രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന, The Population Myth: Islam, Family Planning and Politics in India, An Undocumented Wonder: The Making of the Great Indian Elections തുടങ്ങിയ കൃതികളുടെ കർത്താവുമായ ശഹാബുദ്ദീൻ യാഖൂബ് ഖുറൈശി എന്ന എസ്.വൈ. ഖുറൈശി മാധ്യമം എഡിറ്റർ വി.എം ഇബ്രാഹീമുമായി സംസാരിക്കുന്നു. (മാധ്യമം പുതുവർഷപ്പതിപ്പ് 2023 പ്രസിദ്ധീകരിച്ച സുദീർഘ അഭിമുഖത്തിൽ നിന്നുള്ള ഭാഗം)തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്നു ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സംബന്ധിച്ച...
രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന, The Population Myth: Islam, Family Planning and Politics in India, An Undocumented Wonder: The Making of the Great Indian Elections തുടങ്ങിയ കൃതികളുടെ കർത്താവുമായ ശഹാബുദ്ദീൻ യാഖൂബ് ഖുറൈശി എന്ന എസ്.വൈ. ഖുറൈശി മാധ്യമം എഡിറ്റർ വി.എം ഇബ്രാഹീമുമായി സംസാരിക്കുന്നു. (മാധ്യമം പുതുവർഷപ്പതിപ്പ് 2023 പ്രസിദ്ധീകരിച്ച സുദീർഘ അഭിമുഖത്തിൽ നിന്നുള്ള ഭാഗം)
തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്നു ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സംബന്ധിച്ച സംശയങ്ങളും വിവാദങ്ങളും..?
അതൊക്കെ പഴങ്കഥയായില്ലേ? 1982ൽ കേരളത്തിൽ പറവൂരിലെ ഉപതെരഞ്ഞെടുപ്പിലാണ് മണ്ഡലത്തിന്റെ ഒരു പാതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ഇ.വി.എം ഉപയോഗിച്ചത്. അതോടെ മറ്റിടങ്ങളിലും ഇ.വി.എം വേണമെന്ന ആവശ്യമുയർന്നു. അതേസമയം പറവൂരിൽനിന്നുതന്നെ മെഷീനെതിരായ പരാതി സുപ്രീംകോടതി വരെയെത്തി. ബാലറ്റ് പേപ്പർ ഉപയോഗിക്കാത്ത വോട്ടിങ് നിയമവിധേയമല്ല എന്ന വാദം സുപ്രീംകോടതി അംഗീകരിച്ചു. അതിന്റെ സാങ്കേതികമായ സംശയങ്ങളായിരുന്നില്ല, ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പനുസരിച്ച് ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് ജനഹിതം അറിയേണ്ടതെന്ന ന്യായം മാത്രമാണ് കോടതി ചൂണ്ടിക്കാട്ടിയത്. അങ്ങനെ വിഷയം പാർലമെന്റിൽ എത്തിയപ്പോൾ രണ്ടു രീതിയും ആവാമെന്ന് അംഗീകരിച്ച് നിയമത്തിൽ ഭേദഗതി വരുത്തുകയാണ് ചെയ്തത്. അങ്ങനെയാണ് 1998 മുതൽ ഇ.വി.എം ഉപയോഗിച്ചു തുടങ്ങിയത്.
എല്ലാ കക്ഷികളും മെഷീൻ വോട്ടിങ്ങിനെ എതിർക്കുന്നു. ഇവരൊക്കെ അധികാരത്തിൽ മാറിമാറി വന്നത് ഈ തരം വോട്ടിങ്ങിലൂടെയാണല്ലോ. ഇ.വി.എം മാനിപുലേറ്റ് ചെയ്യാവുന്ന തരത്തിലായിരുന്നുവെങ്കിൽ അധികാരത്തിൽ ഒരിക്കൽ വന്ന പാർട്ടിക്ക് കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ പിന്നീട് അധികാരം നഷ്ടപ്പെടുമായിരുന്നില്ലല്ലോ. വിശ്വാസ്യത ചോദ്യം ചെയ്യുന്നവരോട് ഞാൻ ഇപ്പോൾ ചൂണ്ടിക്കാണിക്കാറുള്ളത് പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പാണ്. അവിടെ വിജയിക്കാൻ കിട്ടിയ വല്ല അവസരവും ബി.ജെ.പി കളഞ്ഞുകുളിക്കുമായിരുന്നോ? നീണ്ട നാലു മാസക്കാലം കേന്ദ്ര കാബിനറ്റ് അവിടെ തമ്പടിച്ചാണ് പ്രചാരണം നടത്തിയത്. ആയിരക്കണക്കിനു കോടികൾ ചെലവഴിച്ചിട്ടും ദയനീയമായ തോൽവിയാണ് അവർക്കുണ്ടായത്. ഇ.വി.എം മാനിപുലേറ്റ് ചെയ്യാനാവുമായിരുന്നെങ്കിൽ അവർക്ക് പരാജയം ഒഴിവാക്കാമായിരുന്നല്ലോ? പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഇ.വി.എമ്മിന്റെ വിശ്വാസ്യതക്കുള്ള ഏറ്റവും മികച്ച സർട്ടിഫിക്കറ്റാണ്.
