കാലത്തിനു കഴിയാത്തത്

പഴുത്തു മഞ്ഞയായ ഒരില ഞെട്ടടർന്നുവീണു കിതച്ചു. ഞരമ്പുകൾ, പച്ചച്ചും തിണർത്തുംതന്നെ. ഒരരിക്കൊമ്പൻ കാറ്റുവീശി, അതിനെ മലർത്തിയടിക്കാൻനോക്കി. സമയംതെറ്റി വന്ന വെയിൽനോട്ടത്താൽ രുചി നിറഞ്ഞ ഒരു കായ്പോളയെന്ന് സ്വയം ചമഞ്ഞ് അത്, നിർവൃതികൊണ്ടു. പെട്ടെന്ന് ഒരു മിശർക്കുല വന്നുവീണു ചിതറി, അതിനെ അമർത്തിപ്പൊതിഞ്ഞു. കാറ്റായാലെന്താ എന്ന മട്ടിൽ വെയിലിനെയും മിശറുകളെയും അവിടെ കൊണ്ടുവന്നത് ആരാണ്? പിന്നീട് ഉണക്കിക്കളയും എന്നതും ചുരുക്കിക്കൂട്ടും എന്നതും ഇപ്പോൾ ഈ നേരത്തു മറന്ന്, അവരെ, കാറ്റിനേക്കാൾ വലുതാക്കുന്നത് എന്താണ്? കാലം വാർധക്യത്തെ നിർവചിച്ചത്, ഒട്ടും യുക്തിഭദ്രമായല്ല....

പഴുത്തു മഞ്ഞയായ ഒരില

ഞെട്ടടർന്നുവീണു കിതച്ചു.

ഞരമ്പുകൾ,

പച്ചച്ചും തിണർത്തുംതന്നെ.

ഒരരിക്കൊമ്പൻ കാറ്റുവീശി, അതിനെ

മലർത്തിയടിക്കാൻനോക്കി.

സമയംതെറ്റി വന്ന വെയിൽനോട്ടത്താൽ

രുചി നിറഞ്ഞ

ഒരു കായ്പോളയെന്ന്

സ്വയം ചമഞ്ഞ്

അത്,

നിർവൃതികൊണ്ടു.

പെട്ടെന്ന്

ഒരു മിശർക്കുല വന്നുവീണു ചിതറി,

അതിനെ അമർത്തിപ്പൊതിഞ്ഞു.

കാറ്റായാലെന്താ

എന്ന മട്ടിൽ വെയിലിനെയും

മിശറുകളെയും

അവിടെ കൊണ്ടുവന്നത് ആരാണ്?

പിന്നീട് ഉണക്കിക്കളയും

എന്നതും

ചുരുക്കിക്കൂട്ടും

എന്നതും

ഇപ്പോൾ

ഈ നേരത്തു മറന്ന്,

അവരെ,

കാറ്റിനേക്കാൾ വലുതാക്കുന്നത് എന്താണ്?

കാലം വാർധക്യത്തെ നിർവചിച്ചത്,

ഒട്ടും യുക്തിഭദ്രമായല്ല. യാഥാർഥ്യങ്ങൾ

അവതരിപ്പിക്കുമ്പോൾ

നടുക്കമല്ല,

നിസ്സാരത ഉൽപാദിപ്പിക്കപ്പെടണം.

അത്ഭുതപ്പെടുത്തുന്നത്ര

അലങ്കാരങ്ങളോടെ

നിസ്സാരതയെ

വലുതാക്കുകയും വേണം.

നാളെ എന്നത്

നാളെയല്ലേ, ഇന്നല്ലല്ലോ!


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.