കോവിഡ് കാലം നാം ഒരുപാട് മാറ്റങ്ങൾക്ക് സാക്ഷ്യംവഹിച്ച കാലമാണ്. സാമ്പത്തികമായും സാമൂഹികമായും അത് നമ്മെ കീഴ്മേൽ മറിച്ചു. പക്ഷേ നമ്മളാരും അധികം സംസാരിക്കാത്ത മറ്റൊരു വശമാണ് കോവിഡ് വാക്കുകളിലും ഭാഷയിലുമുണ്ടാക്കിയ ആഘാതങ്ങൾ.ഭാഷാ വൈവിധ്യങ്ങൾ നിറഞ്ഞ ദക്ഷിണേഷ്യയിൽ കോവിഡ് പടർന്നുപിടിച്ചപ്പോൾ അവിടെ സംസാരിച്ചിരുന്ന പല ഭാഷകൾക്കും കോവിഡിന്റെ ശാസ്ത്രീയ സംജ്ഞകളേയും പുതിയ വാക്കുകളെയും സ്വാംശീകരിക്കേണ്ടതായി വന്നു. സമയബന്ധിതവും ഫലപ്രദവുമായി കോവിഡിന്റെ പുതിയ ഭാഷയിൽ പൊതുജനങ്ങൾക്ക് അറിയിപ്പ് കൊടുക്കണമായിരുന്നു. പൊടുന്നനെ ഉടലെടുത്ത ഈ പ്രതിസന്ധിയെ ജനങ്ങളും ഭരണകൂടങ്ങളും നേരിട്ട രീതികൾ മനസിലാക്കുന്നത് ഭാഷയുടെ സംവേദനക്ഷമതയെയും തമ്മിലുള്ള പരസ്പര ബന്ധത്തെയും വെളിവാക്കുന്നു.
ലോകത്തിന്റെ നാലിലൊന്ന് ജനങ്ങൾ അധിവസിക്കുന്ന, ഭാഷാ വൈവിധ്യങ്ങൾ നിറഞ്ഞ ദക്ഷിണേഷ്യയിൽ കോവിഡ് പടർന്നുപിടിച്ചപ്പോൾ അവിടെ സംസാരിച്ചിരുന്ന പല ഭാഷകൾക്കും കോവിഡിന്റെ ശാസ്ത്രീയ സംജ്ഞകളേയും പുതിയ വാക്കുകളേയും സ്വാംശീകരിക്കേണ്ടതായി വന്നു. സമയബന്ധിതവും ഫലപ്രദവുമായി കോവിഡിന്റെ പുതിയ ഭാഷയിൽ പൊതുജനങ്ങൾക്ക് അറിയിപ്പ് കൊടുക്കണമായിരുന്നു.
ദക്ഷിണേഷ്യൻ ഭാഷകൾക്ക് സോഷ്യൽ ഡിസ്റ്റൻസിങ്ങ്, ക്വാറന്റീൻ, ഫ്ലാറ്റനിങ്ങ് ദി കർവ് പോലുളള ശാസ്ത്രീയ സംജ്ഞകളെ പൊടുന്നനെ ദൈനംദിന സംഭാഷണങ്ങളിൽ അഭിമുഖീകരിക്കേണ്ടതായി വന്നു. ഈയൊരു സാഹചര്യത്തിൽ ശാസ്ത്രീയ സംജ്ഞകളെ എളുപ്പത്തിലും സമഗ്രവുമായി മനസിലാക്കാൻ അതത് മാതൃഭാഷകളിലേക്ക് അവയെ സ്വാംശീകരിക്കേണ്ടത് അനിവാര്യമായിരുന്നു.
