മലപ്പുറം ജില്ലയുടെ വളര്‍ച്ചയും വികസനവും എന്താണ് അടയാളപ്പെടുത്തുന്നത്? സാമൂഹിക രംഗത്തെ ഏത് മേഖലയെടുത്ത് പരിശോധിച്ചാലും ഒരു സംസ്ഥാനം അതിലെ ഒരു പ്രദേശത്തെ ജനതയോട് കാണിക്കുന്ന സമാനതകളില്ലാത്ത വിവേചനത്തിെൻറ തെളിവുകള്‍ ലഭിക്കുമെന്ന് മാധ്യമപ്രവർത്തകനായ ലേഖകൻ.
കിഡ്നി രോഗബാധിതരെ സഹായിക്കാന്‍ മലപ്പുറം ജില്ല പഞ്ചായത്ത് 12 കൊല്ലം മുമ്പ് നടപ്പാക്കിയ പദ്ധതി കേരള ചരിത്രത്തിലെ അത്യപൂര്‍വ മാതൃകകളിലൊന്നായിരുന്നു. കിഡ്നി പേഷ്യൻറ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പദ്ധതിയില്‍ വിവിധ വകുപ്പുകളിലായി പ്രതിവര്‍ഷം മൂന്നരകോടിയുടെ സഹായമാണ് നല്കിക്കൊണ്ടിരുന്നത്. ജില്ല പഞ്ചായത്ത് ഫണ്ടിന് പുറമെ പൊതുജനങ്ങള്‍ നല്കിയ സംഭാവനയാണ് ഈ പദ്ധതിയെ വിജയകരമാക്കിയത്. സ്കൂളുകള്‍, പള്ളികള്‍, ഓട്ടോ-ടാക്സി-ബസ് അടക്കമുള്ള വിവിധ മേഖലകളിലെ തൊഴിലാളികള്‍, വ്യാപാരികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മദ്റസകള്‍ തുടങ്ങി പൊതുജനമൊത്തുചേരുന്ന സ്ഥലങ്ങളിലെല്ലാം ഇതിനായി ജനങ്ങള്‍തന്നെ പണപ്പിരിവ് നടത്തി. അവര്‍ സ്വമേധയാ നല്കിയ ചെറിയ തുകകള്‍ മരുന്നായും ചികിത്സയായും സാമ്പത്തിക സഹായമായും ജില്ലയിലെ കിഡ്നി രോഗികളിലേക്കെത്തി. മലപ്പുറത്തുകാര്‍ ഇത്രയേറെ ആവേശത്തോടെ ഏറ്റെടുത്ത പദ്ധതി ഇപ്പോള്‍ ഏതാണ്ട് നിലച്ചമട്ടാണ്. പദ്ധതിയിലേക്ക് പണം നല്കാന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന അനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയതോടെയാണ് ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. മലപ്പുറത്തുകാരനായ കെ.ടി. ജലീല്‍ തദ്ദേശ മന്ത്രിയായതോടെയാണ്, സാങ്കേതികതയും ചട്ടപ്പടി നൂലാമാലകളും പറഞ്ഞ് പണംനല്‍കുന്നത് തടഞ്ഞത്! കടുത്ത ജനരോഷമുയര്‍ന്നതോടെ പണം നല്കാന് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ് ഭേദഗതിചെയ്തു. എന്നാല്‍ അതിന്, കര്‍ശന ഉപാധികള്‍ െവച്ച് സുഗമമായ നടത്തിപ്പ് പ്രയാസകരമാക്കുന്ന തരത്തിലായിരുന്നു തിരുത്ത്. പിന്നീട് ഒരു കൊല്ലത്തോളം നാട്ടുകാര്‍ അത് മുന്നോട്ടുകൊണ്ടുപോയെങ്കിലും ഇപ്പോള്‍ പദ്ധതി ഏറക്കുറെ നിശ്ചലാവസ്ഥയിലാണ്. ജില്ല ആശുപത്രികള്‍ വഴി നാമമാത്രമായ ചികിത്സാസൗകര്യമൊരുക്കുന്നതിലേക്ക് അത് ചുരുങ്ങി.
മലപ്പുറം ജില്ലയില്‍ ജനക്ഷേമ പരിപാടികള്‍ നടപ്പാക്കുന്നതെങ്ങനെയെന്നും അതിനോട് സംസ്ഥാന ഭരണകൂടങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ എന്തായിരിക്കുമെന്നും വ്യക്തമാക്കുന്നതാണ് അങ്ങേയറ്റം സാധുക്കളായ രോഗികള്‍ക്ക് വേണ്ടി നടപ്പാക്കിയ പദ്ധതിയുടെ അവസ്ഥ. ഇത് ഏതെങ്കിലും ഒരു പദ്ധതിയില്‍ യാദൃച്ഛികമായി സംഭവിക്കുന്നതല്ല. മലപ്പുറത്തുകാരുടെ അതിജീവന പദ്ധതികളിലെല്ലാം കാണുന്ന പൊതുസ്വഭാവമാണ് ഭരണകൂട പങ്കാളിത്തത്തിെൻറ അഭാവവും ജനപങ്കാളിത്തത്തിെൻറ ആധിക്യവും. കൈയയച്ച് സഹായിക്കാനുള്ള മലപ്പുറത്തുകാരുടെ സന്നദ്ധതയെ ഇതിഹാസവത്കരിച്ച്, അതിെൻറ മറവില്‍ ഭരണകൂടം അവരുടെ ബാധ്യതകളില്‍നിന്ന് ഒഴിഞ്ഞുമാറുകയും സംസ്ഥാനത്തിെൻറ വിഭവ വിതരണത്തില്‍ അന്നാട്ടുകാര്‍ക്ക് ലഭിക്കേണ്ട നീതിപൂര്‍വമായ വിഹിതം പോലും നിഷേധിക്കുകയുമാണ് ചെയ്യുന്നത്. ജില്ലയുടെ വളര്‍ച്ചയും വികസനവും അടയാളപ്പെടുത്തുന്ന ഏത് മേഖലയെടുത്ത് പരിശോധിച്ചാലും ഒരു സംസ്ഥാനം അതിലെ ഒരു പ്രദേശത്തെ ജനതയോട് കാണിക്കുന്ന സമാനതകളില്ലാത്ത വിവേചനത്തിെൻറ തെളിവുകള്‍ ലഭിക്കും. സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അവസാന സെന്‍സസ് പ്രകാരം 41.13 ലക്ഷം. 33.01 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരെത്തക്കാള്, മലപ്പുറത്ത് അധികമുള്ളത് എട്ട് ലക്ഷത്തിലധികം ആളുകള്‍. ഈ രണ്ട് ജില്ലകളിലെ സാമൂഹിക സാഹചര്യങ്ങള്‍ താരതമ്യം ചെയ്താല്‍ അറിയാം ആ വിവേചനത്തിെൻറ ആഴം. പൊതുപണം ഉപയോഗിച്ചുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ ഒരു താരതമ്യംപോലും അര്‍ഹിക്കാത്തവിധം പിന്നിലാണ് മലപ്പുറം. ജനസംഖ്യ തീരെ കുറഞ്ഞ പത്തനംതിട്ട (11.97 ലക്ഷം) പോലുള്ള ജില്ലകളോടുപോലും മലപ്പുറത്തെ താരതമ്യം ചെയ്യാനാവില്ല. ജനസംഖ്യ കൂടുന്നതോ കുറയുന്നതോ അല്ല, ഒരു പ്രദേശത്തിെൻറ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ സവിശേഷതകളാണ് ഈ വിവേചനത്തിെൻറ അടിസ്ഥാനമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരള ഭരണസംവിധാനത്തിെൻറ ജനിതക വൈകല്യമാണ് ഈ വിവേചനം. സംസ്ഥാന ഭരണത്തില്‍ നിര്‍ണായക പങ്കാളിത്തമുള്ള മലപ്പുറത്തെ നേതാക്കളോ മലപ്പുറം പാര്‍ട്ടിയോ അധികാരത്തിലില്ലാത്ത ഒരു സര്‍ക്കാറും ജില്ല രൂപവത്കരണ ശേഷം കേരളത്തിലുണ്ടായിട്ടില്ല. എന്നിട്ടും ജില്ലയുടെ തലവരക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല.
