ചുറ്റിലും മേയുന്നു അച്ചടക്കമില്ലാതെ
വാക്കിൻകൂട്ടങ്ങൾ
ഞാനെന്നിൽനിന്നു ഞെരിഞ്ഞിടറി
ച്ചിതറിപ്പാഞ്ഞ് അവയിലാവേശിക്കു
മനേകബാധകളുടെ
യൊറ്റ വിഭ്രമം
ഉടുപ്പിലൊരാൾക്കൂട്ടം
കണ്ണിലൊരു നോട്ടക്കൂട്ടം
ഉള്ളി
ലൊച്ചക്കൂട്ടം
* * *
തോന്നലുകളിലെ ചിറകടങ്ങാത്ത 2കണ്ണടങ്ങാത്ത തുമ്പീ
സ്ഥലകാലങ്ങളിൽ നിന്റെ മായാവിദ്യ
ചർമത്തിലൂടെ
യരിച്ചുനടക്കുന്നവയുമുണ്ട് തോന്നലുകൾ
പുറമേനിന്നാക്രമിക്കുന്ന ചിലവയും
വായുവിന്റെ നൂലിളക്കങ്ങൾക്കിടയിലൂടെയെനിക്കു
നല്ല വഴക്കത്തോടെ സഞ്ചരിക്കാനാവും
എന്നെക്കാൾ ഭംഗിയായ് അമീബകൾക്കതു
ചെയ്യാനാവുന്നുണ്ട്
* * *
ഏതോ വന്യപ്രകൃതിയുടെ നിബിഡമാം തോന്ന
ലെനിക്കു തന്നതാണീ ചിറക്
കുറേയിലകൾ കൊഴിഞ്ഞിട്ടുണ്ടാവും
കുറേയെണ്ണം വാടിനിൽക്കുന്നുമുണ്ടാവും
ചിതറിക്കിടക്കുന്ന
മഹാദേശമേ
* * *
നിശ്ചയമായും രണ്ടു പാറ്റകളുടെയും ഒരാനയുടെയും
തോന്നലുകളെന്നിൽ ജീവിക്കുന്നുണ്ട്
ചുമലുകളിൽ അപരിചിതമായ ഒന്നിന്റെ നിർമാണ
സാമഗ്രികളുമായ് വാഗ്ദത്തദേശത്തിലേക്കു പോകുന്ന പ്രായരഹിതരും ലിംഗവിഭിന്നരും സ്വപ്നവിഭിന്നരുമായ
പന്ത്രണ്ടു പേരാകുന്നു ഞാൻ
ഇലപൊഴിയുമൊരു കാട്
കണ്ണിനുള്ളിലെ കറുത്ത നക്ഷത്രവും വെളുത്ത നക്ഷത്രവു
മവയുടെ കതിരുകളും
കണികകളേ
കണികകളേ
കാര്യങ്ങൾ കുറേക്കൂടി എളുപ്പമാകേണ്ടതുണ്ട്
* * *
പകലെന്നെ
അതിന്നു വെളിയിലിരുത്തുന്നു
രാത്രിയെന്നെ അതി
നുള്ളിലൂടെ നടത്തുന്നു
* * *
ഒരു കഴുകന്റെയും ആയിരത്തൊന്നീയലുകളുടെയും
തോന്നലുകൾ മാത്രമായിരിക്കണം
ഞാൻ
അല്ലെങ്കിൽ
ഒരൊട്ടകപ്പക്ഷിയു
മതിന്റെ ആകാശദൂരങ്ങളുമെന്ന
ഒഴിവുനേരങ്ങളിലെ പൊറുതികേട്
കിണറു കുഴിക്കുമൊരു കുഴിയാന
മഞ്ഞിനുള്ളിലെ
യരൂപജീവൻ
മൂന്നു മദ്യപരുടെ നിശ്ശബ്ദമായ മേശയോ 3കഴുത്തു
പിളർക്കപ്പെട്ട മൂന്നുപേരുടെ ഓട്ടമത്സരമോ
ആകുന്നു ഞാൻ
ലോകത്തെയറിയാത്ത