കേരളത്തിലേക്കു നോക്കൂ. കേന്ദ്രത്തിലെ കരുത്തുകൊണ്ടൊന്നും അവിടെ ബി.ജെ.പിക്കു വേരോടാൻ കഴിഞ്ഞില്ല. ഇ.വി.എം മാനിപുലേഷൻ സാധ്യമെങ്കിൽ അതും ആവാമായിരുന്നു. പഞ്ചാബിൽ ബി.ജെ.പി മുന്നിലെത്താതെ പോയതെന്തേ? ചുരുക്കത്തിൽ മെഷീനെതിരായ ആരോപണങ്ങൾ ഇതുവരെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
2009ൽ ഞാൻ കമീഷനിലുണ്ടായിരിക്കെ മെഷീൻ വിരുദ്ധ ആരോപണങ്ങൾ ഉച്ചിയിലായിരുന്നു. പ്രതിപക്ഷത്തായിരുന്ന ബി.ജെ.പിയായിരുന്നു അതിന്റെ മുന്നിൽ. ജനാധിപത്യം അപകടത്തിൽ (Democracy in Danger) എന്ന പേരിൽ ഒരു കൃതിതന്നെ ബി.ജെ.പി പുറത്തിറക്കി. എൽ.കെ. അദ്വാനിയാണ് അവതാരിക എഴുതിയത്. അന്നു ഞങ്ങൾ ഒരു സർവകക്ഷിയോഗം വിളിച്ചു. എന്താണ് പരാതിപരിഹാരമായി നിർദേശിക്കാനുള്ളതെന്നു ചോദിച്ചപ്പോൾ വിവിപാറ്റ് സംവിധാനം വേണമെന്നായിരുന്നു അവർക്കു പറയാനുണ്ടായിരുന്നത്. മെഷീനിൽ വോട്ടിന് അമർത്തുമ്പോൾ അത് അടയാളപ്പെടുന്നത് സെൻട്രൽ പ്രോസസിങ് യൂനിറ്റിലാണ്. അത് അവിടെയെത്തി എന്നോ വേറെ സ്ഥാനാർഥികൾക്ക് മാറിപ്പോയില്ല എന്നോ ഉറപ്പിക്കാനാവുമായിരുന്നില്ല. അതിനാൽ സുതാര്യതക്കായി വോട്ടർ വെരിഫയബ്ൾ പേപ്പർ ഓഡിറ്റേറ്റ് (വിവിപാറ്റ്) കൂടി വേണം എന്നായിരുന്നു അവരുടെ ആവശ്യം. അവിടെ വോട്ട് ചെയ്യുമ്പോൾ ഉദ്ദേശിച്ച സ്ഥാനാർഥിക്കുതന്നെയാണ് അത് വീണതെന്നു സ്ക്രീനിൽ തെളിയും. അതിന്റെ പ്രിന്റും ലഭ്യമാകും. അതോടെ ഇ.വി.എമ്മിനെക്കുറിച്ച ആശയക്കുഴപ്പങ്ങളും തീരും.
പക്ഷേ, വിവിപാറ്റ് സൗകര്യം നാമമാത്ര അല്ലേ?
അല്ല, നൂറു ശതമാനമാണ്. 2019ലെ തെരഞ്ഞെടുപ്പിൽ വരെ അത് പൂർണമായ തോതിൽ ഉപയോഗിച്ചതാണ്. പക്ഷേ, എണ്ണൽ നാമമാത്രമാണ്. ഒരു നിയമസഭ നിയോജകമണ്ഡലത്തിൽ അഞ്ചെണ്ണം എന്ന തോതിലാണ് അതെണ്ണുന്നത് എന്നുമാത്രം. അതുകൊണ്ട് വീണ്ടും പഴയ ബാലറ്റു പേപ്പറിലേക്ക് തിരിച്ചുപോകുക എന്ന വിഡ്ഢിത്തമല്ല ചെയ്യേണ്ടത്. ഒരുദിവസം കൂടുതലെടുത്താലും മുഴുവൻ വിവിപാറ്റും എണ്ണിയാൽ തീരുന്നതേയുള്ളൂ അവശേഷിക്കുന്ന ആശയക്കുഴപ്പങ്ങളും. രണ്ടര മാസമൊക്കെ ഫലത്തിനു കാത്തിരിക്കുന്നവർക്കു രണ്ടു മൂന്നു നാൾകൂടി കാത്തിരിക്കാൻ പ്രയാസമൊന്നുമുണ്ടാവില്ല. അതുവഴി തെരഞ്ഞെടുപ്പിന്റെയും ജനാധിപത്യപ്രക്രിയയുടെയും മാറ്റു വർധിക്കുകയല്ലേ ചെയ്യുക. ബാലറ്റ് പേപ്പറിനേക്കാൾ സൈസ് വളരെ കുറവും ഒരു വിവിപാറ്റ് ചീട്ടിൽ ഒരാളുടെ പേരേ ഉണ്ടാവൂ എന്നതും അത് എണ്ണുന്നത് കൂടുതൽ എളുപ്പമാക്കും.