വി.എസ് സര്‍ക്കാറിെൻറ കാലത്ത് പത്താംതരം പരീക്ഷാഫലം പ്രഖ്യാപിച്ച ഒരു വാര്‍ത്താസമ്മേളനത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയോട് ഒരു ചോദ്യമുന്നയിച്ചു. മലപ്പുറത്തെ പ്ലസ്ടു സീറ്റുകളുടെ എണ്ണം അനുസരിച്ച് നാല്പതിനായിരത്തോളം കുട്ടികള്‍ പുറത്താക്കപ്പെടുമല്ലോ, സര്‍ക്കാര്‍ ഇതിന് എന്താണ് പരിഹാരം കാണുന്നത് എന്നായിരുന്നു ചോദ്യം. അത്രയും കുട്ടികള്‍ പുറത്താക്കപ്പെടുമെന്ന വാദംതന്നെ തെറ്റാണ് എന്നായിരുന്നു അതിന് മന്ത്രിയുടെ ആദ്യ മറുപടി. സ്വന്തം വകുപ്പിന് കീഴിലെ അടിസ്ഥാന സൗകര്യ വിതരണത്തിലെ അസന്തുലിതത്വത്തെക്കുറിച്ച് പ്രാഥമിക ധാരണപോലുമില്ലാതെയാണ് സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കുന്നു ഇൗ മറുപടി. കണക്കുകള്‍ നിരത്തി മന്ത്രിയുടെ വിശദീകരണം തെറ്റാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ സമര്‍ഥിച്ചപ്പോള്‍, ബാക്കിയുള്ളവര്‍ക്ക് പഠിക്കാന്‍ അണ്‍എയ്ഡഡ് സ്കൂളുകളും ഓപണ്‍ സ്കൂളുകളുമുണ്ട് എന്നായിരുന്നു വിശദീകരണം. അതെ, സ്വന്തം പണംമുടക്കി സ്വാശ്രയ സ്കൂളുകളുണ്ടാക്കി, അവിടെ അധിക പണം മുടക്കി പഠിച്ചോളൂ എന്ന്. എന്നിട്ടും ബാക്കിയുള്ളവരുണ്ടെങ്കില്‍ മുഖ്യധാരാ വിദ്യാഭ്യാസത്തിെൻറ പുറമ്പോക്കായ ഓപണ്ധാരയില് പഠിക്കട്ടെ എന്നും. സ്വാശ്രയ വിരുദ്ധ സമരം അധികാരാരോഹണത്തിനുള്ള മുഖ്യ മൂലധനമായി നിക്ഷേപിക്കുന്ന ഇടതുപക്ഷമാണ് ഇതുപറയുന്നത് എന്നതുകൂടി ശ്രദ്ധേയമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി പരീക്ഷാഫലം പുറത്തുവരുന്നതിന് പിന്നാലെ കേരളത്തില്‍ ഉയരുന്ന ഏറ്റവും വലിയ ചര്‍ച്ച മലപ്പുറത്തെ കുട്ടികളുടെ ഹയര്‍സെക്കൻഡറി ഉപരിപഠന സാധ്യതകളെക്കുറിച്ചാണ്. പത്താംതരം വിജയിക്കുന്നവരുടെ എണ്ണവും ജില്ലയിലെ ഹയര്‍സെക്കൻഡറി സീറ്റുകളുടെ എണ്ണവും തമ്മിലെ അന്തരമാണ് ഈ ചര്‍ച്ചയുടെ മര്‍മം. ശരാശരി 75,000 പേര് വിജയിക്കുന്ന ജില്ലയില്‍ 25,000 പേരെങ്കിലും പൊതുവിദ്യാലയത്തില്‍നിന്ന് പുറത്താക്കപ്പെടുന്നുവെന്നതാണ് അവസ്ഥ. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി നടന്ന ബോധപൂര്‍വമായ ചില ഇടപെടലുകളുടെ ഫലമായാണ് ഇത് ഇത്രയെങ്കിലും എത്തിയത്. എന്നിട്ടും മറ്റ് ജില്ലകള്‍ക്ക് സമാനമായ പഠനാവസരം ഇവിടെ എത്തിയിട്ടില്ല.
