന്നു.
മലനാടുമുടിപ്പിക്കുവാനെത്തുന്ന
മകരത്തിലെപ്പെരുമഴയിൽ
കണ്ണുവീണ്, പൊങ്ങുവീർത്ത്
കെട്ടുപോകരുതെന്നൊരു പ്രാർഥന
അടപ്പുതള്ളിത്തുറന്നെത്തുന്ന
തിളക്കലിനൊപ്പം
അടുക്കളയിൽനിന്നുയരുന്നു.
നിറഞ്ഞ തോണ്ടിച്ചാക്കുമായ്
കടുംകാപ്പി കുടിക്കാനിറങ്ങുമ്പോൾ,
കാപ്പിയിൽ തൂക്കിയിട്ട റേഡിയോയിൽ
‘അതാ പന്തുമായ് കുതിക്കുന്നു
കുരികേശെ’***ന്നു കമന്ററി മുഴങ്ങുന്നു.
ചവിട്ടിമെതിച്ചു മാറ്റിയിട്ട
കുരുമുളകു ചരടുകളിൽ
ഒളിച്ചിരിക്കുന്നവയ്ക്കായ്
പരതുന്നു കുഞ്ഞുവിരലുകൾ.
ഒക്കെയും കഴിഞ്ഞു
പാതിരായടുക്കുമ്പോൾ
പച്ചപ്ലാവിലക്കുമ്പിൾകൂട്ടി
കോരിക്കുടിക്കുന്ന കഞ്ഞിക്ക്
കടിച്ചുകൂട്ടാനെന്നപോലെ
അമ്പിളിക്കല തെളിഞ്ഞുനിൽക്കുന്നു.
മുറത്തിലിട്ടു കൊഴിച്ചെടുത്ത്,
ചീരുമാറ്റി, ചൊള്ളുമാറ്റി,
പരമ്പിലേക്ക് നിരത്തിയിടുന്നു,
ഒരു വർഷത്തിന്റെ സ്വപ്നങ്ങൾ.
പൊടിപിടിച്ച വഴികളിൽ
വിരിച്ചിടുന്നു ചരടുകൾ****
നൂറുമേനി വിളയുവാൻ നാളെയും.
സന്ധ്യപോലെ ചുവന്നു തുടുത്തവൻ
രാത്രിപോലെ കറുത്തുണങ്ങുമ്പോൾ
ചണച്ചാക്കുകളിൽ നിറച്ചുവക്കുന്നു.
ഓരോ എരിവുഗോളങ്ങളിലും
എഴുതിവെച്ചിട്ടുണ്ടൊരു വീടിന്റെ
എണ്ണിയാൽത്തീരാത്തയാവശ്യങ്ങൾ
ചെന്നുചേരേണ്ട രാജ്യത്തിന്റെ പേരും.
======
* കുരുമുളക് പറിക്കുവാൻ പ്രത്യേകം തയാറാക്കുന്ന ചാക്ക്
** കുരുമുളകുമണികൾ വിളയുന്ന ചരട്
*** ഫുട്ബാൾ കളിക്കാരൻ കുരികേശ് മാത്യു
**** മുളകു മെതികഴിഞ്ഞ് ചരട് വഴിയിൽ വിരിച്ചിട്ട് അതിൽ ചവിട്ടി നടന്നാൽ അടുത്ത വർഷം കൂടുതൽ വിളവ് ഉണ്ടാകുമെന്ന് വിശ്വാസം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.