എനിക്കറിയാത്ത ഭാഷയിലെ കവിതയിൽ
ഒരു ചോദ്യചിഹ്നത്തെ ഞാൻ കണ്ടുമുട്ടി.
എന്റെ അറിയായ്മയുടെ വക്കിൽ
അതൊരു കൊളുത്തായി തൂങ്ങി.
അതിപ്പോൾ എനിക്കറിയാത്ത ഭാഷയിൽ
എനിക്കറിയാനായ ഏകാക്ഷരപദം,
ആ കവിതയ്ക്ക് ഞാനുണ്ടാക്കും
വ്യാഖ്യാനമെല്ലാം അതിലൊതുങ്ങി:
അത് തലകുനിക്കേണ്ടിവന്ന ആശ്ചര്യചിഹ്നമായി.
പൂജ്യമാകാൻ കൊതിച്ചുനീങ്ങി താഴേക്ക്
പതിക്കുന്ന ഒരു തുള്ളി മഷിയായി.
തമോഗർത്തത്തിലേക്കുള്ള പാതയായി.
തന്റേതെന്നുറപ്പില്ലാത്ത മുട്ടയ്ക്ക്
കാവൽ കിടക്കുന്ന ഇഴജന്തുവായി.
അറുത്തുവീഴ്ത്തപ്പെട്ട സ്വന്തം തലമേൽ
നട്ടെല്ലു വളച്ചുനിൽക്കുന്ന ഒരാളെപ്പോലും
എനിക്കതിൽ കാണാനായി.
അത് കൊയ്ത്തരിവാളായി.
പൂർണവിരാമവും അതിലേക്ക്
ആകൃഷ്ടയായി പോകുന്ന അൽപവിരാമവും
ചേർന്നാകുമോ അതുണ്ടായത്?
അറിവിന്റെ വൃക്ഷത്തിൽ
തൂങ്ങിക്കിടക്കുന്ന പാമ്പായി
അതെനിക്കുനേരെ നോക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.