വെളുപ്പാന്‍ കാലത്ത് പ്രതീക്ഷകളെ പെറ്റുകൂട്ടുന്ന ചൂളംവിളിയാണ് അകന്നുപോകുന്ന തീവണ്ടിക്ക് ചോറും തോരനും മീന്‍വറുത്തതും ചമ്മന്തിയും ബാഗിനുള്ളില്‍ ഓരോരോ കവിതകളാകും ബാല്യത്തിലൊരിക്കല്‍ കണ്ട മെറൂണ്‍ നിക്കറിന്‍റെയും ചന്ദനക്കളറുടുപ്പിന്‍റെയും കളങ്കമില്ലാക്കളറാണ് കമ്പാര്‍ട്ടുമെന്‍റുകള്‍ക്ക് പത്താം ക്ലാസിന്‍റെ തലപുകയും പുസ്തകത്താളുകളാകെ പകല്‍ക്കിനാത്തുമ്പികള്‍ പാറുന്നതിന്‍റെ മൂളക്കമായിരുന്നു വെയിലേറടിക്കുന്ന തീവണ്ടിച്ചില്ലുകളില്‍ അവളുടെ നിറമിഴികളും വെളുപ്പില്‍ കറുത്ത...
വെളുപ്പാന്‍ കാലത്ത്
പ്രതീക്ഷകളെ പെറ്റുകൂട്ടുന്ന
ചൂളംവിളിയാണ്
അകന്നുപോകുന്ന
തീവണ്ടിക്ക്
ചോറും തോരനും
മീന്‍വറുത്തതും
ചമ്മന്തിയും
ബാഗിനുള്ളില്‍
ഓരോരോ കവിതകളാകും
ബാല്യത്തിലൊരിക്കല്‍
കണ്ട മെറൂണ്‍ നിക്കറിന്‍റെയും
ചന്ദനക്കളറുടുപ്പിന്‍റെയും
കളങ്കമില്ലാക്കളറാണ്
കമ്പാര്‍ട്ടുമെന്‍റുകള്‍ക്ക്
പത്താം ക്ലാസിന്‍റെ
തലപുകയും
പുസ്തകത്താളുകളാകെ
പകല്‍ക്കിനാത്തുമ്പികള്‍
പാറുന്നതിന്‍റെ
മൂളക്കമായിരുന്നു
വെയിലേറടിക്കുന്ന
തീവണ്ടിച്ചില്ലുകളില്‍
അവളുടെ നിറമിഴികളും
വെളുപ്പില്‍ കറുത്ത
പൂക്കളുമായൊരു സാരി
അയാള്‍ക്കായി
കൂട്ടുകൂടും
അപ്പോഴണയുന്ന
ഇരുട്ടിലയാള്‍
അവളെ
ചേര്‍ത്തുപിടിക്കും
കവിളുകളില്‍
കുറേയുമ്മകള്‍
വരച്ചുചേര്‍ക്കും
അകന്നുപോയൊരാ
തീവണ്ടിയൊച്ചകളില്‍
അവളുടെ കഴുത്തിലിട്ട
സ്നേഹത്തിലയാള്‍
കണ്ണീരിന്റെ തേരോടിക്കും
കണ്ണിലും മനസ്സിലും
ഒരുവളെ നിനച്ചയാള്‍
രാപ്പകലുകളോട് വ്യസനം
പങ്കിട്ട് വിരഹത്തിന്‍റെ
കടലാസുതോണികളെ
കത്തുന്ന പുഴകളിലേക്ക്
പറത്തിവിടും
ജന്മാന്തരങ്ങളിലെന്നോ
കണ്ടുമുട്ടാമെന്നൊരു
വാക്കുതേടി
അലഞ്ഞോടുന്ന
തീവണ്ടിയൊച്ചകളില്‍
ഗന്ധരാജന്‍പൂക്കളുടെ
മറുമൊഴിക്കായയാള്‍
കാതോര്‍ത്തിരിക്കവെ
ഭൂമിയിലൊരിടത്തവള്‍
എഴുതിത്തീര്‍ക്കേണ്ട
വരികളിലെ ഉപ്പും എരിവും
പുളിയും മധുരവും
തൊട്ടുതെറിക്കാത്ത
അടുപ്പിന്‍ ചൂടിനകത്ത്
കാല്‍വെള്ളയിലെന്നപോലെ
അവന്‍റെ പേരെഴുതുകയായിരിക്കും
പ്രണയത്തിന്‍റെ
ഓർമകള്‍ക്ക്
സങ്കടത്തിന്‍റെ മാറാപ്പും
തണുത്തുറഞ്ഞ അത്താഴവും
കാവലാകെ,
ഒരിക്കലും
ഒന്നുചേരാത്ത
എവിടെയുമെത്താത്ത
റയില്‍പാളങ്ങളില്‍
ഗന്ധരാജന്‍ പൂക്കളുടെ
മണമൊഴുകിക്കൊണ്ടേയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.