വാനംനീളെ വടിമഞ്ചു വിരട്ട്

നന്നേ പുലർച്ചെ പണ്ട് ചത്തുപോയ കാളക്കൂറ്റൻ മുക്രയിട്ട് ആലയിലെ ആർങ്ങാല് നീക്കി പുറത്തു പോകാറുണ്ടെന്ന് പറയും ഞാൻ കൂട്ട് കിടക്കാൻ വരാറുള്ള അമ്മായിയോട്. അമ്മായിയുടെ ഇത്തറശ്ശയുള്ള പരുത്ത ചിരവക്കൈ തലയിണയാക്കി ചുരുണ്ടു കിടക്കുമ്പോൾ ഇളംലാവുതിർത്ത് സ്വപ്നത്തിൽ വരും നഖമുനയും കടിച്ചോണ്ട് മുറിയുടെ ആർങ്ങാലിട്ട് ആലോത്തിൻ പൂത്താടി തടവി ഇരുണ്ട കാമനാർ. ഒരീസം മുറ്റത്തെ കണ്ടിയിറങ്ങി തോടും നീന്തി കണ്ടവും കടന്ന് തെങ്ങിൽ കൊമ്പുരച്ച് വാല് ചുഴറ്റി നിലാവത്ത് പള്ളയും കുലുക്കി ആകാശത്തൂടെ നടന്നുപോകുന്നു കുടലൊട്ടിയ കാളക്കൂറ്റൻ. ‘‘അത് കാളക്കൂറ്റനാവില്ല, ഇമ്പിച്ചീ...

നന്നേ പുലർച്ചെ

പണ്ട് ചത്തുപോയ

കാളക്കൂറ്റൻ മുക്രയിട്ട് 

ആലയിലെ ആർങ്ങാല് നീക്കി

പുറത്തു പോകാറുണ്ടെന്ന് പറയും ഞാൻ

കൂട്ട് കിടക്കാൻ വരാറുള്ള അമ്മായിയോട്.

അമ്മായിയുടെ ഇത്തറശ്ശയുള്ള 

പരുത്ത ചിരവക്കൈ തലയിണയാക്കി

ചുരുണ്ടു കിടക്കുമ്പോൾ

ഇളംലാവുതിർത്ത് സ്വപ്നത്തിൽ വരും

നഖമുനയും കടിച്ചോണ്ട്  

മുറിയുടെ ആർങ്ങാലിട്ട് 

ആലോത്തിൻ പൂത്താടി തടവി 

ഇരുണ്ട കാമനാർ.

ഒരീസം മുറ്റത്തെ കണ്ടിയിറങ്ങി

തോടും നീന്തി കണ്ടവും കടന്ന്

തെങ്ങിൽ കൊമ്പുരച്ച് വാല് ചുഴറ്റി

നിലാവത്ത് പള്ളയും കുലുക്കി

ആകാശത്തൂടെ നടന്നുപോകുന്നു 

കുടലൊട്ടിയ കാളക്കൂറ്റൻ.

‘‘അത് കാളക്കൂറ്റനാവില്ല, ഇമ്പിച്ചീ 

കാതിൽ മഞ്ഞക്കമ്മലുണ്ടായിരുന്നോ?’’

അമ്മായി ചോദിച്ചു.

‘‘ഇല്ലമ്മായി, ചുമലിലിരുന്ന്

ചെവിയേലതുമിതും മിണ്ടി  

കാലേൽ പരുങ്ങി വാലേൽ തൂങ്ങി

കൊമ്പിലാടി മൂക്കുകയറിൽ പിടിച്ച്

നക്ഷത്രങ്ങളുണ്ടായിരം.

‘‘ഇമ്പിച്ചീ, മാർഗഴിയിൽ വരും

കിഴക്കീന്ന് കാളക്കൂറ്റൻ

ചെമ്മണ്ണ് പാറിച്ചതിൻ മട്ട്

വടിമഞ്ചു വിരട്ട്

പൂഞ്ഞയിലിരിപ്പുണ്ടാകുമപ്പോൾ

അംശുമാൻ കാമനാർ.

എല്ലാ ദിവസവും

മോന്തിയോടടുക്കുമ്പോൾ ബഹുരസം.

വാനംനീളെ മാട്ടുപ്പൊങ്കലിൽ 

കാളക്കൂറ്റങ്ങളുടെ ജെല്ലിക്കെട്ട് 

ഇരുളിലാർത്തലച്ചൊരായിരം

ചൂട്ടുകൾ പിന്നാലെ.

കനവിൽ

ആകാശത്ത് നിലമുഴുത് കഴിഞ്ഞ് 

തലക്കുത്ത് വന്നിരിക്കുന്നു

പണ്ട് മരിച്ച കാളക്കൂറ്റൻ.

അതി​െന്റ മുറിപ്പാടുകളിലാകെ 

ഇല്ലട്ടക്കരിയിൽ വെളിച്ചെണ്ണ തൊട്ടുകൂട്ടി

മൂക്കുകയറഴിച്ചു വിടുന്നു അമ്മായി.

ഒരിക്കൽ ത്രിസന്ധ്യക്ക്

ഇട്ടേണിയിൽ നിന്നിറങ്ങി വന്നു

കാളക്കൂറ്റന്റെ പൂട.

വാനംനീളെ ചവിട്ടിക്കുഴച്ചിട്ട കളം

ചതഞ്ഞ പൂവാക.

പരുത്ത ചിരവക്കൈമേലുറങ്ങുമ്പോൾ

ഉച്ചമയക്കത്തിൽ കണ്ടു 

പടിഞ്ഞാറെ കുന്നിന്മേൽ കേറി നിന്ന് 

വാലിന് തീപിടിച്ചൊരു കാളക്കൂറ്റൻ

അകത്താക്കുന്നു കട്ടച്ചെമ്പരത്തി.

വിളവെടുപ്പിന്റന്ന് കാലംതെറ്റിയെത്തും

മഴക്ക് മുന്നേ ആകാശത്തീന്ന് 

മൂർന്നെടുത്ത് കൊണ്ട് പോകുന്നു

വെയിൽക്കറ്റകൾ

കൊച്ചകൾ.

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.