ലോകമറിയാത്ത
ദൈവം
രാജാവ്
പുരോഹിതൻ
കലാപകാരി
കവി
കാമുകൻ
മോഹഭംഗം
ദയാവധം
കിലുങ്ങുന്ന പാത്രം
മുല്ലപ്പൂവ്
പാതിരാത്രി
വിജനതയിലുലയുന്ന പുകധാര
ഒച്ചയില്ലാതെ മലമ്പാത കേറുന്ന സ്കൂട്ടർ
നിർവേദിയാം കശാപ്പുകാരൻ
കല്ലിനു മുകളിലേക്കു കുന്നുരുട്ടുന്ന ഭ്രാന്തൻ
പ്രേതവേട്ടക്കാരൻ
എണ്ണമില്ലാത്ത
എണ്ണമില്ലാത്ത
പ്രേതാത്മാവുകൾ
* * *
ഒരാൾ
വെളിച്ചത്തിന്റെ ആഴത്തിലൂടെ മുങ്ങാങ്കുഴിയിടുന്നു
ടോർച്ചു തെളിച്ചുകൊണ്ടൊരാൾ ചന്ദ്രന്
അകമ്പടി പോകുന്നു
ഒരേ പകപ്പിന്റെ നുകത്തിൽ ബന്ധിതരായ കാളയും കാളപ്പോരുകാരനുമാകുന്നു ഞാൻ
അനശ്വരനായൊരു കുറ്റവാളിയും അയാളുടെ നശ്വരവിചാ
രകരും അതുമല്ലെങ്കിൽ വിയർപ്പിന്റെയും ശുക്ലത്തിന്റെയും
കണ്ണീരിന്റെയും ദൂരത്തെ സിഗരറ്റു ഫാക്ടറിയുടെയും മണങ്ങൾ മാത്രവുമായിരിക്കില്ലേ ഞാൻ
പാതിയും വിറ്റുതുലച്ച സ്വപ്നത്തെ
കണ്ണുതുറന്നു നടന്നുകാണുന്നു ഒരാൾ
ഒരാൾ കണ്ണട
ച്ചിരുന്നു കാണുന്നു
* * *
നഖം മുറിക്കുമൊരു ചെകുത്താന്റെയും നഖങ്ങൾ കൂർപ്പി
ക്കുന്ന ആറു മാലാഖമാരുടെയും തോന്നലുകളെന്നിൽ ജീവിക്കുന്നുണ്ട്
എന്നെങ്കിലുമൊരു സായാഹ്ന നടത്തത്തിനിടയിൽ
ഒട്ടുനേരമോർത്തുനിന്നേക്കാ
നിടയുള്ള പഴയൊരു പാലവും
വിഷാദം വിളയുന്ന പഴത്തോട്ടവുമാകുന്നു ഞാൻ
എന്നും ആത്മഹത്യ ചെയ്യുന്ന
നിത്യതാർഥി
ഈ ലോകം സുരക്ഷിതമാണെന്നു ഞാനെന്നെ
വിശ്വസിപ്പിക്കുന്നുണ്ടെങ്കിലും എല്ലാറ്റിനുമൊരു
മറുവശമുണ്ടെന്നതും
എനിക്കറിയാം
* * *
കണ്ണുകളിലേക്കു ചിറകടിച്ചു പാറിവരുന്ന അമ്പടയാളങ്ങ
ളെക്കുറിച്ചുള്ള യുക്തിപൂർണമായൊരു തോന്നലാകുന്നു
ഞാൻ
ഉന്മാദത്തിന്റെ ചിറകിലെ തീനാളം
അബോധത്തിന്റെ പാളങ്ങളിലോടുന്ന
കാന്തികതീവണ്ടി
മണ്ണിലേക്കു നീളുന്ന ഗോപുരം
4ഒരു ലാംഗ്വും
ഒരു കോടി പരോളുമാകുന്നു ഞാൻ
പത്തു സന്യാസികളും മൂന്നു കൊള്ളക്കാരുമെന്ന കഥയും
