അച്ചടക്കത്തോടെ, അതിനേക്കാൾ പ്രൗഢിയോടെ സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം കൊല്ലത്ത് മാർച്ച് 9ന് സമാപിച്ചു. ഒരു കേഡർ പാർട്ടിയെന്ന നിലയിൽ സംഘടന-സംഘാടക മികവുകൾ എടുത്തുകാട്ടുന്നതായി 24ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സമ്മേളനം. സംസ്ഥാന നേതൃസമിതിയിലേക്ക് തെരെഞ്ഞടുക്കപ്പെടാത്തതിൽ ചിലരുടെ മുറുമുറുപ്പ് പരസ്യരൂപം സ്വീകരിച്ചതാവാം സി.പി.എമ്മിനെ സംബന്ധിച്ച് സമ്മേളനവുമായി ബന്ധപ്പെട്ട ഏക തിരിച്ചടി.
സംസ്ഥാന സമിതിയെയും അതുപോലെ സമ്മേളനം അംഗീകരിച്ച ചില നിലപാടുകളും പരിശോധിക്കുമ്പോൾ സി.പി.എം എത്ര ‘ഇടത്താ’ണെന്ന ചോദ്യം ഉയരും. സി.പി.എം സംസ്ഥാന ഘടകം ഒന്നാകെ എതിർപ്പുകളുയർത്താതെ പിണറായി വിജയന് സ്തുതിപാഠകരായി മാറുന്നതാണ് ഒന്നാമത്തെ കാഴ്ച. വ്യക്തിപൂജയുടെ തലത്തിലേക്ക് അത് എത്തിയോ എന്ന് സ്വയം വിമർശനാത്മകമായി പരിശോധിക്കേണ്ടത് സി.പി.എം തന്നെയാണ്. സംസ്ഥാന സമിതിയിൽ നല്ലപങ്കും പിണറായി പക്ഷക്കാരോ അനുകൂലികളോ ആണ് എന്ന് കാണാം.
വിമതശബ്ദങ്ങൾ ഇല്ല തന്നെ. ഏതെങ്കിലും തരത്തിൽ നേതൃത്വത്തിന് അനഭിമതരായവരെല്ലാം ഒതുക്കപ്പെട്ടിരിക്കുന്നു. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എം.വി. ഗോവിന്ദനെതിരെ വിമർശനങ്ങളുയർന്നെങ്കിലും പിണറായിക്കെതിരെ ഒരപസ്വരവും സംസ്ഥാന സമ്മേളനത്തിൽ ഉയർന്നില്ല. ഭരണനേതൃത്വത്തിന്റെ രണ്ടാമൂഴം പൂർത്തീകരിക്കാൻ പോവുന്ന പിണറായി വിജയന് പ്രായക്കൂടുതൽ എന്ന പ്രതികൂല വ്യവസ്ഥ അവഗണിച്ചുകൊണ്ട് മൂന്നാമൂഴത്തിലെ ക്യാപ്റ്റൻ പദവി മുൻകൂട്ടി പതിച്ചുനൽകിയതായാണ് സമ്മേളനത്തിൽനിന്നുള്ള വാർത്ത.
അതിനേക്കാൾ പാർട്ടി കൂടുതൽ വലതുപക്ഷത്തേക്കും മൂലധനപാതയിലേക്കും സഞ്ചരിക്കുന്നുവെന്നതാണ് സേമ്മളനം അംഗീകരിച്ച ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന നയരേഖ കാണിക്കുന്നത്. ഈ രേഖ പിണറായിയുടേതാണെന്നും അതിനാൽ വിമർശനം ഒന്നുംകൂടാതെ അംഗീകരിക്കപ്പെട്ടുവെന്നുമാണ് പ്രതിനിധികൾതന്നെ പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് കൂടൂതൽ നികുതിയും യൂസേഴ്സ് ഫീസും പിരിക്കാനാണ് നീക്കം. സ്വകാര്യമേഖലക്ക് കൈയയച്ച സഹായവും വാഗ്ദാനംചെയ്യുന്നു. സ്വകാര്യ സർവകലാശാലകൾക്കടക്കം പച്ചക്കൊടി വീശിയിരിക്കുന്നു.
ഇന്ത്യയിലെ മോദി ഭരണകൂടത്തെ ഫാഷിസമെന്ന് വിളിക്കാമോ ഇല്ലയോ എന്നതാണ് ജനങ്ങളെ സംബന്ധിച്ച് നിർണായകമായ മറ്റൊരു പ്രശ്നം. സി.പി.എം മോദിസർക്കാറിനെ ഫാഷിസ്റ്റായി പരിഗണിക്കുന്നില്ല. ഫാഷിസത്തിന്റെ പ്രവണതകൾ മാത്രമേയുള്ളൂവെന്നാണ് പ്രകാശ് കാരാട്ട് അടക്കമുള്ളവർ നാളുകളായി പറഞ്ഞുവരുന്നത്. അതിന് സംസ്ഥാന സമ്മേളനം അടിവരയിട്ടു. അതായത് ഫാഷിസത്തിനെതിരായ ജനങ്ങളുമായി യോജിച്ച പോരാട്ടം തന്നെ സാധ്യമല്ലെന്നർഥം. ഫാഷിസത്തിനെതിരെ ജനങ്ങൾ ഒന്നിക്കുമ്പോൾ ഇവിടെ പാർട്ടി പിന്നിൽ പോകുന്നതാണ് കാണുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ രൂപംകൊണ്ട ഇൻഡ്യ മുന്നണിയെക്കുറിച്ചും ചില അവ്യക്തതകൾ സി.പി.എം തൊടുത്തുവിട്ടിരിക്കുന്നു. അത് ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രം കണ്ടുള്ള ഒരു സഖ്യമാണ്, അത് മുന്നണിയല്ലെന്ന് സി.പി.എം വാദിക്കുന്നു. ഈ നിലപാട് വിശാലമായ പ്രതിപക്ഷ ഐക്യത്തിന് തടസ്സമാകാനാണ് സാധ്യത. രാജ്യത്ത് ശക്തമായ പ്രതിപക്ഷ മുന്നണിയുണ്ടാകണമെന്ന് മർദിത ജനങ്ങളും ന്യൂനപക്ഷങ്ങളുമെല്ലാം ആഗ്രഹിക്കുന്നുണ്ട്. മുന്നണി കെട്ടിപ്പടുക്കുക ഈ അവസ്ഥയിൽ ഹിന്ദുത്വഫാഷിസത്തിന് എതിരെയുള്ള പോരാട്ടത്തിൽ നിർണായകമാണ്. അവിടെയും സി.പി.എം പിന്തിരിയുന്നു.
ഫലത്തിൽ, സമ്മേളനത്തിന്റെ വിജയം സി.പി.എമ്മിന്റെ അണികൾക്ക് ആവേശം പകർന്നേക്കും. ഐക്യം, ഒറ്റക്കെട്ട് എന്നിങ്ങനെയുള്ള വാദങ്ങൾ പ്രവർത്തനത്തിന് ആക്കം നൽകിയേക്കാം. എന്നാൽ, അതിനു പുറത്ത് സാമാന്യ ജനങ്ങളെ സംബന്ധിച്ച്, മർദിതരെ സംബന്ധിച്ച് ഒട്ടും ആശാവഹമല്ല കാര്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.