മാനസികാരോഗ്യ സംരക്ഷണത്തിലെ പുതു ട്രെൻഡുകൾ എങ്ങോട്ടാണ് നയിക്കുക? ആരുടെ മാനസികാരോഗ്യത്തെ കുറിച്ചാണ് ചർച്ച ചെയ്യപ്പെടുന്നത്? എന്തൊക്കെയാവണം അന്വേഷണങ്ങളിലെയും പ്രയോഗങ്ങളിലെയും നൈതിക മാനദണ്ഡങ്ങൾ? ന്യൂനപക്ഷ സാമൂഹിക പരിസരത്തു നിന്നുള്ള ആലോചനകൾ പങ്കുവെക്കുന്നു...
ഏതൊരു ആശയത്തിന്റെയും ലക്ഷ്യം സകല മനുഷ്യരുടെയും വിമോചനവും അഭിവൃദ്ധിയും ആവേണ്ടതുണ്ട്. ഏതെങ്കിലുമൊന്നിനെ വിട്ടുവീഴ്ച ചെയ്തുകൊണ്ടോ രണ്ടിനെയും പാടേ അവഗണിച്ചുകൊണ്ടോ ഒന്നും വിജയിക്കില്ല. ഈ ലക്ഷ്യങ്ങളെ സാധൂകരിക്കുന്ന ബോധ്യങ്ങളായിരിക്കണം നമ്മുടെ ഇടപഴകലുകളിലും അന്വേഷണങ്ങളിലും പ്രകടമാകേണ്ടത്. അറിവുൽപാദനത്തിന്റെയും പ്രയോഗത്തിന്റെയും മണ്ഡലങ്ങളും ഈ പരിഗണനക്ക് പുറത്തല്ല. എല്ലാ ശാസ്ത്രങ്ങളും മനുഷ്യനന്മയിലേക്കാണ് നയിക്കേണ്ടത്. എന്താണ് മാനസികാരോഗ്യമെന്നും അതിന്റെ സംരക്ഷണത്തിനായി കൈക്കൊള്ളേണ്ട മാർഗങ്ങൾ ഏതെല്ലാമാണെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതും ഈ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ്.
ഒരു വ്യക്തിയെ രൂപീകരിക്കുന്നത് അവരുടെ സമൂഹത്തിലെ ഇടപാടുകൾ, പരസ്പര ബന്ധങ്ങൾ, അതിലെ ഉച്ഛനീചത്വങ്ങൾ, അവിടെയുണ്ടാവുന്ന സാധ്യതകൾ, നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാമാണ്. അങ്ങനെ സാമൂഹിക ജീവിയാകുന്ന വ്യക്തി സാമൂഹിക യാഥാര്‍ഥ്യങ്ങളെ എങ്ങിനെയാണ് സമീപിക്കുന്നത്, അതിനെ ഏതുവിധേനയാണ് കൈകാര്യം ചെയ്യുന്നത് എന്നതനുസരിച്ചാണ് ഓരോരുത്തരുടെയും പ്രത്യയശാസ്ത്ര ബോധ്യങ്ങൾ വെളിവാകുന്നതും അതവരുടെ രാഷ്ട്രീയമാകുന്നതും. അതുകൊണ്ട് തന്നെ മാനസികാരോഗ്യത്തെ കുറിച്ച ചർച്ചകളുണ്ടാവേണ്ടത് സാമൂഹിക യാഥാർഥ്യങ്ങളെ പരിഗണിച്ചുകൊണ്ടാവണം. മാനസികാരോഗ്യത്തിന്റെ മണ്ഡലം വ്യക്തിയിൽ മാത്രം പരിമിതമാണെന്നത് ഒരു പൊള്ളയായ വാദമാണ്.