സ്വാശ്രയ സ്കൂളുകളാണ് മലപ്പുറത്തെ വിദ്യാര്‍ഥികളുടെ പ്ലസ് ടു പഠനാവസരത്തിന് ഇപ്പോഴും തുണയാകുന്നത്. 33 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് 82 സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്കൂളുകളുണ്ട്. അതിനെക്കാള്‍ എട്ട് ലക്ഷം ആളുകള്‍ കൂടുതലുള്ള മലപ്പുറത്ത് അത് 86 എണ്ണം മാത്രമാണ്. 25 ലക്ഷം ജനസംഖ്യയുള്ള കണ്ണൂരില്‍ 81 സര്‍ക്കാര്‍ സ്കൂളുകളുണ്ട്. മലപ്പുറത്ത് ഈ വിഭാഗത്തില്‍ 73 അണ് എയ്ഡഡ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്ത് 48 സ്കൂളുകളേയുള്ളൂ. അണ് എയ്ഡഡ് അടക്കം ആകെ 248 ഹയര്‍ സെക്കൻഡറി സ്കൂളുകളുള്ള മലപ്പുറത്ത് ഇത്രയും സ്കൂളുകളിലായി ആകെയുള്ളത് 689 പ്ലസ്ടു ബാച്ചുകളാണ്. എന്നാല്‍ ആകെ 178 സ്കൂളുകളുള്ള തിരുവനന്തപുരത്താകട്ടെ 633 ബാച്ചുകളുണ്ട്. 200ന് അടുത്ത് സ്കൂളുകളുള്ള തൃശൂര്‍, എറണാകുളം ജില്ലകളിലും ബാച്ച് എണ്ണം ഏറക്കുറെ മലപ്പുറത്തിന് ഒപ്പമാണ്. തിരുവനന്തപുരത്ത് ഒരു സ്കൂളില്‍ ശരാശരി 34 ബാച്ചാണ് പ്രവര്‍ത്തിക്കുന്നത് എങ്കില്‍ മലപ്പുറത്ത് അത് ഒരു സ്കൂളില്‍ 23 ബാച്ചാണ്. എണ്ണിത്തിട്ടപ്പെടുത്തുന്ന കണക്കുകള്‍കൊണ്ട് ജനസംഖ്യാനുപാതികമായി അര്‍ഹമായ വിഹിതം അട്ടിമറിക്കപ്പെടുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് ബാച്ചുകളുടെ എണ്ണത്തിലെ ഈ അനുപാതം. കൂടുതല്‍ ബാച്ചുകള്‍ ഉൾക്കൊള്ളാനുള്ള അടിസ്ഥാനസൗകര്യങ്ങളില്ലാത്തവയാണ് മലപ്പുറത്തെ ഭൂരിഭാഗം സ്കൂളുകളുമെന്നുകൂടി വ്യക്തമാക്കുന്നു ഈ കണക്കുകള്‍.
മതിയായ പഠനസൗകര്യമൊരുക്കണമെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുറവിളിക്ക്് ശക്തികൂടിയ ശേഷംപോലും ഭരണ നടപടികളില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. 1999-2019 കാലയളവില്‍ സംസ്ഥാനത്ത് പുതുതായി 68 വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്കൂളുകള്‍ സര്‍ക്കാര്‍ അനുവദിച്ചു. ഈ 20 വര്‍ഷത്തിനിടെ മലപ്പുറം ജില്ലക്ക് കിട്ടിയത് വെറും മൂന്ന് പുതിയ വി.എച്ച്.എസ്.സികളാണ്. 1999ല്‍ 24 സ്കൂളുണ്ടായിരുന്നത് ഇപ്പോള്‍ 27 ആയി. എന്നാല്‍, 1999ല്‍ 34 സ്കൂളുകളുണ്ടായിരുന്ന തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ ഏഴ് പുതിയ സ്കൂള്‍ അനുവദിച്ചു. 17 സ്കൂളുണ്ടായിരുന്ന ആലപ്പുഴയില്‍ 10ഉം 43 സ്കൂളുണ്ടായിരുന്ന കൊല്ലത്ത് ഒമ്പതും സ്കൂളുകള്‍ പുതുതായി വന്നു. ജനസംഖ്യയില്‍ മലപ്പുറത്തിെൻറ പകുതി മാത്രമുള്ള കോട്ടയത്തിനുപോലും കിട്ടി ഇക്കാലയളവില്‍ ഏഴ് പുതിയ സ്കൂള്‍. അവിടെയാകട്ടെ നേരത്തേ തന്നെ 24 എണ്ണമുണ്ടായിരുന്നു. കോഴ്സുകളുടെ എണ്ണത്തിലും ഈ വിവേചനം പ്രകടമാണ്. ഹയര്‍സെക്കൻഡറി പഠനസൗകര്യം അങ്ങേയറ്റം പരിമിതമാണെന്ന് ബോധ്യപ്പെട്ടശേഷവും മലപ്പുറത്തോട് സംസ്ഥാന സര്‍ക്കാറുകള്‍ പുലര്‍ത്തുന്ന അവഗണനക്ക് വേറെ കണക്കുകള്‍ വേണ്ടതില്ല. പ്രൈമറി സ്കൂളുകളുടെയും ഹൈസ്കൂളുകളുടെയും കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. മലപ്പുറത്ത് 49 അണ് എയ്ഡഡ് യു.പി സ്കൂളുകളുണ്ട്. കേരളത്തിലെ മറ്റ് ജില്ലകളില്‍ ഇത് അഞ്ച് മുതല്‍ പരമാവധി 29 വരെയാണ്. ഹൈസ്കൂളുകളാകട്ടെ 118 എണ്ണമാണ് അണ് എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് 50 എണ്ണമേ ഉള്ളൂ ഇൗ ഗണത്തിൽ. ഇവിടെ 126 സര്‍ക്കാര്‍ സ്കൂളുകളും 94 എയ്ഡഡ് സ്കൂളുകളും പ്രവര്‍ത്തിക്കുമ്പോള്‍ മലപ്പുറത്ത് അത് യഥാക്രമം 94ഉം 85 ഉം മാത്രം. മലപ്പുറത്ത് ഒരു ഹൈസ്കൂളില്‍ ശരാശരി 1927 കുട്ടികള്‍ പഠിക്കേണ്ടി വരുമ്പോള്‍ പത്തനംതിട്ടയില്‍ ഇത് ശരാശരി 620 ആണ്. സൗജന്യ സാര്‍വത്രിക വിദ്യാഭ്യാസം നടപ്പാക്കി എന്നു മേനിപറയുന്ന സംസ്ഥാനത്താണ് വിഭവവിതരണത്തിലെ ഈ അന്തരം പദ്ധതി ആസൂത്രണത്തില്‍ ഒട്ടും പരിഗണിക്കപ്പെടാതിരിക്കുന്നത്.