ഒരുപ്പുപരലും പതിനായിരത്തിലേറെ നാവുകളുമെന്ന കവിതയും ഞാനാകുന്നു
* * *
അടുപ്പിനുള്ളിൽ മുട്ടയിട്ടുകൂടിയ ഉറുമ്പിൻകൂട്ടമെന്നത്
എന്റെയൊരു സ്ഥിരം തോന്നലാണ്
മറവിയുടെ ആണിയിൽ ഞാന്നു തുള്ളുന്ന വെയിലും അധികമായി ചിതറിപ്പറക്കാൻ വെമ്പുന്ന മൂകതയും എന്നെ നിർണയിക്കാൻ ശ്രമിക്കുന്ന തോന്നലുകളാണ്
മൂക്കിൽനിന്നു തെറിക്കുന്ന ശ്വാസത്തിന്റെ ആണികൾ എന്ന തോന്നലിനു കുറേക്കൂടി എന്നെ
വെളിപ്പെടുത്താനായേക്കാം
അനക്കമില്ലാതിരുന്നു പിടയുന്ന മുന്നൂറ്ററുപത്തിനാലു പകലറുതികളെന്ന തോന്നലിനെ അതിന്റെ മുഴുവൻ
വ്യക്തതയോടെയും അവ്യക്തതയോടെയും
രേഖപ്പെടുത്തുമൊരു വരാന്തയെന്നത്
എനിക്കെപ്പോഴെങ്കിലും ഉണ്ടായേക്കാനിടയുള്ള
തോന്നലാണ്
ഞാൻ വലിയ ചലനസവിശേഷതയൊന്നുമല്ല
ഈച്ചകൾക്കും ബാക്ടീരിയകൾക്കും
എന്നെ അനുകരിക്കാനാവും
* * *
എലിക്കുഞ്ഞിനെ ഉമ്മ വെക്കുന്ന
ഉദാരതയുടെ പെരുമ്പാമ്പാകുന്നു ഞാൻ
രഹസ്യത്തിന്റെ വിഷക്കുപ്പി സൂക്ഷിക്കുന്ന
സ്നേഹത്തിന്റെ പാചകശാല
ഒരേ നേരം
സംകീർത്തിയിൽ5 നേർച്ചപ്പണമെണ്ണുകയും
അൾത്താരയിൽ6 കുന്തിരിക്കം പുകക്കുകയും ചെയ്യുന്ന
സഹനത്തിന്റെ ഭദ്രാസനപ്പള്ളി
ദിവസം മുഴുവൻ കയ്യിലെ പച്ചീർക്കിലിത്തുമ്പിൽ
തൂങ്ങിപ്പറന്നു വിരൽത്തുമ്പിൽ ലോകത്തെ
അനുഭവിപ്പിക്കുന്ന ഓലത്തത്തയെക്കുറിച്ചുള്ള
ഈ വിഭ്രാന്തിയാകുമോ ഇനി ഞാൻ
ഒരേ ആത്മാർഥതയോടെയും തീക്ഷ്ണതയോടെയും കാൽപനികതയിലേക്കും ദാർശനികതയിലേക്കും
ചാഞ്ചാടുന്ന ഭൗതികദാർഢ്യത്തിനു നേർക്കുള്ള
നിഷേധാത്മകമായ കൺതുറക്കലോ ഇല്ലാത്ത
കുതിരയുടെ വേഗതയുടെ വെളി
ച്ചമെന്ന ഒരേയൊരു സാധ്യതയിൽ
നിലനിൽക്കുന്നുവെന്നുവിചാരിക്കുന്ന ഉണ്മയോടുള്ള
പരിഹാസം നിറഞ്ഞ പുഞ്ചിരിയോ
എന്താകുന്നു ഞാൻ
* * *
എനിക്കു പലതരത്തിൽ ചൂളംകുത്താനാവും
എന്നാൽ ഇരട്ടവാലന് എന്നെക്കാൾ നന്നായി അതു