ഇങ്ങനെയൊരു കുറിപ്പെഴുതാനുണ്ടായ കാരണങ്ങളെ ചൂണ്ടികാണിച്ചാല്‍ കുറച്ചുകൂടി വ്യക്തതയോടെ കാര്യങ്ങളെ മനസിലാക്കാൻ കഴിയുമെന്ന് തോന്നുന്നു. 2016ൽ റിലീസായ ആനന്ദം സിനിമയിലെ ഒരു രംഗമാണ്. കോളേജ് വിദ്യാർഥികളായ ചെറുപ്പക്കാര്‍ ഗോവയിലെത്തി സൂര്യോദയം കാണുന്നു. അതിനെ തുടർന്ന് അവരിലെ പ്രണയജോഡികളുടെ തത്വചിന്താ പ്രവാഹമാണ്. “ഇടക്കൊക്കെ ഇങ്ങിനെ സൂര്യോദയങ്ങള്‍ കണ്ടാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ നമ്മുടെ ചുറ്റിലും ഉള്ളൂ…” ബിടെക്കുകാരൻ പ്രേമപരവശനായി തന്റെ കാമുകിയുടെ ആശയത്തില്‍ ആകൃഷ്ടനാകുന്നു. ഇവരെ കൂടുതല്‍ അടുപ്പിക്കുന്ന മറ്റൊരു ഘടകം പത്രം വായിക്കുന്നത് നെഗറ്റീവ് ആണെന്ന അഭിപ്രായമാണ്. കൊലപാതകങ്ങള്‍, ബലാത്സംഗം, അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങളെ കുറിച്ചൊന്നും അറിയാതിരിക്കുന്നതാണ്, സ്വച്ഛമായ ജീവിതത്തിന്റെ മുന്നോട്ടുപോക്കിന് നല്ലത്. ഇനി പത്രം വായിക്കാന്‍ തോന്നിയാല്‍ തന്നെ കായികം പേജ് വായിക്കുന്നതില്‍ തെറ്റില്ല. ഈ രംഗം മാനസികാരോഗ്യത്തെ കുറിച്ച ഒരു വീക്ഷണത്തെ പരിചയപ്പെടുത്തുന്നുണ്ട്. സാമൂഹിക യാഥാര്‍ഥ്യങ്ങളെ നേരിടാൻ തയ്യാറാവാതെ, അവയോട് പിന്തിരിഞ്ഞു നിന്ന് കടൽത്തീരത്തെ സൂര്യാസ്തമനത്തിലും കുന്നിൻചെരുവിലെ പ്രകൃതിഭംഗിയിലും അതിനിടയിലെ ആഘോഷത്തിമിർപ്പിലും സംരക്ഷിക്കപ്പെടുന്ന ഒരു മാനസികാരോഗ്യം. ഒരുനേരത്തെ വിശപ്പടക്കാന്‍ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന ആദിവാസി യുവാവ് മധു ഏത് അസ്തമനമാണ് കാണേണ്ടത്? തല്ലിക്കൊന്നവര്‍ ഏത് കടൽതീരത്ത് പോയാണ് തെറ്റുതിരുത്തേണ്ടത്? നിരുത്തരവാദിത്വത്തിന്റെ അരാഷ്ട്രീയ മൂടുപടമണിഞ്ഞ പുരോഗമനാശയങ്ങള്‍ ഏതോ ബലംകുറഞ്ഞ ബലൂണായാണ് മാനസികാരോഗ്യത്തെ പലപ്പോഴും പരിചയപ്പെടുത്തുന്നത്. സാമൂഹിക മാധ്യമങ്ങളിൽ കറങ്ങിനടക്കുന്ന സെൽഫ് ഹെൽപ് കുറിപ്പടികളും ഈ പ്രവണതയെ വ്യാപകമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നാം നേരിടുന്ന പ്രശ്നങ്ങൾക്ക് ആത്യന്തികമായി കാരണമാകുന്നത് നമ്മുടെ തന്നെ സമീപനങ്ങളോ പ്രവൃത്തികളോ ആണെന്നും അത് പരിഹരിക്കുന്നതോടെ അങ്ങനെയൊരു പ്രശ്നമേ ഉണ്ടാവില്ലെന്ന വാദത്തിന്റെ വിശദീകരണമാണ് സെൽഫ് അഫർമേഷൻ എക്സർസൈസുകളും സ്ട്രെങ്ത്ത് അസസ്‌മെന്റുകളും വിഷൻ ചാർട്ടുകളും.