കേരളത്തില്‍ പ്രാഥമിക വിദ്യാലയങ്ങളില്‍ സ്വന്തമായി കെട്ടിടമില്ലാത്ത ആകെ 91 സ്കൂളുകളേ കേരളത്തിലുള്ളൂ. ഇതില്‍ 20ഉം മലപ്പുറത്താണ്! യു.പി സ്കൂളുകളില്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ജില്ലകളില്‍ സ്വന്തം കെട്ടിടമില്ലാത്ത ഒരൊറ്റ സ്കൂളുമില്ല. എന്നാല്‍, മലപ്പുറത്ത് ഇത്തരം നാലെണ്ണമുണ്ട്. സര്‍വശിക്ഷ അഭിയാന് അടക്കമുള്ള പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കോടികള്‍ ചെലവിട്ട ഒരു സംസ്ഥാനത്താണ് ഒരൊറ്റ ജില്ലയില്‍ ഇത്രയും സ്കൂളുകളെന്നതാണ് വിചിത്രം. സംസ്ഥാനത്താകെ 17 യു.പി സ്കൂളുകളേ ഇക്കൂട്ടത്തിലൂള്ളൂ എന്നും കാണണം. നാട്ടുകാര്‍ സ്വന്തം പണം മുടക്കി സ്ഥാപിക്കുന്ന സ്കൂളുകളുടെ എണ്ണത്തില്‍ മാത്രമാണ് മലപ്പുറത്തിന് മുന്നിലെത്താനാകുന്നത്. ഉന്നത പഠനത്തിെൻറ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു കോളജ് എന്ന നിലയില്‍ കോളജുകളുടെ എണ്ണം ഉറപ്പാക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിെൻറ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുവദിച്ച കോളജുകളില്‍ എട്ടെണ്ണം സ്ഥാപിക്കേണ്ടി വന്നത് മലപ്പുറത്താണ്. അതില്‍ തന്നെ നല്ല കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുള്ള കോളജുകള്‍ നന്നേ കുറവാണ്. നാട്ടുകാര്‍ പിരിവെടുത്ത് വാടക കൊടുത്തും സൗജന്യമായി സ്ഥലം കൊടുത്തുമൊക്കെയാണ് പല കോളജുകളും പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ അനുവദിച്ചിട്ടും സംസ്ഥാനത്തെ ആകെ കോളജുകളുടെ വിന്യാസത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതത്വം പരിഹരിക്കപ്പെട്ടിട്ടില്ല. മലപ്പുറത്തെ ആകെ കോളജുകളുടെ എണ്ണം (സര്‍ക്കാർ എയ്ഡഡ്) ഇപ്പോഴും 20 ആണ്. തിരുവനന്തപുരത്തും കോട്ടയത്തും തൃശൂരും 22 വീതം കോളജുകളുണ്ട്. ഈ ജില്ലകളിലെ ജനസംഖ്യകൂടി പരിഗണിച്ചാല്‍ ഈ അനുപാതത്തിലെ അന്യായം ബോധ്യപ്പെടും. ബിരുദ വിദ്യാഭ്യാസ പ്രായത്തിലുള്ളവരുടെ ജനസംഖ്യയുമായി താരതമ്യം ചെയ്താല്‍ ഇത് കുറച്ചുകൂടി വ്യക്തമാകും. മലപ്പുറത്ത് 26 വിദ്യാര്‍ഥികള്‍ക്ക് ഒരു സീറ്റ് എന്ന നിലയിലാണ് ബിരുദ കോഴ്സുകളുടെ ലഭ്യത. കോട്ടയത്ത് ഇത് മൂന്ന് കുട്ടികള്‍ക്ക് ഒരു സീറ്റ് എന്ന നിലയിലാണ്! 2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്- അഞ്ച് ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയില്‍. തിരുവനന്തപുരത്ത് ഇത് 2-3 ലക്ഷത്തിനിടയിലാണ്. വിദ്യാര്‍ഥി പ്രായത്തിലേക്ക് കടക്കുന്നവരുടെ എണ്ണത്തിലെ ഈ ബാഹുല്യമെങ്കിലും പരിഗണിച്ചിരുന്നെങ്കില്‍ ഇത്രമേല്‍ വിവേചനം മലപ്പുറത്തോട് കാണിക്കാനാകില്ലായിരുന്നു. ഉന്നത പഠനമേഖലയിലേക്ക് കുട്ടികള്‍ എത്തിപ്പെടുന്നതിന് ഈ അപര്യാപ്തതകള്‍ വലിയ തടസ്സം സൃഷ്ടിക്കുന്നുവെന്ന് ഔദ്യോഗിക പഠനങ്ങള്‍തന്നെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഈ പോരായ്മകളെല്ലാം മലപ്പുറത്തുകാര്‍ മറികടക്കുന്നത് അവര്‍ തന്നെ വികസിപ്പിച്ച സ്വാശ്രയ കോളജുകളും സ്കൂളുകളും വഴിയാണ്.
മലപ്പുറത്തെ വിദ്യാഭ്യാസമേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ പങ്കാളിത്തം അവഗണിക്കപ്പെട്ടത്. സാമൂഹിക ജീവിതത്തെ സ്പര്‍ശിക്കുന്ന സകല സേവന മേഖലകളിലും ഈ പ്രവണത കാണാം. എല്ലായിടത്തും സ്വകാര്യ സംരംഭകരും സേവന ദാതാക്കളുമാണ് മലപ്പുറത്തെ ചലിപ്പിക്കുന്നത്. അവര്‍കൂടി നികുതി നല്കി സമാഹരിക്കുന്ന പൊതുഖജാന മലപ്പുറത്തിന് വേണ്ടി തുറക്കുന്നത് അത്യപൂര്‍വമായി മാത്രമാണ്. മലപ്പുറത്തുകാര്‍ കൂട്ടത്തോടെ മന്ത്രിസഭയിലിരിക്കുന്ന കാലത്തും അന്നാട്ടുകാര്‍ക്ക് വേണ്ടി നീതിപൂര്‍വം അത് വിനിയോഗിക്കപ്പെട്ടിട്ടില്ല. സംസ്ഥാന സര്‍ക്കാറിെൻറ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്.ടി.സി സര്‍വിസുകളുടെ മലപ്പുറത്തെ പ്രാതിനിധ്യം നല്ല ഉദാഹരണമാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് കെ.എസ്.ആർ.ടി.സി ബസ് സര്‍വിസുള്ള രണ്ടാമത്തെ ജില്ലയാണ് മലപ്പുറം. ഇവിടെ ആകെയുള്ളത് 198 ബസ് മാത്രം. മലപ്പുറത്തിന് പിറകിലുള്ളത് കാസര്‍കോടാണ് (147). കൊല്ലത്ത് 595ഉം പത്തനംതിട്ടയില്‍ 311ഉം കോട്ടയത്ത് 496ഉം ബസുകളാണ് നിലവിലുള്ളത്. തിരുവനന്തപുരത്താകട്ടെ ഇത് 1383 ആണ്. എന്നിട്ടും ഈ ജില്ലകളെക്കാൾ ഭൂവിസ്തൃതിയിലും ജനസംഖ്യയിലും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന മലപ്പുറത്ത് ബസുകളുടെ എണ്ണം നാമമാത്രം. ഇതില്‍തന്നെ എത്ര ബസുകള്‍ സര്‍വിസ് നടത്താന്‍ പ്രാപ്തമാണ് എന്നത് വേറെ അന്വേഷിക്കണം. ബസ് ഷെഡ്യൂളുകളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. തിരുവനന്തപുരത്ത് 1540ഉം കൊല്ലത്ത് 646ഉം ആലപ്പുഴയില്‍ 402ഉം കോട്ടയത്ത് 430ഉം എറണാകുളത്ത് 579ഉം ഷെഡ്യൂളുകള്‍ ഓപറേറ്റ് ചെയ്യുമ്പോള്‍ മലപ്പുറത്ത് ആകെയുള്ളത് 210 ഷെഡ്യൂള്‍ മാത്രം.
