നീണ്ട കാലത്തെ മുന്നറിയിപ്പോടെ തുടങ്ങരുത് ഒരു യുദ്ധവും നിമിഷങ്ങൾകൊണ്ട് നിങ്ങളാ നഗരം ചാമ്പലാക്കുമെന്നുറപ്പ് പിന്നെയെന്തിനവർ മുന്നറിയിപ്പിന്റെ നിമിഷംതൊട്ടേ മരിച്ചുതുടങ്ങണം? ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ ഒളിച്ചുകളിയിലെ കൂട്ടുകാരനെ കണ്ടെത്തട്ടെ അമ്മ അയയിൽനിന്നു ഉണക്കാനിട്ട തുണിയെടുക്കുന്നത് സാവകാശം മതി എരിവ് നെറുകയിൽ കയറിയ പെൺകുട്ടിക്ക് മതിവരുവോളം ചുമയ്ക്കേണ്ടതുണ്ട് ചെറുപ്പക്കാരൻ കാലത്തുണരാനുള്ള അലാറംവെച്ച് സ്വപ്നത്തോടൊപ്പം ഉറങ്ങാൻ പോകട്ടെ ബോംബർ വിമാനങ്ങൾക്കു മുമ്പുള്ള തെളിഞ്ഞ ആകാശം പക്ഷികളുടെ ഉടമസ്ഥതയിൽതന്നെ തുടരുന്നതാണു ഭംഗി ആർക്കും ഒരു...
നീണ്ട കാലത്തെ
മുന്നറിയിപ്പോടെ തുടങ്ങരുത്
ഒരു യുദ്ധവും
നിമിഷങ്ങൾകൊണ്ട്
നിങ്ങളാ നഗരം
ചാമ്പലാക്കുമെന്നുറപ്പ്
പിന്നെയെന്തിനവർ
മുന്നറിയിപ്പിന്റെ നിമിഷംതൊട്ടേ
മരിച്ചുതുടങ്ങണം?
ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ
ഒളിച്ചുകളിയിലെ കൂട്ടുകാരനെ കണ്ടെത്തട്ടെ
അമ്മ അയയിൽനിന്നു
ഉണക്കാനിട്ട തുണിയെടുക്കുന്നത്
സാവകാശം മതി
എരിവ് നെറുകയിൽ കയറിയ പെൺകുട്ടിക്ക്
മതിവരുവോളം ചുമയ്ക്കേണ്ടതുണ്ട്
ചെറുപ്പക്കാരൻ
കാലത്തുണരാനുള്ള അലാറംവെച്ച്
സ്വപ്നത്തോടൊപ്പം ഉറങ്ങാൻ പോകട്ടെ
ബോംബർ വിമാനങ്ങൾക്കു മുമ്പുള്ള
തെളിഞ്ഞ ആകാശം
പക്ഷികളുടെ ഉടമസ്ഥതയിൽതന്നെ
തുടരുന്നതാണു ഭംഗി
ആർക്കും ഒരു തിരക്കുമില്ല
ഇനിയെത്രയെന്നറിയാത്ത നിമിഷങ്ങളെ
ലോകാവസാനത്തോളം
ദൈർഘ്യമുള്ളതെന്നു തോന്നിപ്പിച്ച്
അവർ തുടരട്ടെ
ഇല്ലാതാക്കാനുള്ള
നിങ്ങളുടെ ഇച്ഛക്കു നേരെ
കണ്ണിറുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.