ജർമൻ സാമൂഹിക മനഃശാസ്ത്രജ്ഞനായ എറിക് ഫ്രോം മനഃശാസ്ത്ര ഗവേഷണ രംഗത്തെ സാമൂഹിക-രാഷ്ട്രീയ സ്വാധീനങ്ങളെ വിശകലനം ചെയ്യുന്നത് പരിശോധിച്ചാല്‍ പല പൊള്ളത്തരങ്ങളും വെളിവാകും. സിഗ്മണ്ട് ഫ്രോയ്ഡിന്റെ മാനസികാപഗ്രഥന സിദ്ധാന്തങ്ങളെയും ആശയങ്ങളെയും നിരൂപണം ചെയ്യുന്നത് അതിലെ സ്ത്രീവിരുദ്ധതയും ബൂര്‍ഷ്വാ ചിന്താഗതിയെയും പ്രശ്‌നവല്‍ക്കരിച്ച് കൊണ്ടാണ്. ഫ്രോയ്ഡിയന്‍ സിദ്ധാന്തങ്ങളില്‍ പ്രധാനപ്പെട്ട ഒരാശയമാണ് ഇറോജിനസ് സോണ്‍ (erogenous zone) – വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഒരു വ്യക്തിക്ക് ശരീരത്തിലെ ഒരു ഭാഗം ലൈംഗിക ഉന്മാദ കേന്ദ്രമായിരിക്കും – എന്ന ആശയം. പിറന്നുവീണ ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം കുട്ടിയുടെ ആ കേന്ദ്രം വായയാണ്. അമ്മയുടെ മുലപ്പാല്‍ കുടിക്കുക എന്ന പ്രക്രിയയിലൂടെയാണ് ഈ ലൈംഗിക ഉന്മാദം കുട്ടി കൈവരിക്കുന്നത്. വളരെ അടിസ്ഥാനപരമായ മറുചോദ്യത്തിന് മുന്നിൽ ഫ്രോയിഡ് നിശ്ശബ്ദനാണ്. കുട്ടിയുടെ ലൈംഗിക ഉന്മാദം വായില്‍ ആണെന്ന് പറയുന്നത് അംഗീകരിച്ചാൽ മാതാവിന്റെ ഇറോജിനസ് സോണ്‍ ഏതാണ്? മുലയൂട്ടുന്നതിലൂടെ അവര്‍ക്ക് ലഭിക്കുന്നത് എന്ത് ഉന്മാദമാണ്? സ്‌നേഹം, വാത്സല്യം എന്നീ മാനവിക മൂല്യങ്ങള്‍ ഫ്രോയ്ഡിയന്‍ ആശയങ്ങള്‍ക്ക് വെളിയിലാണ്. തീര്‍ത്തും ഭൗതികമായ ഏകകങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള വീക്ഷണത്തില്‍ മാത്രമേ മാതൃ-ശിശു ബന്ധത്തെ കാണാന്‍ സാധിക്കുന്നുള്ളൂ എന്നത് വ്യക്തമാണ്. ഇവിടെയെല്ലാം തെളിഞ്ഞുകാണുന്നത് മുതലാളിത്ത ചൂഷണ വ്യവസ്ഥിതിയുടെ തത്വങ്ങളാണ്. അതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു സംഗതിയാണ്, ഫ്രോയ്ഡിന്റെ കക്ഷികളില്‍ അധികപേരും മുതലാളിത്ത മധ്യവര്‍ഗ സമൂഹത്തില്‍ നിന്നുള്ളവരാണെന്നത്. സാമ്പത്തിക അഭിവൃദ്ധിയും സാമൂഹിക മേല്‍ക്കോയ്മയും സുഖലോലുപതയും അത്യുന്നതമായി കാണുന്ന ഒരു വിഭാഗത്തെ നിരീക്ഷണം നടത്തുകയും അതിനെ പൊതുതത്വമാക്കുകയും ചെയ്യുന്നതിന്റെ അപകടങ്ങളേറെയാണ്. എങ്ങനെയാണ് വിവേചനങ്ങൾ ഉണ്ടാകുന്നതെന്നോ എന്താണ് നീതിനിഷേധമെന്നോ വ്യക്തമാകാത്തവരും അത് ദിനേന അനുഭവിക്കുന്നവരും തമ്മിലുള്ള അന്തരം എത്രയോ വലുതാണ്.