റൂട്ടുകളുടെ എണ്ണത്തിലും സംസ്ഥാന സര്‍ക്കാര്‍ മലപ്പുറത്തെ പരിഗണിച്ചിട്ടില്ല. പത്തനംതിട്ടയില്‍ 477 റൂട്ടും കോട്ടയത്ത് 531 റൂട്ടും എറണാകുളത്ത് 952 റൂട്ടും കൊല്ലത്ത് 969 റൂട്ടുമാണ് കെ.എസ്.ആര്.ടി.സി സര്‍വിസുള്ളത്. എന്നാല്‍, ഇത് മലപ്പുറത്തെത്തുമ്പോള്‍ 184 ആയി കുത്തനെ കുറയും. ഈ റൂട്ടുകളിലായി ആകെ സര്‍വിസ് നടത്തുന്നത് 12,611 കി.മീറ്റര്‍ ദൂരം മാത്രം. ഇക്കാര്യത്തിലും കാസര്‍കോട് മാത്രമേ മലപ്പുറത്തിന് പിറകിലുള്ളൂ. ആകെ ഓടിയത് 248 ലക്ഷം കി.മീറ്ററും. തെക്കന്‍ കേരളത്തിലെ ഏത് ജില്ലയിലും 27,000 കി.മീറ്ററിൽ കൂടുതല്‍ ദൂരം സര്‍വിസുണ്ട്. കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ നിശ്ചയിക്കുന്നതിെൻറ മാനദണ്ഡം എന്താണെന്ന് ഈ കണക്കുകള്‍ നോക്കിയാല്‍ വ്യക്തമാകില്ല. എന്നാല്‍, മലബാറിനോടും മലപ്പുറത്തോട് വിശേഷിച്ചുമുള്ള കടുത്ത വിവേചനം ഈ കണക്കുകള്‍ക്കിടയില്‍ ദൃശ്യമാണ്. പരിമിതമെങ്കിലും മലപ്പുറത്ത് നിലവിലുള്ള സര്‍വിസുകള്‍ വിജയകരമാണെന്നും കണക്കുകള്‍ പറയുന്നുണ്ട്. യാത്രക്കാരുടെ എണ്ണത്തിലും ഫലപ്രദമായി സര്‍വിസ് നടത്തുന്നതിലും ഇത് ദൃശ്യമാണ്. ഒരുവര്‍ഷം ആകെ ഓപറേറ്റ് ചെയ്യേണ്ട ദൂരവും അതില്‍ ഫലപ്രദമായി ഓപറേഷന് നടന്ന ദൂരവും തമ്മിലെ അന്തരം പരിശോധിച്ചാല്‍ ഇതുകാണാം. സംസ്ഥാനത്ത് ഒരു ജില്ലയിലും ആകെ ഓടേണ്ട ദൂരത്തെക്കാള്‍ കൂടുതല്‍ ദൂരം ഓപറേഷന് നടത്തിയിട്ടില്ല, മലപ്പുറത്തൊഴികെ. യാത്രക്കാരുടെ എണ്ണത്തിലും കാണാം ഈ ആധിക്യം. ഇത്ര കുറവ് ബസുകളും ഇത്ര കുറഞ്ഞ ദൂരത്തെ സര്‍വിസുകളും ആണെങ്കിലും ഒരു വര്‍ഷം കെ.എസ്.ആര്.ടി.സി വഹിക്കുന്ന യാത്രക്കാരുടെ എണ്ണം 300 ലക്ഷമാണ്. 250 ബസുള്ള ഇടുക്കിയെക്കാളും 268 ബസുള്ള കാസര്കോെട്ടക്കാളും കൂടുതല്‍ യാത്രക്കാര്‍. മലപ്പുറത്തെ പൊതു ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതക്ക് അടിവരയിടുന്നതാണ് ഈ കണക്ക്. ഓപറേഷന് കേന്ദ്രങ്ങളുടെ കാര്യത്തിലും കാണാം ഈ ദൗര്‍ബല്യം. തിരുവനന്തപുരത്ത് 20ഉം കൊല്ലത്ത് ഒമ്പതും കോട്ടയത്ത് ഏഴും കേന്ദ്രങ്ങളില്‍നിന്ന് സര്‍വിസുകള്‍ ഉണ്ടെങ്കില്‍ മലപ്പുറത്ത് അത് നാലെണ്ണം മാത്രമാണ്. യാത്ര ചെയ്യണമെന്നുണ്ടെങ്കില്‍ സ്വകാര്യ വാഹനങ്ങളെ ഇത്രമേല്‍ ആശ്രയിക്കേണ്ടിവരുന്ന ജില്ല മറ്റൊന്നില്ല. റെയില്‍വേയുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.
മുസ്ലിം ലീഗിെൻറ ഭരണസ്വാധീനത്താല്‍ മലപ്പുറം ജില്ലയിലെ റോഡുകളെല്ലാം മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി മികച്ച രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട് എന്നൊരു പ്രചാരണം സമീപകാലത്തുണ്ടായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് പൊതുമരാമത്ത് വകുപ്പ് മിക്കവാറും ലീഗിന് ലഭിക്കുന്നതിനാല്‍ പ്രത്യക്ഷത്തില്‍ ഇത് ശരിയാണെന്ന് തോന്നുകയും ചെയ്യും. എന്നാല്‍, ഇക്കാര്യത്തിലും മറ്റ് ജില്ലകളെക്കാള്‍ പിന്നിലാണ് മലപ്പുറം. ജില്ല റോഡുകളുടെ കാര്യത്തിലും സ്റ്റേറ്റ് ഹൈവേകളുടെ കാര്യത്തിലും കൂടുതല്‍ മികച്ച റോഡുകളുള്ളത് കോട്ടയത്തും എറണാകുളത്തും ഇടുക്കിയിലും തൃശൂരുമാണ്. മലപ്പുറത്ത് ബിറ്റുമിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആകെ നിര്‍മിച്ചത് 2680 കി.മീറ്ററാണെങ്കില്‍ കോട്ടയത്ത് അത് 3456 കി.മീ ആണ്. എറണാകുളത്ത് 3140കി.മീറ്ററും. വ്യവസായങ്ങളുടെ കാര്യത്തിലും കാണാം സര്‍ക്കാര്‍ അവഗണനയുടെ ഞെട്ടിക്കുന്ന കണക്കുകള്‍. കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങള്‍ മലപ്പുറത്തില്ല. സംസ്ഥാന പൊതു മേഖലാ വ്യവസായങ്ങള്‍ രണ്ടെണ്ണമാണ് മലപ്പുറത്ത് പ്രവര്‍ത്തിക്കുന്നത്. സഹകരണ സ്ഥാപനങ്ങളാണെങ്കിലും പരമ്പരാഗത വ്യവസായങ്ങളാണെങ്കിലും ഇതുതന്നെയാണ് അവസ്ഥ.
