തുരുമ്പിന് തവിട്ടുപൂശിയ പട്ടണം പൊടിക്കാറ്റ് ചുറ്റും പ്രാന്തം അതിരില്‍ പൂക്കളം വെറുതെയോർക്കും മരങ്ങള്‍ അവയില്‍ കൊഴിയാന്‍ കാക്കുമിലകള്തന് നിറംമാറ്റം. ചുട്ടുപൊള്ളും വഴിയോരത്ത് അരിക് ചാഞ്ഞ തണല്‍ നോക്കി അവര്‍ വട്ടമിരിക്കുന്നു പുലർകാലേ പണിക്കുപോയ് മടങ്ങും പുലം പണിപ്പെണ്ണുങ്ങള്. പപ്പന്നം, പെരുഗന്നം, ചിത്രാന്നം കൊഞ്ചം എള്ളിപ്പായക്കാരമെന്നായ് ഉച്ചനേരം വിശപ്പിനെ പരസ്പരം പകുക്കുന്നവര്‍ വെണ്ടയ്ക്കാ നുള്ളി നുള്ളി നീറ്റലേറ്റും കൈപ്പടം...
തുരുമ്പിന് തവിട്ടുപൂശിയ പട്ടണം
പൊടിക്കാറ്റ് ചുറ്റും പ്രാന്തം
അതിരില്‍ പൂക്കളം വെറുതെയോർക്കും മരങ്ങള്‍
അവയില്‍ കൊഴിയാന്‍ കാക്കുമിലകള്തന് നിറംമാറ്റം.
ചുട്ടുപൊള്ളും വഴിയോരത്ത്
അരിക് ചാഞ്ഞ തണല്‍ നോക്കി
അവര്‍ വട്ടമിരിക്കുന്നു
പുലർകാലേ പണിക്കുപോയ് മടങ്ങും
പുലം പണിപ്പെണ്ണുങ്ങള്.
പപ്പന്നം, പെരുഗന്നം, ചിത്രാന്നം
കൊഞ്ചം എള്ളിപ്പായക്കാരമെന്നായ്
ഉച്ചനേരം വിശപ്പിനെ
പരസ്പരം പകുക്കുന്നവര്‍
വെണ്ടയ്ക്കാ നുള്ളി നുള്ളി
നീറ്റലേറ്റും കൈപ്പടം
കുടഞ്ഞു കുടഞ്ഞൊരുവള്
ചോറു കൂട്ടിക്കുഴയ്ക്കുന്നു.
ഇടുപ്പില്‍നിന്നും തുളുമ്പും
വിയർപ്പിന് തുള്ളിയെ
ഇടംകയ്യാല്‍ തുടച്ചുകൊണ്ടാ
നീറ്റല്‍ മറന്നൊരു നൊടിയവളൊരു
കുസൃതിവാക്ക് ചിരികൂട്ടിത്തൊടുക്കുന്നു.
അത് പെയ്ത കാറ്റലയില്‍ അവരൊന്നായിളകുന്നു
പറക്കും ചേലത്തുമ്പുകള്‍
ചേലില് കലർന്നൊരു മഴവില്ലാകുന്നു.
ആ മരം ചാരിയൊന്ന് മയങ്ങാന്‍
ഒരുവൾക്കൊ കൊതി പാഞ്ഞു
അവളുടെ ചാരെയൊരുവള്
ചേലവീശി നിലത്തേക്കു തലചായ്ച്ചു.
പലതും പറഞ്ഞിരു പെണ്ണുങ്ങള്
വാടിയ വെറ്റിലയില്‍ നൂറു തേച്ചൊരുക്കുന്നു
അതും നോക്കിയിരുന്നൊരുത്തിയോരോ
പഴങ്കഥകള്‍ പെറുക്കുന്നു
കാണാമാമുടിപ്പിന്നലില് വാടിയ മുല്ലമാലകള്‍
കാലില്‍ പണികഴിഞ്ഞു കയറുന്നേരം
കഴുകിത്തിളക്കിയ മൈലാഞ്ചി നഖത്തുണ്ടുകള്
വിരൽത്തുമ്പിലഴകേറ്റും വെള്ളിമെട്ടുലുച്ചുറ്റുകള്
അവരുടെ മാട്ടല്പോല് കിലുങ്ങുന്നു
കുപ്പിവളകള്‍
അവരിപ്പോള്‍
മടങ്ങുകയാണിരിപ്പിന് കിടപ്പിന്
ഉടുപുടവച്ചുളിവുകളോരോന്നായ്
വടിവില്‍ നീർത്തി
അവരൊഴുകിപ്പോകുന്നുണ്ടൊരു
തെളിയരുവി കണക്കിപ്പോഴത്
പോകും വഴിക്കെല്ലാം
തണുപ്പും വീശി വീശി.
==============
*ഉൾനാടൻ പെണ്ണുങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.