കുടുംബം, മതം, സമുദായം തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളുടെ ദൃഢതയും സംവേദനാത്മകതയും ആധുനികതയുടെ വരവോടെ ക്ഷയിക്കുകയും മുതലാളിത്ത കമ്പോളത്തിൽ നിരന്തരം ഉല്പാദിപ്പിക്കപ്പെടുന്ന കാമനകൾക്ക് കീഴ്പ്പെട്ട കേവല ഉപഭോക്താവായി ഓരോരുത്തരും മാറുകയുമാണ് ഉണ്ടായത്. തങ്ങളുടെ നിഷ്ക്രിയത്വം ഇവിടെ അക്രമപരമായ ഒരു തൽസ്ഥിതിയെ (status quo) നിലനിർത്താനാണ് സഹായിക്കുന്നതെന്ന ബോധ്യമില്ലാതെയാണ് പലരും ‘അരാഷ്ട്രീയത’യുടെ കുമിളക്കുള്ളിൽ കയറിക്കൂടുന്നത്. അതിലൂടെയുള്ള പളപളപ്പിനും ഹൃസ്വമായ സൗകര്യങ്ങൾക്കും പകരം നൽകേണ്ടി വരുന്നത് സ്വന്തം വിവേചനബോധത്തെയും മനുഷ്യോന്മുഖമായ ഒരു സാമൂഹിക വ്യവസ്ഥിതിയെ കുറിച്ച നമ്മുടെ ഭാവനകളെയുമാണ്. അതിലൂടെ അക്ഷരാർഥത്തിൽ നാം ഒരു യന്ത്രമായിത്തീരുകയാണ്.
വംശീയസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന അധികാര കേന്ദ്രങ്ങൾ ന്യൂനപക്ഷ സമൂഹങ്ങളെ നിരന്തരം വേട്ടയാടുകയും അടിച്ചമർത്തുകയും ചെയ്യുന്ന നിലവിലെ സാമൂഹിക സാഹചര്യങ്ങളിൽ മര്‍ദ്ദിത ജനവിഭാഗത്തിന്റെ മാനസികാരോഗ്യത്തെ കുറിച്ച കാഴ്ചപ്പാട് സ്വതന്ത്രമായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ ശക്തമാവുകയാണ്. ദിനേനയെന്നോണം അതിക്രമങ്ങൾ നേരിടേണ്ടിവരുന്ന അവസ്ഥകളെ കണക്കിലെടുത്തുകൊണ്ടുള്ള ചർച്ചകളാണ് മാനസികാരോഗ്യത്തെ കുറിച്ച് ഉണ്ടാവേണ്ടത്. സാർവലൗകികമായ ഒറ്റമൂലിയല്ല മാനസികാരോഗ്യത്തിന് വേണ്ടത്. അത് മനുഷ്യരുടെ സാമൂഹികാവസ്ഥകളോട് അനുതാപപൂർണമായിരിക്കണം. അവരോട് സംവദിക്കുന്ന, അവർക്ക് സ്വാഭിമാനം തിരിച്ചുനൽകുന്ന, അവരുടെ അതൃപ്തിയെ സാമൂഹിക മാറ്റത്തിനുള്ള ചാലകശക്തിയാക്കാൻ കഴിയുന്ന രീതിശാസ്ത്രമാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്.