കേരളത്തില്‍ സ്പെഷാലിറ്റി ആശുപത്രിയില്ലാത്ത 25 ലക്ഷത്തിൽ അധികം ജനസംഖ്യയുള്ള ഏക ജില്ലയാണ് മലപ്പുറം. തിരുവനന്തപുരത്ത് അഞ്ചും ആലപ്പുഴയില്‍ നാലും കൊല്ലത്ത് രണ്ടും സര്‍ക്കാര്‍ വക സ്പെഷാലിറ്റി ആശുപത്രികളുണ്ട്. മൂന്ന് ജില്ല ആശുപത്രികള്‍ മലപ്പുറത്തുണ്ടെങ്കിലും മൂന്നിലും ചേര്‍ത്ത് ആകെയുള്ളത് 483 കിടക്കകളാണ്. രണ്ട് ജില്ല ആശുപത്രിയുള്ള തിരുവനന്തപുരത്തും (562 കിടക്ക), ഒാരോന്ന് മാത്രമുള്ള കൊല്ലത്തും (537), ആലപ്പുഴയിലും (487), പാലക്കാടും (544), വയനാടും (500), കണ്ണൂരും (616) ഇതിനെക്കാള്‍ അധികം കിടക്കകളുണ്ട്. താലൂക്ക് ആശുപത്രികളുടെ കാര്യത്തിലും കാണാം സമാനമായ സ്ഥിതിവിശേഷം. ആറ് താലൂക്ക് ആശുപത്രികളുണ്ടായിട്ടും ആകെയുള്ളത് 497 കിടക്കകൾ മാത്രം. മൂന്നെണ്ണമുള്ള കോട്ടയത്ത് കിടക്കകളുടെ എണ്ണം 551 ആണ്. കണക്കുപുസ്തകത്തിലെ വലുപ്പം മലപ്പുറത്തിെൻറ കാര്യത്തില്‍ ഫലത്തിലുണ്ടാകില്ല എന്നതാണ് പൊതുതത്ത്വം. അതുതന്നെയാണ് ജില്ല-താലൂക്ക് ആശുപത്രികളുടെ കണക്കിലുമുള്ളത്. ഒരു പഞ്ചായത്തില്‍ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്നതാണ് കേരളത്തിലെ പൊതുമാനദണ്ഡം. എന്നാല്‍, നൂറോളം ഗ്രാമപഞ്ചായത്തുകളുള്ള മലപ്പുറത്ത് 65 പി.എച്ച്.എസികള്‍ മാത്രമാണുള്ളത്്. മൊത്തം ആശുപത്രികളുടെ എണ്ണം എടുത്താലും കാണാം ഈ വൈരുധ്യം. എണ്ണത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആശുപത്രികളുള്ള ജില്ലയാണ് മലപ്പുറം- 124. എന്നാല്‍ ആകെ കിടക്കകളുടെ എണ്ണം 2508! 118 ആശുപത്രികളുള്ള തിരുവനന്തപുരത്തുള്ളത് 4879 കിടക്കകള്‍. 90 എണ്ണമുള്ള ആലപ്പുഴയില്‍ 3424. 115 എണ്ണമുള്ള എറണാകുളത്ത് 4574. മലപ്പുറത്ത് അത്യാവശ്യക്കാരുണ്ടെങ്കില്‍ പണം മുടക്കി ചികിത്സ തേടട്ടെ എന്നാണ് ഈ വിവേചനത്തിലൂടെ സര്‍ക്കാര്‍ നല്കുന്ന സന്ദേശം. സര്‍ക്കാറിെൻറ ഈ മനോഭാവം സ്വകാര്യ ആശുപത്രി വ്യവസായം തിരിച്ചറിഞ്ഞിട്ടുമുണ്ട്. സംസ്ഥാനത്ത് ഏറ്റവുമേറെ സ്വകാര്യ ആശുപത്രികളുള്ള ജില്ലയായി മലപ്പുറം മാറിക്കഴിഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക് പരിശോധിച്ചാല്‍ ഇതിനെക്കാള്‍ ഗുരുതരമാണ്. 2016ല കണക്ക് അനുസരിച്ച് 455 മെഡിക്കല്‍ ഓഫിസര്‍മാരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. അഥവാ, 9000-10,000 വരെ പേര്‍ക്ക് ഒരു മെഡിക്കല്‍ ഓഫിസര്‍. തിരുവനന്തപുരത്ത് ഇത് 6000-7000 പേര്‍ക്ക് ഒരാള്‍ എന്നതാണ് കണക്ക്. പത്തനംതിട്ടയില്‍ 4000-5000 പേര്‍ക്ക് ഒരു മെഡിക്കല്‍ ഓഫിസറും കോട്ടയത്ത് 3000-4000 പേര്‍ക്ക് ഒരു മെഡിക്കല്‍ ഓഫിസറുമുണ്ട്. തെക്കന്‍ കേരളത്തിലെ ഒരു മലയാളി പൗരന് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ നേര്‍പകുതിയാണ് മലപ്പുറത്തെ ഒരു മലയാളി പൗരന് ലഭിക്കുന്ന അവകാശമെന്നാണ് ഈ കണക്കുകള്‍ പറയുന്നത്. നഴ്സ് മുതല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വരെയുള്ളവരുടെ എണ്ണത്തിലുമുണ്ട് ഭീമമായ ഈ അന്തരം. മലപ്പുറത്ത് ഒരു മെഡിക്കല്‍ കോളജുണ്ടായതുതന്നെ അന്നാട്ടുകാരുടെ അധ്വാനംകൊണ്ടാണ്. അങ്ങേയറ്റം പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മഞ്ചേരി ജില്ല ആശുപത്രിക്ക് നാട്ടുകാര്‍ പിരിവിട്ട് കെട്ടിടം നിര്‍മിച്ചു. ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിലായിരുന്നു നിര്‍മാണം. വിപുലമായ സൗകര്യങ്ങളിലേക്ക് ആശുപത്രി വികസിച്ചപ്പോള്‍ സര്‍ക്കാര്‍ അതിനെ മെഡിക്കല്‍ കോളജായി പ്രഖ്യാപിച്ചു, അത്രതന്നെ. നാട്ടുകാര്‍ക്ക് നഷ്ടമായ ജില്ല ആശുപത്രിയുടെ സേവനത്തിന് പകരം സംവിധാനം വന്നുമില്ല. ഫലത്തില്‍ മെഡിക്കല്‍ കോളജ് വന്നതുകൊണ്ട് അധികമായി ഒരു പ്രയോജനവും അന്നാട്ടുകാര്‍ക്കുണ്ടായില്ല. ജനസംഖ്യാനുപാതികമായി ന്യായമായി ലഭിക്കേണ്ട ഏതവകാശത്തിെൻറ കാര്യമെടുത്താലും മലപ്പുറത്ത് ഈ വിവേചനം പ്രകടമാണ്. ഇത്രയൊക്കെ പരിമിതികളും സര്‍ക്കാര്‍ അവഗണനയും നേരിട്ടിട്ടും മലപ്പുറം അതിജീവിച്ചത് പ്രവാസത്തിലൂടെയാണ്. കടല്‍കടന്നുപോയവര്‍ അവരുടെ പിന്‍തലമുറക്ക് വേണ്ടി സൃഷ്ടിച്ച ബദല്‍ പദ്ധതികളാണ് അവരെ കൈപിടിച്ചുനടത്തിയത്. പ്രവാസികളെ ഒരുകാലത്ത് ജന്മനാടുമായി ഇണക്കിച്ചേര്‍ത്തിരുന്നത് ഇവിടത്തെ പോസ്റ്റോഫിസുകളാണ്. അതിെൻറ കാര്യത്തില്‍പോലുമുണ്ട് പക്ഷേ ഈ വിവേചനം! മലപ്പുറത്ത് ഒരു പോസ്റ്റോഫിസിന് കീഴിലുള്ളത് ശരാശരി 9407 പേര്. തൃശൂരില്‍ ഇത് 6400ഉം കോട്ടയത്ത് 4800ഉം പത്തനംതിട്ടയില്‍ 3795ഉം ആണ്!