ഈ മൊഴിമാറ്റങ്ങളിലധികവും സംഭവിച്ചത് ഇംഗ്ലീഷ് ഭാഷയെ അടിസ്ഥാന മാതൃകയാക്കി നിലനിർത്തിക്കൊണ്ടായിരുന്നു. 'സോഷ്യൽ ഡിസ്റ്റൻസിങ്’ ഉദാഹരണമായെടുത്താൽ ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷനറി അതിന് അർഥം കൊടുക്കുന്നത് ഇങ്ങനെയാണ്: "പകർച്ചവ്യാധി പിടിപെടുന്നതോ പകരുന്നതോ ഒഴിവാക്കാൻ ഒരു വ്യക്തി മറ്റൊരു വ്യക്തിയുമായോ ഒരു കൂട്ടവുമായോ നിശ്ചിത അകലം പാലിച്ചു പോരുന്ന ശീലം”. ഇതിന്റെ പല ഭാഷകളിലെ മൊഴിമാറ്റങ്ങളും മൂലഭാഷയിൽ നിന്നും പദാനുപദ വിവർത്തനം ചെയ്തതിനാൽ തന്നെ അവയിൽ പലതും രസകരമായിരുന്നു. താഴെ കൊടുത്ത പട്ടികയിൽ സോഷ്യൽ ഡിസ്റ്റൻസിങിന്റെ പല ഭാഷകളിലെ തർജമകളാണുള്ളത്.
ബംഗാളി | ഷാമാജിക് ദുരത്വ |
ഹിന്ദി | സാമാജിക് ദൂരീ |
കന്നട | സാമാജിക അന്തര |
മലയാളം | സാമൂഹിക അകലം |
മറാത്തി | സാമാജിക് അന്തർ |
നേപ്പാളി | സാമാജിക് ദുരീ |
പഞ്ചാബി | സമാജിക് ദൂരീ |
തമിഴ് | സമൂഗ ഇടൈവെളി |
തെലുഗു | സാമാജിക ദൂരം |
സിംഹള | സമാജ ദുരസ്ഥ |
ഉർദു | സമാജീ ഫാസ്‌ലാ |
ക്വാറന്റീനാണ് മറ്റൊരു രസകരമായ വാക്ക്. ഒന്നുകിൽ ഇത് ദക്ഷിണേഷ്യൻ ഭാഷകളിലെ പ്രാദേശിക വാക്കുകളിലേക്ക് തർജമ ചെയ്യപ്പെടുകയോ പ്രാദേശികമായി ഉച്ചരിക്കപ്പെടാനോ തുടങ്ങി. ക്വാറന്റീനും ഐസൊലേഷനും ഒന്നല്ല എന്നതും ഇവിടെ മനസിലാക്കേണ്ടതാണ്.
ബംഗാളി | ശൊങ്കനിരോധ് / കൊയറന്റിൻ |
ഹിന്ദി | സംഘനിരോധ് / ക്വാറന്റീൻ |
കന്നട | ദിഗ്ബന്ധന |
മലയാളം | ക്വാറന്റൈൻ |
മറാത്തി | വിലഗീകാരൻ / ക്വാറന്റൈൻ |
നേപ്പാളി | ക്വാറന്റിൻ / ക്വാറന്റയിൻ |
പഞ്ചാബി | ഏകാന്തവാസ് / ക്വാറന്റീൻ |
തമിഴ് | തനിമൈ പടുത്തുടൽ |
തെലുഗു | ദിഗ്ബന്ധം / ക്വാറന്റൈൻ |
സിംഹള | നിരോധായനെയ |
ഉർദു | അലഗ്-തലഗ് / തിബ്ബീ കൈദ് / ക്വാറന്റീൻ |
മാസ്കിന് തമിഴിൽ മുഖമൂടി, ഹിന്ദിയിൽ മുഖാവരൺ, നഖബ് എന്നെല്ലാം വാക്കുകളുണ്ടെങ്കിലും ഇംഗ്ലീഷ് വാക്കായ മാസ്ക് തന്നെ എല്ലാവരും ഉപയോഗിച്ചു. പഴയ വാക്കുകളുടെ പഴയ സാംസ്കാരികഭാരങ്ങൾ ആയിരുന്നിരിക്കണം ഇതിന് കാരണം. 2021ൽ വാക്സിൻ കടന്നുവന്നതോടെ കുത്തിവെപ്പ് ക്യാമ്പയിനുകളും വ്യാപകമായി നടക്കാൻ തുടങ്ങി. അവിടങ്ങളിലെല്ലാം വാക്സിന്റെ പ്രാദേശിക മൊഴിമാറ്റങ്ങളുടെ പ്രയോഗം വളരെ കൂടുതലായിരുന്നു. ഉദാഹരണത്തിന് മറാത്തിയിലെ 'ലസ്', ഹിന്ദി, ഉർദ്ദു, പഞ്ചാബി, ബംഗ്ലാ ഭാഷകളിലെ 'ടീക്ക'. ടീക്കയുടെ അക്ഷരാർത്ഥം 'പാട്' എന്നാണ്. വസൂരി വാക്സിൻ കുത്തിവെപ്പ് നടത്തിയതിന് ശരീരത്തിൽ അടയാളപ്പെടുത്തുന്ന നടപടിക്രമത്തിന്റെ ഭാഗമായാണ് അങ്ങനൊരു വാക്ക് വരുന്നത്. ആ കുത്തിവെപ്പ് നടത്തിയിരുന്നവർ ടീക്കാദാർ എന്നും അറിയപ്പെട്ടിരുന്നു. സംസ്കൃതത്തിലെ ടിക്കികയുമായി (കുതിരയുടെ തലയിലെ വെളുത്ത പാട്) ടീക്കക്ക് ബന്ധമുണ്ട്. മറാത്തി വാക്കായ 'ലസ്' സംസ്കൃത വാക്കായ ലസീക (serum, pus, lymph) വൈദ്യ സംജ്ഞകളുമായും ബന്ധപ്പെട്ട് കിടക്കുന്നു.