പാശ്ചാത്യ രാജ്യങ്ങൾ ഈ വഴിയേ പോകാത്തതെന്ത്?
എന്തിനു പടിഞ്ഞാറൻ രാജ്യങ്ങളെ നോക്കണം. പല കാര്യങ്ങളിലും നാം അവർക്കും മീതെയാണ്. 250 വർഷത്തെ പാരമ്പര്യമുണ്ട് അമേരിക്കൻ ജനാധിപത്യത്തിന്. രണ്ടര ശതകം പിന്നിട്ടിട്ടും ഇന്നോളം ഒരു വനിതയെ പ്രസിഡന്റായി വാഴിക്കാൻ അവർക്കായിട്ടില്ല. ഇന്ത്യ ജനാധിപത്യക്രമത്തിൽ 19 വർഷം പിന്നിട്ടപ്പോഴേക്കും ഇന്ദിര ഗാന്ധിയെപ്പോലെ കരുത്തുറ്റ ഒരു വനിതയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. അപ്പോൾ ആരാണു മീതെ? ആര് ആരിൽനിന്നാണു പഠിക്കേണ്ടത്? സ്വതന്ത്ര ഇന്ത്യ 1950ൽ ആദ്യ തെരഞ്ഞെടുപ്പ് തൊട്ട് ആണിനും പെണ്ണിനും തുല്യ വോട്ടവകാശം നൽകി. അമേരിക്ക അങ്ങോട്ടെത്താൻ 144 വർഷമെടുത്തു. ആരാണ് മീതെ? നമ്മളെന്തിന് അമേരിക്കയിൽനിന്നു പഠിക്കണം? അവർ നമ്മിൽനിന്നാണു പഠിക്കേണ്ടത്. ഇംഗ്ലണ്ട് നൂറു വർഷമെടുത്തു സമ്മതിദാന വിനിയോഗത്തിലെ ലിംഗസമത്വത്തിന്. പിന്നെ നമ്മൾ എന്തിന് അങ്ങോട്ടു നോക്കണം? ചില വികസന സംരംഭങ്ങളിൽ നമ്മൾ ഇന്ത്യക്കാർ കുറെ മുന്നിലാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നമ്മൾ ഇന്ന് ലോകഗുരുവാണ്. പല രാജ്യങ്ങളും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിക്കാൻ നമ്മുടെ സഹായം തേടിയെത്തുന്നുണ്ട്.
തെരഞ്ഞെടുപ്പിൽ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനെ വിലക്കിയ സുപ്രീംകോടതി വിധിയെ താങ്കൾ എതിർത്തത് ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയവത്കരിക്കരുതെന്നായിരുന്നു കമന്റ്. എന്തായിരുന്നു അത്തരമൊരു അഭിപ്രായപ്രകടനത്തിനു കാരണം?
സൗജന്യപ്രഖ്യാപനം കഴിഞ്ഞ കുറേ കാലങ്ങളായി ചർച്ചാവിഷയമാണ്. ഞാൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ചുമതലയേറ്റ ശേഷം സുപ്രീംകോടതിയിൽ ഇതിനെതിരായി ഒരു പൊതു താൽപര്യ ഹരജി വന്നു. നിരുത്തരവാദപരമായ സൗജന്യപ്രഖ്യാപനങ്ങൾ നമ്മുടെ സമ്പദ്ഘടനയെ വിപരീതമായി ബാധിക്കുമെന്നും അതിനാൽ നിയന്ത്രിക്കണമെന്നുമായിരുന്നു ആവശ്യം......
അഭിമുഖത്തിന്റെ പൂർണരൂപം മാധ്യമം പുതുവർഷപ്പതിപ്പ് 2023ലും മാധ്യമം വെബ്സീനിലും വായിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.