‘‘കവിതയാകാൻ മടിക്കുന്ന വാക്കുകളേ
ഒഴിഞ്ഞ വെള്ളക്കടലാസിലേക്കു കയറൂ’’
ഞാന്‍ പറഞ്ഞു.
എന്തുകൊണ്ടാണ്
നിങ്ങൾ ഓടിയും കിതച്ചും
മുറിഞ്ഞും ചതഞ്ഞും
ചോര ചിന്തിയും
തെരുവിൽ അലയുന്നത്!
വർത്തമാനപത്രങ്ങളിലും
ചാനൽ വാക് ധാരകളിലും പിടഞ്ഞും
കടലിനേക്കാൾ വിസ്തൃതമായ
സൈബർ അപാരതകളിലെ ഗട്ടറുകളിൽ
കാലിടറി വീണും
ചരടറ്റ പട്ടംപോലെ
നിലംതൊടാൻ നേരമില്ലെന്ന്
അവയെന്നോട് പറയാനോങ്ങുന്നു.
അപ്പോഴും
മുടന്തി മുടന്തിപ്പോകുന്ന പദങ്ങളേ,
ഒഴിഞ്ഞ പായ്ക്കടലാസിലേക്കു കയറൂ
എന്ന എന്റെ കെഞ്ചൽ കേൾക്കാതെ,
തപ്പുകൊട്ടലിൽ ഭയന്ന പക്ഷിക്കൂട്ടങ്ങൾപോലെ
അവ ചിതറിപ്പറക്കുന്നു.
ഇപ്പോൾ
മഹാമാരി വൃക്ഷത്തിന്റെ
മഹാ ശിഖരങ്ങളിൽ
കടവാതിലുകളായി ഭൂമിയിലേക്ക് നോക്കി
തലകീഴായി നിൽക്കുകയാണവ
അത്ഭുതം എന്തെന്നാൽ,
അവ കാണുന്നതെല്ലാം
എനിക്ക് കാണാനാവുന്നു
അവ കേൾക്കുന്നതെല്ലാം
എനിക്ക് കേൾക്കാനാവുന്നു.
കൊടുങ്കാറ്റ്
മേഘങ്ങളെ ആട്ടിത്തെളിക്കുന്നത്
പേമാരികളോട് കൽപിക്കുന്നത്
മരങ്ങളേയും പാറകളെയും
പിഴുതെറിയുന്നത്
ഭൂമിയുടെ മുറിവുകൾ ഓരോന്നായി
പിളർന്നു വലുതാകുന്നത്
ചോരച്ചാലുകളാകുന്നത്
കാണെക്കാണെ വിറകൊണ്ടൊഴുകുന്നത്
എല്ലാമുണ്ട് അവയുടെ കാഴ്ചയിൽ,
വാക്കുകളുടെ കാഴ്ചയിൽ
എന്റേയും
എനിക്കറിയാം
പടിഞ്ഞാറൻ കാറ്റ് വീനസിനെ* എന്നപോലെ
സൗമ്യമായിട്ടല്ല
കൊടുംകാറ്റ്
വാക്കുകളെ കവിതയാക്കി
ഒഴിഞ്ഞ കടലാസിലേക്ക് ചൊരിയുക.
========
* ഇറ്റാലിയൻ ചിത്രകാരൻ സാന്ദ്രോ ബോട്ടിചെല്ലിയുടെ ‘The birth of Venus’ എന്ന ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.