സ്വന്തം നിലനിൽപ്പിനെ കുറിച്ച ആത്മവിശ്വാസത്തിലൂടെയാണ് ഒരാള്‍ക്ക് സമൂഹത്തിൽ അന്തസ്സുറ്റ ജീവിതം സാധ്യമാകുന്നത്. അഭിമാനപൂർണമായ ഒരു ജീവിതം ഓരോ മനുഷ്യർക്കും സാധ്യമാക്കാനാണ് എല്ലാ സിദ്ധാന്തങ്ങളും മുന്നേറ്റങ്ങളും പരിശ്രമിക്കേണ്ടത്. എന്നാല്‍ പലപ്പോഴും സാമൂഹിക സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാണ് 'സെൽഫ് ഹെൽപ് വിദഗ്ദർ' ഉപദേശിക്കുക. 'ഏതു നരകത്തിൽ കൊണ്ടിട്ടാലും ജീവിച്ചുപോകാനുള്ള അഡാപ്റ്റീവ് കപ്പാസിറ്റി' ജീവിതവിജയത്തിനുള്ള ഒരു മികവായാണ് കണക്കാക്കപ്പെടുന്നത്. ഈ വാചാടോപങ്ങൾക്ക് പിന്നിലുള്ള താൽപര്യങ്ങൾ അധികാരവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വരുമ്പോൾ വളരെ വ്യക്തമാകും. വ്യക്തിപരമായ കുറവുകളെയും പരിമിതികളെയും ചൂണ്ടിക്കാട്ടി വിവേചനങ്ങൾക്ക് പിന്നിലെ അധികാര സംവിധാനങ്ങളെ കണ്ടില്ലെന്ന് നടിക്കാനും അതിനെ മറികടക്കാനുമാണ് അവർ ശ്രമിക്കുന്നത്. വ്യക്തികൾ അല്ലെങ്കിൽ ഒരു സമൂഹം ഒന്നാകെ നേരിടുന്ന പ്രതിസന്ധികൾക്ക് കാരണമാകുന്ന അധികാര പ്രയോഗങ്ങളുടെ ആധിപത്യത്തെയും ഹിംസയെയും അവർ വിലകുറച്ച് കാണുകയാണ് ചെയ്യുക.
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളിലൂടെയും നീതിക്കുവേണ്ടിയുള്ള നിരന്തരമായ തേട്ടങ്ങളിലൂടെയുമാണ് ഒരു വ്യക്തിയുടെ വളര്‍ച്ചയും വികാസവും പൂര്‍ണ്ണത കൈവരിക്കുന്നതെന്നാണ് എറിക് ഫ്രോം വിശദീകരിക്കുന്നത്. നിങ്ങളുടെ മാനസികാരോഗ്യം പോരാട്ടഭൂമിയിലെ പാഥേയമാണ്. ഭൗതികത ഒരു മനുഷ്യനെ ബലഹീനനും മൃഗതുല്ല്യനുമാക്കി നിലനിര്‍ത്താന്‍ കഷ്ടപ്പെടുമ്പോൾ അതിനെതിരെ മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ നമുക്ക് സാധിക്കണം. ഭൗതികമായി ബലഹീനരായ മനുഷ്യരെ അവരിൽ അന്തർലീനമായ ആത്മീയ ഉൾകാഴ്ചകളാണ് കരുത്തരാക്കുന്നത്. മൃഗീയതയില്‍ നിന്ന് മനുഷ്യത്വമെന്ന വിതാനത്തിലേക്ക് നമ്മെയത് ഉയര്‍ത്തുന്നു. അതിനെ പ്രചോദിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്.
നിങ്ങളെ സമാധാനിപ്പിക്കാനെന്നോണം കൊഞ്ചിവരുന്ന സാമൂഹിക മാധ്യമങ്ങളിലെ മാനസികാരോഗ്യ സംരക്ഷണക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത് നിങ്ങള്‍ ദുര്‍ബലരാണെന്നാണ്. കമ്പോള താല്പര്യങ്ങളെ നിലനിർത്തുന്ന തൃഷ്ണകളോടുള്ള ഉപാദികളില്ലാത്ത വിധേയത്വമാണ് അവർ ആവശ്യപ്പെടുന്നത്. ഊതിവീർപ്പിച്ച പ്രതിലോമപരതക്കുള്ളിൽ കിടന്ന് സ്വന്തത്തെ തന്നെ നിരസിക്കുവാനാണ് അവർ നിങ്ങളെ ക്ഷണിക്കുന്നത്. അത്തരം പ്രവണതകൾക്കെതിരെ മണ്ണിലുറച്ചു നിന്ന് സകല മനുഷ്യരോടും സംവദിക്കുന്നതാകട്ടെ നമ്മുടെ ഇടപെടലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.