ഇറാന്‍റെ മരവിപ്പിച്ച നിക്ഷേപം യു.എസ് തിരികെ നൽകും

വാഷിങ്ടൺ: 35 വർഷമായി മരവിപ്പിച്ചിരിക്കുന്ന ഇറാന്‍റെ നിക്ഷേപം തിരിച്ചു നൽകാൻ യു.എസ് തീരുമാനം. ആയുധ ഇടപാടുമായി ബന്ധപ്പെട്ട് ഇറാൻ നിക്ഷേപിച്ച 40 കോടി ഡോളറാണ് തിരിച്ചു നൽകുക. ഇതിന് മുന്നോടിയായി 35 വർഷത്തെ  പലിശയിനത്തിൽ 130 കോടി ഡോളർ യു.എസ് കൈമാറുമെന്നാണ് റിപ്പോർട്ട്.

വർഷങ്ങൾ നീണ്ട സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി ഹേഗിലെ രാജ്യാന്തര ട്രൈബ്യൂണൽ നിർദേശ പ്രകാരമാണ് നടപടിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോൺ ഏർണസ്റ്റ് അറിയിച്ചു. അതേസമയം, ഇറാനിൽ തടവിലുള്ള യു.എസ് പൗരന്മാരെ വിട്ടയക്കാനുള്ള ഉപാധിയുടെ ഭാഗമായാണ് പണം മടക്കി നൽകുന്നതെന്ന് ആരോപണമുണ്ട്. എന്നാൽ, ഇക്കാര്യം പ്രസിഡന്‍റ് ബറാക് ഒബാമയും വിദേശകാര്യ സെക്രട്ടറി ജോൺ കെറിയും നിഷേധിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജോൺ ഏർണസ്റ്റ് അറിയിച്ചു.

1970ൽ മുഹമ്മദ് റാസ ഷാ പഹ് ലവി ഭരണകൂടത്തിന്‍റെ കാലത്ത് യുദ്ധവിമാന ഇടപാടിന്‍റെ ഭാഗമായാണ് യു.എസിന് ഇറാൻ പണം കൈമാറിയത്. 1979ൽ നടന്ന ഇസ് ലാമിക വിപ്ലവത്തെ തുടർന്ന് ഇറാൻ ബന്ധത്തിൽ വിള്ളൽ വീഴുകയും യുദ്ധ വിമാനം കൈമാറേണ്ടെന്ന് യു.എസ് തീരുമാനിക്കുകയും ചെയ്തു. ഇതേതുടർന്നാണ് പലിശ സഹിതം പണം തിരികെ നൽകണമെന്ന് ഇറാൻ ആവശ്യം ഉന്നയിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.