പുതിയ ജില്ല
ജില്ല ആസ്ഥാനമായ മലപ്പുറത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങള്‍പോലും വിദൂര സ്ഥലങ്ങള്‍ ആസ്ഥാനമായ താലൂക്കുകള്‍ക്ക് കീഴില്‍ വരുന്ന വിചിത്രമായ റവന്യൂ ഘടനയാണ് ജില്ലക്കുള്ളത്. മലപ്പുറം നഗരത്തോട് ചേര്‍ന്ന മേല്‍മുറിയും പാണക്കാടും ഏറനാട് താലൂക്കിെൻറ ഭാഗമാണ്. മലപ്പുറത്തുനിന്ന് അത്രതന്നെ അകലത്തിലുള്ള കൂട്ടിലങ്ങാടി, കോഡൂര്‍, കുറുവ എന്നിവ പെരിന്തല്‍മണ്ണ താലൂക്കിലും. ഒതുക്കുങ്ങല്‍ തിരൂരങ്ങാടിയിലാെണങ്കില് പൊന്മള തിരൂര്‍ താലൂക്കില്‍. ജില്ല ആസ്ഥാനമായ നഗരത്തോട് ചേര്‍ന്ന സ്ഥലങ്ങള്‍ ഇങ്ങനെ വിദൂരസ്ഥമായ താലൂക്കുകളുമായി ചേര്‍ന്നുനില്‍ക്കേണ്ടിവരുന്ന സംസ്ഥാനത്തെ ഏക ജില്ലയായിരിക്കും മലപ്പുറം. ജനജീവിതത്തെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി സൂക്ഷ്മതലത്തില്‍ ബന്ധിപ്പിക്കുന്ന റവന്യൂ ഘടനയുടെ സങ്കീര്‍ണത സൃഷ്ടിക്കുന്ന ദുരിതം ചെറുതല്ല. ഇത് പുനഃസംഘടിപ്പിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഭരണകൂടത്തിന് മുന്നില്‍ ഇപ്പോഴും അതൊരു ഗൗരവപ്പെട്ട വിഷയമായിട്ടില്ല. ഭൂവിസ്തൃതിയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലകളിലൊന്നാണ് മലപ്പുറം. 3550 ചതുരശ്ര കിലോമീറ്റര്‍. പാലക്കാടും ഇടുക്കിയുമാണ് ഇക്കാര്യത്തില്‍ മലപ്പുറത്തിന് മുന്നിലുള്ളത്. ഇടുക്കിയിലാകട്ടെ ഭൂരിഭാഗവും വനഭൂമിയാണ്.
77 താലൂക്കുകളുള്ള സംസ്ഥാനത്ത് ഒരു താലൂക്കിലെ ശരാശരി ജനസംഖ്യ 4.33 ലക്ഷമാണ്. എന്നാല്‍ മലപ്പുറത്ത് ഇത് 5.87 ലക്ഷവും. ആറ് താലൂക്കുണ്ടായിരുന്ന ജില്ലയില്‍ പുതുതായി അനുവദിച്ച ഒന്നടക്കം ഇപ്പോള്‍ ഏഴെണ്ണമുണ്ട്. എന്നാല്‍ എട്ട് ലക്ഷത്തിലധികം ജനസംഖ്യവരുന്ന തിരൂര്‍ താലൂക്ക് വിഭജിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. കൂടുതല്‍ താലൂക്കുകള്‍ ഉണ്ടാക്കുക എന്നതിലുപരി മലപ്പുറം ജില്ല തന്നെ വിഭജിക്കണമെന്ന നിര്‍ദേശവും പ്രബലമാണ്. വള്ളുവനാട് കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യം നേരത്തേ നിയമസഭയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. തിരൂര്‍ കേന്ദ്രമായി പുതിയ ജില്ല എന്ന നിര്‍ദേശമാണ് മറ്റൊന്ന്. താരതമ്യേന ശാസ്ത്രീയമായ രീതിയില്‍ ജനസംഖ്യാ വിഭജനവും റവന്യൂ ഘടനയും നടപ്പാക്കാന്‍ കഴിയുന്നതാണ് തിരൂര്‍ കേന്ദ്രീകരിച്ച് ജില്ല എന്ന ആശയം. രൂപവത്കരിക്കപ്പെട്ട ശേഷം ഇതുവരെ പുനഃസംഘടിപ്പിക്കാത്ത രണ്ട് ജില്ലകളേ കേരളത്തിലുള്ളൂ- മലപ്പുറവും തിരുവനന്തപുരവും. തിരുവനന്തപുരം, തലസ്ഥാനം എന്ന നിലയിലെ എല്ലാ പരിഗണനയും ലഭിക്കുകയും അന്യായമായ തരത്തിലുള്ള വിഭവ കേന്ദ്രീകരണം നടക്കുകയും ചെയ്ത സ്ഥലമാണ്. അതുകൊണ്ട് തന്നെ അത് വിഭജിക്കണമെന്ന ആവശ്യം ഉയരാനേയിടയില്ല. എന്നാല്‍, മലപ്പുറത്തിെൻറ അവസ്ഥ നേരെ മറിച്ചാണ്. 1957ല്‍ ജില്ലകള്‍ പുനഃസംഘടിപ്പിച്ച ശേഷം കേരളത്തിലെ എല്ലാ ജില്ലകളും വിഭജിക്കപ്പെട്ടിട്ടുണ്ട്. ആലപ്പുഴക്കും പത്തനംതിട്ടക്കും വേണ്ടി കൊല്ലം വിഭജിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് വേണ്ടി കോട്ടയം മൂന്ന് തവണ വിഭജിക്കപ്പെട്ടു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ രണ്ടുതവണയും പാലക്കാടും തൃശൂരും എറണാകുളവും ഓരോതവണയും വിഭജനത്തിന് വിധേയമായി. മലപ്പുറത്തെക്കുറിച്ച് ഇപ്പോഴും അത്തരമൊരു ചര്‍ച്ച ഭരണതലത്തില്‍ രൂപപ്പെട്ടിട്ടില്ല. മലപ്പുറത്തെക്കാള്‍ വിഭവശേഷിയുള്ള, എന്നാല്‍ ജനസംഖ്യയില്‍ മലപ്പുറത്തിനും പിന്നില്‍ മൂന്നാമതുള്ള എറണാകുളം വിഭജനമാണ് ഏറെക്കാലമായി കേരള സര്‍ക്കാറുകളുടെ മുന്നിലുള്ള ഏക പദ്ധതി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് ഒരിക്കല്‍ അത് പരസ്യമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഏത് സൂചികകള്‍ പ്രകാരം അളന്നാലും കേരളത്തില്‍ ആദ്യം വിഭജിക്കേണ്ടത് മലപ്പുറമാണെന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. എന്നിട്ടും കേരളത്തില്‍ അധികാരത്തിലെത്തുന്നവരുടെ പരിഗണനാവിഷയമായി മലപ്പുറം മാറുന്നില്ല. ജനസംഖ്യാനുപാതികമായി വിഭവവിതരണം സാധ്യമാകണമെങ്കില്‍ മലപ്പുറത്തെ വിഭജിച്ച് പുതിയൊരു ജില്ല രൂപവത്കരിച്ചേ മതിയാകൂ.
