poem

പില്ലർ 505

സുഹൃത്തിന്‍റെ വീട്ടിൽ പോയി മടങ്ങുന്പോൾ

വെയിൽ ശിരസ്സിനു ചുറ്റും

കാട്ടുചേന്പിന്‍റെ വൃത്തം വരച്ചു.

ഉരുകിയുരുകിയൊഴുകുന്ന വാഹനങ്ങൾ

കണ്ണിൽ തുളച്ചുകയറുന്നു.

മെട്രോ റെയിലിന്‍റെ 505ാം തൂണിൻ

ചുവട്ടിൽ ഇരുന്നു.

എന്‍റെ ഉള്ളിലിരുന്ന്

കുട്ടിക്കാലത്തെ മഴ പാടി.

സ്കൂളിലേക്കുള്ള വഴികളും

വഴികൾ ചെന്നവസാനിക്കുന്ന

വീടുകളും മുറ്റത്തെ ചെടികളും പാടി.

കിളികൊത്തി താഴെയിട്ട മാന്പഴത്തിന്‍റെ

മധുരമുള്ള കൂട്ടുകാരന്‍റെ കൈ മണത്തു.

പക്ഷിക്കൂട്ടം എന്‍റെയുള്ളിലേക്ക്

പറന്നുകയറി.

പഴമരങ്ങളുടെ മണം

കുന്നായി വിരിഞ്ഞു.

കുടിലുപോലെ പറക്കുന്നു തുന്പിക്കൂട്ടം

ആ രാത്രി, അവിടെ കിടന്നു.

പുസ്തകങ്ങൾക്കുള്ളിൽനിന്ന്

ചില രാജ്യത്തെ കുട്ടികൾ എന്നോടുവന്നു മിണ്ടി.

പള്ളിക്കൂടച്ചുവരിൽ

അവർ വരച്ചുവളർത്തിയ ചെടി

വലിയ മരമായെന്നും

അതിന്‍റെ പഴങ്ങളാണു തിന്നുന്നതെന്നും

വേരുകളിലെ നദികളാണു കുടിക്കുന്നതെന്നും

തണലിലാണ് താമസമെന്നും അവർ പറഞ്ഞു.

വയലും അരികിലെ കുളവും

നാട്ടുപാതയും അവർക്കു കൊടുത്തു.

അവരതുമായി പറന്നുപോയി.

തുളുന്പിവീണ ജലത്തുള്ളികൾ

നക്ഷത്രങ്ങളായി തെളിഞ്ഞു.

ഉച്ചവെയിൽ

ശിരസ്സിൽനിന്നു തുടച്ചുകളഞ്ഞു.

തൂവാലയിൽ പതിഞ്ഞ ആകാശത്ത്

മുഖം നോക്കി.

കുട്ടിയുടെ കൈയിൽനിന്നു വീണ

വെള്ളമെടുത്തു കുടിച്ചു.

നിലാവു വീണുകിടന്ന

കിണർ

എന്‍റെ തൊണ്ടയിൽ

നനഞ്ഞു.

ഒരാൾ, പൊതിച്ചോറ്

എന്‍റെ നേരെ നീട്ടി.

തുറന്നപ്പോൾ

വീടിന്‍റെ മണം

എന്‍റെയുള്ളിൽ നിറഞ്ഞു.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.