വഴങ്ങുന്നുണ്ട്
ആരും കേറിയിട്ടില്ലാത്തതെന്നു കേഴ്‌വികേട്ട ഒരു
മലയുടെ മുകളിൽ ഞാൻ കയറിയിട്ടുണ്ട്
അവിടെ ഞാൻ പഴയതും
പുതിയതുമായ ചിതൽപ്പുറ്റുകൾ കണ്ടു
മരപ്പല്ലികളുടെ ചിലക്കൽ കേട്ടു
* * *
ആദൃശ്യസംഖ്യകൾ നുഴഞ്ഞുകയറി കള്ളക്കളി
നടത്തുന്ന ഉത്തരമില്ലാത്ത വിഷമപ്രശ്നങ്ങളിൽ
തുറിച്ചുനിൽക്കുന്ന സന്ദേഹചിഹ്നങ്ങളിൽ
അള്ളിനിൽക്കുന്ന ദുർബലമായ പ്രത്യാശയും
ആദൃശ്യവാക്കുകൾ അകലെ മറഞ്ഞിരുന്ന് എപ്പോഴും സൂചകങ്ങളെ വഴിതെറ്റിക്കുന്ന എഴുത്തുമേശയിൽ
ഇടറിവീഴുന്ന ചെയ്യാൻ കഴിയാതെ പോകുന്ന
പ്രതികാരത്തിന്റെ വിളറിയ മിന്നലുമാകുന്നു ഞാൻ
ലോകത്തിന്റെ തുടക്കത്തെ മറന്നുപോയ
നിത്യനായൊരു സലമാണ്ടറിന്റെയോ
നാലായിരം വർഷമായി ജീവിതത്തിലൂടുഴറുന്ന
കൂറ്റനൊരു കരയാമയുടെയോ തോന്നൽ
എനിക്കുള്ളിലെങ്ങോ
അവസാനമില്ലാതെ സഞ്ചരിക്കുന്നുണ്ട്
* * *
ചതുരവടിവിലുള്ള ഈ ലോകത്തിന്റെ ഇല്ലാത്തയേതോ
അഞ്ചാംമൂലയിൽ
ച്ചിതറിക്കിടന്നു
മായുകയും തെളിയുകയും ചെയ്യുന്ന ഏതാനും
ബഹുവർണ മൂലകങ്ങളും
വടിവു മാറിക്കൊണ്ടേയിരിക്കുമൊരു വൈഡൂര്യത്തിന്റെ
ചിരിയുടെ അർഥാന്തരങ്ങളും
വിദൂരതയുടെ ചുവരുകൾ കടന്നുപോകുകയും
വരികയും ചെയ്യുന്ന പിണ്ഡരഹിതമായ ഓറഞ്ചുകളുടെ
വിഭിന്നവേഗങ്ങളും എന്നെക്കുറിച്ചുള്ള
കടങ്കഥയുടെ ഭാഗങ്ങളായിരിക്കണം
* * *
പച്ചനിറമുള്ള നിഴലുകളുണ്ടെനിക്ക്
എന്നാൽ ചില മരങ്ങൾക്കു കടുംചോപ്പു നിറമുള്ള
നിഴലുകളുണ്ട്
സത്യത്തിൽ
എപ്പോഴും വിറകൊണ്ടുനിൽക്കുന്ന
വഴിയോരത്തെ പുൽക്കൂട്ടമോ അതേക്കുറിച്ചുള്ള
തോന്നലോ അല്ലേ ഞാൻ
* * *
ആവിഷ്ടരായ വാക്കുകൾ കാറ്റുകളെപ്പോലെ
ഇലകളെയിളക്കുന്നു അപ്പൂപ്പൻതാടിയെ
കൈകളിലേന്തുന്നു
ചിലതെല്ലാം മറിച്ചിടുന്നു
ചിലവയെ തകർത്തെറിയുന്നു
കീഴ് ക്കാം തൂക്കായ പാറകളിലോടുന്നു കപടസൂര്യനെ
യൂതിപ്പറത്തുന്നു
മുങ്ങിച്ചാവാൻ സൂചകങ്ങൾ തേടുന്നു.
