വാഷിങ്ടൺ: അലസ്ക എയർലൈനിന്റെ ഡോർ തകർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തകരാർ സംഭവിച്ച വിമാനത്തിന്റെ കാബിൻ പ്രഷർ നിയന്ത്രിക്കുന്ന സംവിധാനത്തെ സംബന്ധിച്ച് മുന്നറിയിപ്പുണ്ടായിരുന്നുവെന്ന നിർണായക വിവരമാണ് പുറത്ത് വന്നത്. യു.എസിന്റെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റേയാണ് പുതിയ വെളിപ്പെടുത്തൽ. അപകടമുണ്ടാക്കിയ വിമാനത്തിൽ തുടർച്ചയായി മുന്നറിയിപ്പ് ലൈറ്റുകൾ തെളിഞ്ഞുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ വിമാനത്തെ കൂടാതെ മറ്റ് രണ്ട് എയർക്രാഫ്റ്റുകളിലും ഇത്തരത്തിൽ വാണിങ് ലൈറ്റുകൾ തെളിഞ്ഞിരുന്നു
മുന്നറിയിപ്പുകൾക്കിടയിലും വിമാനങ്ങൾക്ക് പറക്കാൻ അലസ്ക അനുമതി നൽകിയയെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പുതിയ വിവരങ്ങളുടെ വെളിച്ചത്തിൽ പസഫിക് സമുദ്രത്തിലൂടെ ഹവായിലേക്കുള്ള യാത്രക്ക് തകരാറുണ്ടെന്ന് സംശയിക്കുന്ന വിമാനങ്ങൾ ഉപയോഗിക്കുന്നത് അലസ്ക എയർ താൽക്കാലികമായി നിർത്തിവെച്ചു.
പരിശോധനക്ക് ശേഷം വിമാനങ്ങൾക്ക് പറക്കാനുള്ള അനുമതി ലഭിച്ചുവെങ്കിലും ദീർഘദൂര റൂട്ടുകളിൽ തൽക്കാലത്തേക്ക് ഇവയുടെ സർവീസ് വേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. അതേസമയം, യുണൈറ്റഡ് എയർലൈൻസിന്റേയും അലസ്ക എയർലൈൻസിന്റേയും കൈവശമുള്ള ബോയിങ് 737 മാക്സ് 9 വിമാനങ്ങളിൽ പരിശോധനക്കിടെ തകരാർ കണ്ടെത്തിയത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. യുണൈറ്റഡ് എയർലൈൻസിന് 79 മാക്സ് 9 വിമാനങ്ങളും അലാസ്കക്ക് 65 എണ്ണവുമാണ് ഉള്ളത്.
പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന്‍റെ ഡോർ തകർന്ന് തെറിച്ച് പോയതിനെ തുടർന്ന് അലസ്ക എയർലൈനിന്റെ ബോയിങ്ങ് 737 വിമാനം അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ഡോർ ഇളകിത്തെറിച്ച് ഫോണും മറ്റു വസ്തുക്കളും പുറത്തേക്ക് വീഴുന്ന ഭയാനകമായ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡോർ തകർന്ന് കാബിനിൽ സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ടാണ് വിമാനം പോർട്ട്ലാന്‍റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.