വിവേചനത്തിെൻറ കണക്കിനെക്കുറിച്ച ചോദ്യങ്ങളെ വസ്തുനിഷ്ഠമായി നേരിടാന്‍ കേരളത്തിലെ ഭരണ, പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം ഇതുവരെ തയാറായിട്ടില്ല. കൃത്യമായ ഇടവേളകളില്‍ അധികാരത്തില്‍ വലിയ പങ്കാളിത്തം ലഭിക്കുന്ന മലപ്പുറത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ മുസ്ലിം ലീഗ് ഇതുവരെ ഇത്തരമൊരു പ്രശ്നമുണ്ട് എന്ന് തുറന്ന് സമ്മതിക്കാന്‍ പോലും തയാറായിട്ടില്ല. ചില നേതാക്കളും വ്യക്തികളും അനുബന്ധ സംഘടനകളും ഉന്നയിക്കുന്നു എന്നതൊഴിച്ചാല്‍, ഇതൊരു രാഷ്ട്രീയ അജണ്ടയായി ലീഗ് പരിഗണിച്ചിട്ടില്ല. സി.പി.എമ്മാകട്ടെ, ഇതുവരെ മലപ്പുറത്തിന് വേണ്ടി ചെയ്തതെല്ലാം തങ്ങളാണെന്ന പഴകിപ്പുളിച്ച അവകാശവാദം പൊടിതട്ടിയെടുത്താണ് ഈ പ്രശ്നത്തെ നേരിടുന്നത്. ഈ രണ്ട് വാദങ്ങളും മലപ്പുറത്തിെൻറ അതിജീവനത്തിന് ഒരുപോലെ ഭീഷണിയാണ്. സത്യസന്ധമായി പ്രശ്നങ്ങളെ നേരിടാന്‍ രാഷ്ട്രീയ നേതൃത്വം തയാറാകാതെ ഇത് പരിഹരിക്കാനാകില്ല. കാരണം വിഭവവിതരണത്തിലെ അസന്തുലിതത്വം, ഭരണനടപടികളിലെ സ്വാഭാവിക അലംഭാവം എന്നതിനപ്പുറം ബോധപൂര്‍വമായ വിവേചനത്തിെൻറ തലത്തിലെത്തിക്കഴിഞ്ഞിരിക്കുന്നുവെന്നത് തന്നെ. മലപ്പുറത്തുകാരെൻറ ആളോഹരി അവകാശം, തെക്കന്‍ കേരളത്തിലെ മലയാളിയുടെ പകുതിമാത്രമാണെന്ന് ഓരോ മേഖലയിലെ കണക്കുകളും സര്‍ക്കാര്‍ രേഖകളും വിഭവ വിതരണത്തിലെ അന്തരവും അടിവരയിടുന്നു. ജനങ്ങള്‍ സ്വമേധയാ നല്കുന്ന സംഭാവനകളെ പാടിപ്പുകഴ്ത്തലല്ല ഭരണകൂടത്തിെൻറ ഉത്തരവാദിത്തം. അത് മാറ്റിെവച്ച്, അവര്‍ക്ക് അര്‍ഹമായ വിഹിതം നീതിപൂര്‍വം എത്തിച്ചുകൊടുക്കാന്‍ സംവിധാനമുണ്ടാക്കലാണ്. അധികാര കേന്ദ്രങ്ങളുടെ അഭിനന്ദനങ്ങളില്‍ അഭിരമിക്കുന്നതിന് പകരം അവകാശം ചോദിച്ചുവാങ്ങലാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന ബോധ്യം അന്നാട്ടുകാര്‍ക്കും ഉണ്ടാകേണ്ടതുണ്ട്. കേരളത്തിനകത്ത് അപരവത്കരിക്കപ്പെട്ട ഒരുപദേശീയത മലപ്പുറത്തിെൻറ പേരില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആര്‍ക്കും എളുപ്പത്തില്‍ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കാവുന്ന തരത്തിലാണ് അതിെൻറ അടിത്തറ. അതുകൊണ്ടുതന്നെ ഭരണകൂടത്തിെൻറ അതിക്രമങ്ങള്‍ക്കൊപ്പം, കേരളത്തിെൻറ സാംസ്കാരിക ആക്രമണങ്ങള്‍ക്കുകൂടി മലപ്പുറം ഇരയാകുന്നുണ്ട്. ആളോഹരി വിഹിതത്തില്‍ ഒരുകുറവുമില്ലാതെ കേരളം മലപ്പുറത്തുകാര്‍ക്ക് വകെവച്ചുകൊടുത്തിട്ടുള്ളത് ചാപ്പയടിച്ച് പൈശാചികവത്കരിച്ച ഈ പ്രതിച്ഛായ മാത്രമാണ്. ആളോഹരി അവകാശം തിരിച്ചുപിടിച്ചുതുടങ്ങേണ്ടതും അവിടെനിന്നാണ്. മലപ്പുറത്തുകാരും മലയാളികളാണ് എന്ന് പറയുന്നിടത്തുനിന്നാണ്.
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1095 പ്രസിദ്ധീകരിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.