Space travel

സയൻസിന്റെ ധീരപുത്രി

അനിശ്ചിതത്വങ്ങൾക്കൊടുവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് 287 ദിവസങ്ങൾക്കുശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയ​ിലേക്ക് വിജയകരമായി വന്നിറങ്ങിയിരിക്കുന്നു. ‘തുടക്കം’ എഴുതുമ്പോൾ ശാസ്ത്രത്തിന്റെ വിജയമുദ്ഘോഷിച്ച് കൈവീശി ചിരിക്കുന്ന സുനിത വില്യംസിന്റെ സുന്ദരചിത്രം ടെലിവിഷൻ സ്ക്രീനിൽ നിറയുന്നു. സന്തോഷം, അഭിമാനം. 2024 സെപ്റ്റംബർ അവസാനം നാസ വിക്ഷേപിച്ച സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ വാഹനത്തിലായിരുന്നു സുനിതയുടെയും വിൽമോറിന്റെയും മടക്കയാത്ര.

‘സ്റ്റാർലൈനർ’ എന്ന ബഹിരാകാശ പേടകത്തിൽ 2024 ജൂൺ അഞ്ചിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയതാണ് സുനിത വില്യംസും ബുച്ച് വിൽമോറും. നാസയുടെ സഹായത്തോടെ ബോയിങ് കമ്പനി നിർമിച്ചതാണ് ‘സ്റ്റാർലൈനർ’. സ്റ്റാർലൈനർ പേടകത്തിന്റെ മനുഷ്യരെയും വഹിച്ചുള്ള ആദ്യയാത്ര. സുനിതയുടെയും വിൽമോറിന്റെയും ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്നാമത്തെ യാത്രയായിരുന്നു അത്. അപ്രതീക്ഷിത അപകടത്തിൽപെട്ട് അവർ അവിടെ കുടുങ്ങി. സ്റ്റാർലൈനർ പേടകത്തിൽ ഹീലിയം ചോർച്ചയുണ്ടായി. അതിന്റെ ത്രസ്റ്ററുകൾക്ക് തകരാറുകൾ. എട്ടു ദിവസത്തെ ദൗത്യം എട്ടു മാസം പിന്നിട്ടു. സുനിതയുടെയും വിൽമോറിന്റെയും മടക്കയാത്ര അനിശ്ചിതത്വത്തിലായത് വലിയ ആശങ്ക സൃഷ്ടിച്ചു.

സുനിത വില്യംസ് മുമ്പ് രണ്ട് തവണയായി 322 ദിവസം ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചിട്ടുണ്ട് എന്നതിനാൽതന്നെ ആശങ്കയിൽ അർഥമി​െല്ലന്ന് കരുതിയവരും ഏറെ. അമേരിക്കൻ യുദ്ധവിമാന പൈലറ്റ് ആയിരുന്നു വിൽ മോർ. 2009ൽ ബഹിരാകാശത്തേക്ക് പോയ അറ്റ്ലാന്റിസ് സ്പേസ് ഷട്ടിലിന്റെ പൈലറ്റായിരുന്നു അദ്ദേഹം. ബഹിരാകാശ നിലയത്തിൽ തങ്ങുമ്പോഴും നിലയത്തിലെ ‘എക്‌സ്‌പെഡിഷൻ 72’ന്റെ ഭാഗമായി സെപ്റ്റംബർ മുതൽ നാസ ഇരുവരെയും ഉൾപ്പെടുത്തി. നിലയത്തിൽ എത്തുന്ന മറ്റു യാത്രികരെപ്പോലെ അവിടെ പരീക്ഷണങ്ങൾ നടത്തി. ഭൂമിയിൽനിന്ന് 408 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ബഹിരാകാശ നിലയമുള്ളത്. മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ നിലയം ഭൂമിയെ ചുറ്റുന്നു. ദിവസവും 16 തവണ ബഹിരാകാശ നിലയം ഭൂമിയെ വലംവെക്കും. ഭൂമിയിൽ ദിവസം ഒരു സൂര്യോദയവും അസ്തമയവും കാണുമ്പോൾ ബഹിരാകാശ നിലയത്തിൽ അത് 16 തവണ ദൃശ്യമാകും. തീരെ ഗുരുത്വാകർഷണം കുറഞ്ഞ, മൈക്രോ ഗ്രാവിറ്റി സിറ്റ്വേഷൻ ആണ് ബഹിരാകാശ നിലയത്തിൽ. ഒഴുകി നടന്നുവേണം ദൈനംദിന കൃത്യങ്ങൾപോലും നിർവഹിക്കാൻ. അവർ ഒട്ടും ഭയന്നില്ല. അവർ അനിശ്ചിതത്വത്തിന്റെ കാലത്തും ബഹിരാകാശ പരീക്ഷണങ്ങളെ കുറിച്ചു മാത്രമാണ് ലോകത്തോട് സംസാരിച്ചത്. ദീര്‍ഘകാല താമസത്തിനിടയില്‍ സ്റ്റേഷന്‍ സംവിധാനങ്ങള്‍ തകരാറുകളില്ലാതെ നിലനിര്‍ത്തുന്നതിലും സുഗമമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിലും സുനിത വില്യംസിന് നിര്‍ണായക പങ്കുണ്ട്.

വിവിധ പര്യടനങ്ങളിൽ 9 തവണയായി സുനിത 62 മണിക്കൂറും 6 മിനിറ്റും ‘സ്‌പേസ് വോക്ക്’ നടത്തി. മോർ 10 തവണയായി 60 മണിക്കൂറും 21 മിനിറ്റും സ്‌പേസ് വോക്ക് നടത്തി. കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കുന്ന വനിതയെന്ന റെക്കോഡ് സുനിത വില്യംസ് സ്വന്തമാക്കി. മാനവരാശിക്കും ഭാവിയിലെ ബഹിരാകാശ ഗവേഷണത്തിനും ഉപകാരപ്രദമായ ഒരുപാട് നേട്ടങ്ങള്‍ ഈ യാത്രയില്‍ ഉണ്ടായിട്ടുണ്ട്. മൈക്രോ ഗ്രാവിറ്റിയില്‍ മാത്രം നടത്താന്‍ പറ്റുന്ന ചില പരീക്ഷണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബഹിരാകാശ നടത്തമാണ്. വിപുലമായ പരിശീലനവും കൃത്യതയും ആവശ്യമുള്ളതാണ് ആ നടത്തം.

ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്ക് സഹായകമാകുന്ന, ബഹിരാകാശ മെഡിസിന്‍, റോബോട്ടിക്‌സ്, മെറ്റീരിയല്‍ സയന്‍സ് തുടങ്ങിയ ഗവേഷണങ്ങളിലും ശാസ്ത്രീയ പരീക്ഷണങ്ങളിലും ഇവരുടെ അനുഭവം വലുതാണ്.ബഹിരാകാശ രംഗത്തെ കോർപറേറ്റ് താൽപര്യം തൽക്കാലം നമുക്ക് മാറ്റിനിർത്താം. പിന്നീട് ചർച്ചചെയ്യാം. ആദ്യ പഥികരാകാൻ സുനിതയ​ും വിൽമോറും കാണിച്ച ധീരതയെ എന്തായാലും വിലമതിക്കണം. ശാസ്​ത്രത്തിന്റെ വളർച്ചയും പാടവവുമാണ് സുനിത വില്യംസിന്റെ വിജയകരമായ തിരിച്ചുവരവിലുമുള്ളത്. ശാസ്ത്രം ഇനിയും മുന്നോട്ടു കുതിക്കട്ടെ.


Tags:    
News Summary - Sunita Williams returns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.