നിർമിത ബുദ്ധിക്കൊപ്പം.
കളിക്കളത്തിലൊരാൾ
നല്ലിണക്കത്തിൽ ഷട്ടിൽ
കളിക്കുന്നഭിമാനം
*ചിന്തിക്കയാൽ മാത്രം, ഞാൻ
നിലനിൽക്കുമീയുൺമ
ഡാറ്റയാൽ പുലരുമീ
പുതുകാലത്തിനൊപ്പം
ഓരോരോ നിമിഷവും
ഭയകൗതുകങ്ങളാൽ
മാന്ത്രികവലയങ്ങൾ
നിർമിച്ചു മറയുന്നു.
എത്രയോ വിജയങ്ങൾ
നേടിയൊരുന്മാദത്തിൽ
ചവിട്ടിമെതിച്ചതിൻ
കിരുകിരുപ്പുണ്ടുള്ളിൽ
ഇരയായിരുന്നെല്ലാം
ചെറുഞരക്കംപോലും
കാതിനെ കുളിർപ്പിച്ച
സംഗീതവിരുന്നല്ലോ...
ഭാരമേയില്ലാത്തൊരു
തൂവലിൻ തുമ്പും നോക്കി
ഒരു തുള്ളി കണ്ണുനീർ
പൊടിയുന്നുണ്ടാകണം.
എത്ര സഹസ്രാബ്ദങ്ങൾ
പിന്നിട്ട ജനിതക-
മുദ്രകൾ പതിഞ്ഞതാം
ജൈവ പരിണാമമേ..!
ചരിത്രം തൊട്ടീടാത്ത
മൃത്യുരഹിതൻ വന്നു
പതുക്കെ പതുക്കെയെൻ
മുതുകിൽ വരക്കുമോ?
മുതുകിൽ വരഞ്ഞതീ
ചിരബന്ധനത്തുടൽ
ഇവന്റെ കാൽക്കീഴിലീ
ഭൂപടം ഞെരുങ്ങുമോ?
കളി കണ്ടിരിക്കുമ്പോൾ
വെറുതെ ഭയപ്പാടിൻ
വലയിൽ കുരുങ്ങിയ
നിസ്സഹായതയാകാം.
തൊട്ടു തൊട്ടിരിക്കുമ്പോൾ
കൂട്ടുകൂടുവാനെത്തും
തളിർപ്പിൽ തുടിക്കുവാൻ
വിതുമ്പിക്കരയുവാൻ
പിണങ്ങിയിണങ്ങുമ്പോൾ
വിസ്തൃതമാകും ഭൂമി
രുചിക്കും കയ്പിൻ രസം
ഇനിപ്പാൽ വിടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.