ഗസ്സ: കുഞ്ഞുങ്ങളടക്കമുള്ള ഗസ്സൻ ജനതയെ കൊല്ലാൻ സ്ഫോടകവസ്തുക്കൾ സജ്ജമാക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ച് അഞ്ച് ഇസ്രായേൽ അധിനിവേശ സൈനികർ ഗസ്സയിൽ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന 10 സൈനികർക്ക് സാരമായി പരിക്കേറ്റതായും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
തിങ്കളാഴ്ച വടക്കൻ ഗസ്സയിലെ ബയ്ത്ത് ഹാനൂനിലാണ് സംഭവം. ഇവിടെയുള്ള കെട്ടിടത്തിൽ തമ്പടിച്ച സൈനികർ ഫലസ്തീനികൾക്ക് നേരെ ഉപയോഗിക്കാൻ സ്ഫോടകവസ്തുക്കൾ ഒരുക്കുന്നതിനിടെ അവ പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്രസ്ഫോടനത്തിൽ സൈനികർ നിലയുറപ്പിച്ച കെട്ടിടം പൂർണമായും തകർന്നു. അഞ്ച് സൈനികർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. വെടിനിർത്തൽ ചർച്ച ലക്ഷ്യം കാണാനിരിക്കെ ഗസ്സയിൽ കൂട്ടക്കൊലക്ക് ഇസ്രായേൽ ശ്രമിക്കുന്നുവെന്നതിന് തെളിവാണിതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
നഹൽ ബ്രിഗേഡിന്റെ രഹസ്യാന്വേഷണ യൂണിറ്റിൽ സേവനമനുഷ്ഠിക്കുന്നവരാണ് കൊല്ലപ്പെട്ടവർ. കമാൻഡർ യാർ യാക്കോവ് ഷുഷാൻ (23), സ്റ്റാഫ് സർജന്റ് യാഹവ് ഹദർ (20), സ്റ്റാഫ് സർജന്റ് ഗൈ കർമിയൽ (20), സ്റ്റാഫ് സർജന്റ് യോവ് ഫെഫർ (19), സ്റ്റാഫ് സർജന്റ് അവിയൽ വൈസ്മാൻ (20) എന്നിവരാണ് മരിച്ചത്. ഇതോടെ, ഗസ്സയിൽ കരയുദ്ധത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 407 ആയതായി ഇസ്രായേൽ അറിയിച്ചു.
ബയ്ത്ത് ഹാനൂനിൽ ശനിയാഴ്ച നാല് ഇസ്രായേൽ സൈനികരെ ഹമാസ് കൊലപ്പെടുത്തിയിരുന്നു. തോക്കുധാരി നടത്തിയ ആക്രമണത്തിലാണ് സംഭവം. ആറ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചിരുന്നു. സർജന്റ് മേജർ അലക്സാണ്ടർ ഫെഡോറെങ്കോ (37), സ്റ്റാഫ് സർജന്റ് ഡാനില ദിയാക്കോവ് (21), സർജന്റ് യഹാവ് മായാൻ (19), സർജന്റ് എലിയാവ് അസ്തുകർ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച വടക്കൻ ഗസ്സയിൽ ടാങ്കിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ മൂന്ന് ഐ.ഡി.എഫ് സൈനികർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ദിവസങ്ങൾക്കിടെ മറ്റ് മൂന്ന് സൈനികരും കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.