ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വിഷമദ്യദുരന്തത്തിൽ മരണം 29 ആയി; 74 പേർ ചികിത്സയിൽ

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വിഷമദ്യദുരത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. വിഷമദ്യദുരന്തത്തിൽ 29 പേർ മരിച്ചുവെന്ന് കള്ളക്കുറിച്ച് ജില്ലാ കലക്ടർ എൻ.പ്രശാന്ത് അറിയിച്ചു. സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

74 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. 67 പുരുഷൻമാരും ആറ് സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമാണ് നിലവിൽ ചികിത്സയിലുള്ളതെന്ന് മന്ത്രി ഇ.വി വേലു അറിയിച്ചു. കള്ളക്കുറിച്ചിയിലെ കരുണാപുരത്താണ് വിഷമദ്യദുരന്തമുണ്ടായത്. പാക്കറ്റുകളിലെത്തിച്ച വിഷമദ്യം കഴിച്ചാണ് ആളുകൾക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. വയറിളക്കം, ഛർദ്ദി, വയറുവേദന, കണ്ണുകളിൽ പ്രശ്നം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കള്ളക്കുറിച്ചി, സേലം, വില്ലുപുരം, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ സർക്കാർ ആശുപത്രികളിലാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാജ മദ്യം വിറ്റ ഗോവിന്ദ്‍രാജ് എന്ന കണ്ണുക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും 200 ലിറ്റർ മദ്യം പൊലീസ് പിടിച്ചെടുത്തു. പരിശോധനയിൽ മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തം ഞെട്ടിക്കുന്നതാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. ദുരന്തം തടയുന്നതിൽ പരാജയപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. വിഷമദ്യദുരന്തത്തെ കുറിച്ച് പൊതുജനങ്ങൾ വിവരം നൽകിയാൽ അതിലും ഉടൻ നടപടിയുണ്ടാകുമെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.


Tags:    
News Summary - 25 dead, many hospitalised after consuming spurious liquor in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.