ഇരുട്ടിനെയും തുളച്ചുകൊണ്ടു പോകാൻ തുടങ്ങിയിട്ട് കുറേ നേരമായി. ഘാട്ട് എക്സ്പ്രസിന്റെ ഡ്രൈവർ ആലോചിക്കുകയായിരുന്നു. പ്രയാഗ്, കാളിഗഞ്ച് സ്റ്റേഷനുകൾ ഒക്കെ പിന്നിടേണ്ട സമയമായി. ഇരുട്ടിന്റെ കട്ടിപ്പുകമഞ്ഞു പുതപ്പ്. അതിനൊത്ത നടുക്ക് ചലിക്കുന്ന നൂൽവെട്ടവെളിച്ചം. പല്ലുകൾ കൂട്ടിയിടിച്ചതും വിറപടർത്തിക്കൊണ്ട് ചിന്തയുടെ ആയിരം പുഴുക്കൾ അരിച്ചുകയറി. സിഗ്നൽ പോസ്റ്റുകളൊക്കെ കാഴ്ചയിൽനിന്നും മറഞ്ഞിട്ട് എത്രയോ നേരമായി. രണ്ടും കൽപിച്ച് പുറകോട്ടു തിരിഞ്ഞുനോക്കിയതും അലറി വിളിച്ചുപോയി. ബോഗികളൊന്നും തന്നെയില്ല; ഭ്രാന്തുപിടിച്ച ഇരുട്ടിലൂടെ കൊടും ഭ്രാന്തു പിടിച്ചോടുന്ന എൻജിനും താനും...
ഇരുട്ടിനെയും തുളച്ചുകൊണ്ടു
പോകാൻ തുടങ്ങിയിട്ട്
കുറേ നേരമായി.
ഘാട്ട് എക്സ്പ്രസിന്റെ ഡ്രൈവർ
ആലോചിക്കുകയായിരുന്നു.
പ്രയാഗ്, കാളിഗഞ്ച് സ്റ്റേഷനുകൾ ഒക്കെ
പിന്നിടേണ്ട സമയമായി.
ഇരുട്ടിന്റെ കട്ടിപ്പുകമഞ്ഞു പുതപ്പ്.
അതിനൊത്ത നടുക്ക്
ചലിക്കുന്ന നൂൽവെട്ടവെളിച്ചം.
പല്ലുകൾ കൂട്ടിയിടിച്ചതും
വിറപടർത്തിക്കൊണ്ട് ചിന്തയുടെ
ആയിരം പുഴുക്കൾ അരിച്ചുകയറി.
സിഗ്നൽ പോസ്റ്റുകളൊക്കെ
കാഴ്ചയിൽനിന്നും മറഞ്ഞിട്ട് എത്രയോ നേരമായി.
രണ്ടും കൽപിച്ച് പുറകോട്ടു
തിരിഞ്ഞുനോക്കിയതും
അലറി വിളിച്ചുപോയി.
ബോഗികളൊന്നും തന്നെയില്ല;
ഭ്രാന്തുപിടിച്ച ഇരുട്ടിലൂടെ
കൊടും ഭ്രാന്തു പിടിച്ചോടുന്ന
എൻജിനും താനും മാത്രം.
വാച്ചും കൈഫോണുമെല്ലാം
ശ്വാസംമുട്ടിപ്പിടഞ്ഞു നിശ്ചലമായത്
അറിഞ്ഞിരുന്നതേയില്ല.
വിയർപ്പ് കഴുത്തിൽ
പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു.
കണ്ണിറുക്കി അടയ്ക്കാനാണു തോന്നിയത്.
ആടിയുലഞ്ഞുകൊണ്ട് എൻജിൻ
ഒരു പാലത്തിലേക്കു കയറി
ഇറുക്കിയടച്ച കണ്ണുകൾ
എണ്ണാൻ തുടങ്ങി.
ഒന്ന്. രണ്ട്.. മൂന്ന്... 100... 200...
മുന്നൂറിലേക്ക് കടന്നപ്പോൾ കണ്ണുകൾ
അറിയാതെ തുറന്നു.
എൻജിൻ കിതച്ചു;
നേർത്ത പുകയായുയർന്നു.
**ശിവ്പൂർ സ്റ്റേഷൻ പരിസരത്തെ
ശ്മശാനപ്പുകയുമായത് കൂടിക്കുഴഞ്ഞു.
===========
* മരണത്തിന്റെ ഉത്സവം എന്ന രീതിയിലാണ് പെപ്പരപെരപെര
എന്ന പേര് ഇട്ടത്. കോവിഡിന്റെ സമയത്ത് വാരാണസി
തുടങ്ങിയ ഭാഗങ്ങളിൽ നടന്ന കൂട്ട ശവസംസ്കാരം.
** സംഹാരത്തിന്റെ ഭഗവാന്റെ പേരിന്റെ സൂചകമായാണ് റെയിൽവേ
സ്റ്റേഷന്റെ പേര് ശിവ്പൂർ എന്നാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.