തുറന്ന പുസ്തകം
വിരൽത്തുമ്പാൽത്തൊട്ടു -
പഠിക്കും കുട്ടിയു -
ണ്ടരികിലെ സീറ്റിൽ
ഒളികണ്ണാൽക്കണ്ടു
വിരലോടും താളിൽ
നിരന്ന കുത്തുകൾ
തിണർത്തു നിൽക്കുന്നു.
വെളിച്ചം വീഴാത്ത
ഇരുണ്ട ഭൂമിയാ-
ണവന്റെ കൺമണി
തിളക്കമില്ലതിൽ
ഒരിക്കലും ചന്ദ്ര-
നുദിക്കാത്ത, കടും -
കറുപ്പ് രാത്രിയാ -
ണവന്റെ നാളുകൾ.
അടുത്തിരുന്നതാം
സുഹൃത്തിൻ കൈപിടി-
ച്ചവനിറങ്ങുന്നു,
ഇഴഞ്ഞു തീവണ്ടി.
ഇരുട്ടിൻ കണ്ണുമായ്
തണുത്ത കാറ്റപ്പോൾ
മലനിരകളെ
തൊടുന്നു, വായിക്കാൻ
കറന്റ് പോയ രാത്രി, ചൂട്
വീട്ടിൽ നിന്നിറങ്ങി ഞാൻ
നടന്നു, കാറ്റു കൊള്ളുവാൻ
കലുങ്കിൽ വിശ്രമിക്കുവാൻ
കറുപ്പിനക്കരെ, വെളുത്ത
പൊട്ടുപോലെ ഒറ്റവീടി-
രുട്ടിനാൽപ്പൊതിഞ്ഞു,
ദൃശ്യമല്ലവേറെയൊന്നുമേ
ചെറുപ്പനാളിലോടിവീണ
മുറ്റമാണതെങ്കിലും
അടുത്ത കൂട്ടുകാരനാ-
ണതിൽക്കിടപ്പതെങ്കിലും
ഇരുട്ടിരുണ്ടദ്രവ്യമായ്
ഉദിച്ചുവന്ന ഗോളമായ്
എനിക്കു തോന്നി, ദൂരെയുള്ള
വീടു നോക്കി നിൽക്കവേ
വരമ്പിലോടി എത്രനാൾ
കടന്നുപോയ്, വകഞ്ഞതാം
കുറുക്കുപാത പുല്ലുമൂടി
ഒക്കെയും മറന്നുപോയ്.
തിരിച്ചുവീണ്ടുമക്കരെയ്ക്ക്
പോയ് മടങ്ങിയെത്തുവാൻ
പ്രകാശവർഷമെത്ര പിന്നി-
ലേക്ക് ഞാൻ നടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.