ഇന്ത്യൻ ഭരണകൂടം പൗരന്മാരെ ലോക്‌ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാൻ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി കൊറോണക്ക് പുതിയ പൂർണരൂപം തന്നെ ഉണ്ടാക്കി. എങ്ങനെയെന്ന് വെച്ചാൽ ഹിന്ദിയിൽ कोरोना എന്ന് എഴുതുകയും (को) കോയി | (रो) റോഡ് പെ | (ना) നാ നിക്‌ലേ (ആരും റോഡിൽ വന്ന് നിൽക്കരുത്) എന്നെഴുതുകയും ചെയ്തു. ഇങ്ങനെ സംഭവിച്ചതിലൂടെ ഈ ഭാഷാപരിണാമങ്ങൾക്ക് പുതിയ പല മാനങ്ങളും കൈവന്നു. മറ്റൊരു വശത്ത് നിലവിലുള്ള പല വാക്കുകൾക്കും പുതിയ പല അർത്ഥങ്ങളും കൈവരിച്ചു. താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ ദക്ഷിണേഷ്യൻ മേഖലയിലെ ഡിജിറ്റൽ കോണ്ടാക്റ്റ് ട്രേസിങ് ആപ്പുകളുടെ പേരാണ് നൽകിയിരിക്കുന്നത്. പഴയ വാക്കുകളുടെ പുതിയ അർഥങ്ങൾ മനസിലാക്കാൻ ഇത് നമ്മെ സഹായിക്കും.
ബംഗ്ലാദേശ് | സുരോഖ - സുരക്ഷ |
ഇന്ത്യ | ആരോഗ്യ സേതു - ആരോഗ്യത്തിലേക്കുള്ള പാലം |
പാക്കിസ്ഥാൻ | പാക് 'നെഗെയ്ബൻ' - നിരീക്ഷകൻ |
ശ്രീലങ്ക | Stay Safe |
നേപ്പാൾ | ഹംറോ സ്വസ്ഥ്യ - നമ്മുടെ ആരോഗ്യം |
മാൽദിവ്സ് | TraceEkee |
ഭൂട്ടാൻ | ഡ്രക്ക് - തണ്ടർ ഡ്രാഗൺ |
ഈ പോസ്റ്റ്-പാൻഡമിക്ക് ലോകത്ത്, തിരക്കുപിടിച്ച വർക്ക് ഫ്രം ഹോമിന്റെ കാലത്ത് ഈ ഭാഷാപരമായ മാറ്റങ്ങൾ നമ്മുടെ സുഹൃത്തുക്കളിലും നാട്ടുകാരിലും സഹപ്രവർത്തകരിലും മാത്രമൊതുങ്ങുന്ന ഒരു മാറ്റമല്ലാത്തതുകൊണ്ട് തന്നെ നാം വിചാരിക്കുന്നതിലുമപ്പുറമുള്ള മാറ്റങ്ങൾ നമ്മുടെ ഭാഷകളിലുണ്ടാവാൻ സാധ്യതയുണ്ട്.
⚫
ഇംഗ്ലീഷ് ലേഖനം ഇവിടെ വായിക്കാം.
കടപ്പാട്: ഹിമാൽ സൗത്തേഷ്യൻ
വിവർത്തനം: നസീഫ് ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.