* * *
വേണ്ട
ഈ കുരിശ്ശെന്റെ ചുമലിൽത്തന്നെയിരുന്നോട്ടെ
ഞാനൊന്നു നിവർന്നുനിന്നോട്ടെ ഈ ഭാരമില്ലെങ്കിൽ ഞാൻ
കൂനനും വിധേയനുമായിപ്പോകും
* * *
എന്തോ ചെയ്യുന്നുവെന്ന
എന്തോ അറിയുന്നുവെന്ന
അലിയുന്നുവെന്ന
പെരുകുന്നുവെന്ന
തോന്നലുകളാണോ ഞാൻ
തോന്നലും ജീവിതവും ഒരേ അർഥമുള്ള
വിപരീതപദങ്ങ
ളാകുന്നു
(അപൂർണം)
==============
സൂചിക:
1. ലെഗിയോൻ: യേശു ഗലീലിക്കെതിരെയുള്ള ഗരസേനരുടെ നാട്ടിലെത്തിയപ്പോൾ പ്രേതാവിഷ്ടനായ ഒരുവൻ അവന്റെ അരികിലെത്തി. വളരെക്കാലമായി അവൻ വസ്ത്രം ധരിക്കാറില്ലായിരുന്നു. അവൻ കഴിഞ്ഞുകൂടിയിരുന്നതോ ശവക്കല്ലറകളിലും. ചങ്ങലകളും കാൽവിലങ്ങുകളുംകൊണ്ട് അവനെ ബന്ധിച്ചിരുന്നു. എന്നാൽ, പ്രേതം അതെല്ലാം തകർത്ത് അവനെ വിജനസ്ഥലങ്ങളിലേക്കു കൊണ്ടുപോയിരുന്നു. നിലവിളിച്ചുകൊണ്ട് അവൻ യേശുവിന്റെ മുന്നിൽ വീണ് ഉറക്കെപ്പറഞ്ഞു: യേശുവേ, നീ എന്റെ കാര്യത്തിൽ ഇടപെടരുത്. എന്നെ പീഡിപ്പിക്കരുത്. നിന്റെ പേരെന്തെന്ന് യേശു അവനോടു ചോദിച്ചു.
അവൻ പറഞ്ഞു: ലെഗിയോൻ. എന്തെന്നാൽ ഞാൻ ഒരാളല്ല,അനേകരാണ്. വലിയൊരു പന്നിക്കൂട്ടം കുന്നിൻപുറത്തു മേയുന്നുണ്ടായിരുന്നു. പ്രേതങ്ങൾ അപേക്ഷിച്ചു. നീ ഞങ്ങളെ ഇവനിൽനിന്നു പുറത്താക്കുകയാണെങ്കിൽ പാതാളത്തിലേക്കു പോകുവാൻ ഞങ്ങളോടു കൽപിക്കരുതേ. ആ പന്നിക്കൂട്ടത്തിൽ ആവേശിക്കാൻ അനുവദിക്കണമേ. ആകട്ടെയെന്ന് യേശു പറഞ്ഞു. അവ ആ മനുഷ്യനെ വിട്ട് പന്നികളിൽ പ്രവേശിച്ചു. പന്നികളെല്ലാം കീഴ് ക്കാംതൂക്കായ ചെരുവിലൂടെ പാഞ്ഞുചെന്ന് അവിടെയുള്ള തടാകത്തിൽ മുങ്ങിച്ചത്തു. -പുതിയ നിയമം ദസ്തയേവ്സ്കിയുടെ ‘ഭൂതാവിഷ്ടരി’ൽ ആമുഖമായി ഈ കഥ ചേർത്തിട്ടുണ്ട്.
2. ഒരു ലക്ഷത്തിലേറെ സൂക്ഷ്മമായ കണ്ണുകളുടെ സമാഹാര മാണ് തുമ്പിയുടെ ഒരു കണ്ണ്. ഈ സവിശേഷത തുമ്പിക്ക് അസാധാരണമായ കാഴ്ചശക്തി നൽകുന്നു. ഉരുണ്ട് മുന്നോട്ടു തള്ളിനിൽക്കുന്ന കണ്ണുകളുടെ ഘടന കാഴ്ചയെ കൂടുതൽ വിസ്തൃതവുമാക്കുന്നു.
3. ബോർഹസിന്റെ ഒരു ചെറുകഥയിൽനിന്ന്.
4. സ്വിസ് ഭാഷാശാസ്ത്രജ്ഞനും ദാർശനികനുമായ ഫെർഡിനാൻഡ് ഡി. സൊസൂർ (Ferdinand de Saussure) അവതരിപ്പിച്ചഭാഷയെ നിർണയിക്കുന്ന രണ്ടു സംജ്ഞകളാണ് ലാംഗ്വും (langue) പരോളും (parole). ലാംഗ്വ് നിയാമകമായ ഭാഷാവ്യവസ്ഥയും പരോൾ രചനാഭാഷ (സർഗാത്മകമായ ഭാഷാനിർമിതി)യുമാകുന്നു.
5. അൾത്താരക്കു പിന്നിലെ മുറി; ബലിവസ്തുക്കളും മറ്റും സൂ ക്ഷിക്കുന്നിടം.
6 കുർബാന ആചരിക്കുന്ന മണ്ഡപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.