രണ്ടു കുടവാകച്ചെടിമരങ്ങൾഒരുമിച്ചാണ് നട്ടത്. മുറ്റത്ത്, അടുത്തടുത്ത്. രണ്ടും തെഴുത്തുകയറി, തടി തിരിഞ്ഞ്, എന്നാൽ, പരസ്പരം കൂടിപ്പിണഞ്ഞ്, തമ്മിൽ തിരിച്ചറിയാനാവാതെ. ഒരുവന് കുടയെന്നും അപരന് വാകയെന്നും പേരിട്ടു. ഇരു തടി, ഒരു മെയ്യ്! പത്തു മഴക്കാലവും കണ്ട്, വാക ആകാശം തൊട്ടു. പത്തു വേനലിലും വാകയ്ക്കു മേൽ കുടയുണ്ടായിരുന്നു. പത്തു മഞ്ഞുകാലത്തണുപ്പുകളേയും ഇരുവരും കെട്ടിപ്പുണർന്ന് പങ്കിട്ടു. കർക്കിടകം കുടമുടച്ച ഒരു സന്ധ്യയിൽ വാകയുടെ കൈ ഞരമ്പുകളിൽ ഒരു വിളർച്ചകണ്ടു. ഇലകൾ വാടിത്തൂങ്ങും പോലെ. തായ്ത്തടിയിൽ ഉൻമേഷമില്ലായ്മയുടെ ചിതൽ അരിച്ചുകയറി പൊറ്റകെട്ടുമ്പോലെ. കാറിൽ വന്നിറങ്ങിയ കാർഷിക...
രണ്ടു കുടവാകച്ചെടിമരങ്ങൾ
ഒരുമിച്ചാണ് നട്ടത്.
മുറ്റത്ത്,
അടുത്തടുത്ത്.
രണ്ടും തെഴുത്തുകയറി, തടി തിരിഞ്ഞ്,
എന്നാൽ, പരസ്പരം കൂടിപ്പിണഞ്ഞ്,
തമ്മിൽ തിരിച്ചറിയാനാവാതെ.
ഒരുവന് കുടയെന്നും
അപരന് വാകയെന്നും പേരിട്ടു.
ഇരു തടി, ഒരു മെയ്യ്!
പത്തു മഴക്കാലവും കണ്ട്, വാക ആകാശം തൊട്ടു.
പത്തു വേനലിലും വാകയ്ക്കു മേൽ കുടയുണ്ടായിരുന്നു.
പത്തു മഞ്ഞുകാലത്തണുപ്പുകളേയും
ഇരുവരും കെട്ടിപ്പുണർന്ന് പങ്കിട്ടു.
കർക്കിടകം കുടമുടച്ച ഒരു സന്ധ്യയിൽ
വാകയുടെ കൈ ഞരമ്പുകളിൽ ഒരു വിളർച്ചകണ്ടു.
ഇലകൾ വാടിത്തൂങ്ങും പോലെ.
തായ്ത്തടിയിൽ ഉൻമേഷമില്ലായ്മയുടെ
ചിതൽ അരിച്ചുകയറി പൊറ്റകെട്ടുമ്പോലെ.
കാറിൽ വന്നിറങ്ങിയ കാർഷിക ഭിഷഗ്വരൻ
ഏറെനേരം പരിശോധിച്ച് ഒടുക്കം
പരാജയം സമ്മതിച്ചു.
സൂക്കേടിനല്ലേ മരുന്നു വേണ്ടൂ?
വ്യാധിയല്ല, ഇത് ഏതോ ആധി മാത്രമെന്നയാൾ.
വാകയുടെ ശരീരത്തിൽനിന്നും
ഇഴഞ്ഞിറങ്ങി കുടയുടെ തായ്ത്തടിയിലെത്തിയ
ഭിഷഗ്വരന്റെ ഗവേഷണദൃഷ്ടി
ഒടുവിൽ അത് കണ്ടുപിടിച്ചു.
കാണാമറയത്ത് അനുദിനം വളരുന്ന മറുകുപോലെ
കുടയുടെ തടിയിലൊരു പെരും കേട്!
വാകയെ വിട്ട് ഭിഷഗ്വരൻ കുടയെ
ചികിത്സിച്ചു തുടങ്ങി,
പക്ഷേ, ചികിത്സയ്ക്കൊപ്പം മറുകും
വളർന്നുകൊണ്ടേയിരുന്നു.
ഒടുവിൽ വിധി വന്നു.
അർബുദമാണ്, കൊണ്ടേ പോകൂ.
കുട കുലുങ്ങാതെ നിന്നു.
വാകയുടെ തായ്ത്തടിയിലെമ്പാടും
പക്ഷേ, ഒരു വിറ പടർന്നു.
ഒരു തുലാമാസ സന്ധ്യയിൽ
പലവുരു വിണ്ടുകീറിയ
ആകാശത്തിൻ ചോട്ടിൽ,
ആർത്തലച്ച്
വാക നിലം പൊത്തി.
(ഇടിമിന്നലേറ്റെന്ന് ഗദ്ഗദിച്ചു,
ചിലർ, അൽപജ്ഞാനികൾ!)
വീണുപോയ വാകയുടെ മേലേയ്ക്ക് കുനിഞ്ഞ്, കുട
പിടിച്ചുനിൽക്കുന്നുണ്ട്, അപ്പോഴും,
ചങ്ങാത്തച്ചായ് വോടെ!
അർബുദത്തിന്റെ അണുപ്രസരമേറ്റിട്ടും
വാടാത്ത കുടയുടെ ഇലച്ചാർത്തിൽനിന്നും
ഒരു സ്നേഹകണം പൊട്ടിയടർന്ന്,
ഊർധ്വൻ വലിക്കുന്ന
വാകയുടെ മൂർധാവിൽ ഇറ്റു.
വാകയുടേത് ആത്മഹത്യ.
ഭിഷഗ്വരൻ നിരീക്ഷിച്ചു.
കുടയില്ലാതെ
വാകയ്ക്കെങ്ങനെ ഋതുഭേദങ്ങൾക്കു
കുറുകെ വളർന്നുകയറാനാകും?
പടർന്നു പന്തലിക്കാനാവും?
വാകയെന്നല്ലല്ലോ!
കുടവാകയെന്നല്ലോ പേര്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.