കറാക്കസ്: സ്വയം പ്രസിഡൻറായി പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് യുവാൻ ഗൊയ്ദോയെ അംഗ ീകരിച്ച് കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയതോടെ ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി അന്ത്യമില്ലാതെ തുടരുന്നു. സ്പെയിൻ, ഫ്രാൻസ്, സ്വീഡൻ, ഒാസ്ട്രിയ, ഡെന്മാർക് തുടങ്ങിയ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളാണ് ഗൊയ്ദോയെ അംഗീകരിക്കുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചത്. യു.എസ്, ബ്രിട്ടൻ, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ചില ലാറ്റിനേമരിക്കൻ രാജ്യങ്ങളും നേരത്തേതന്നെ ഗൊയ്ദോയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ഉടൻ തെരഞ്ഞടുപ്പ് പ്രഖ്യാപിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ പ്രസിഡൻറ് നികളസ് മദൂറോയോട് ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ചക്കകം ഇതിന് തയാറായില്ലെങ്കിൽ ഗൊയ്ദോയെ പ്രസിഡൻറായി അംഗീകരിക്കുമെന്ന മുന്നറിയിപ്പും നൽകി. ഇതാണ് ഇൗ രാജ്യങ്ങൾ തിങ്കളാഴ്ച നടപ്പാക്കിയത്. ഇതോടെ, മദൂറോക്കു മേൽ സമ്മർദമേറി. എന്നാൽ, മറ്റു രാജ്യങ്ങളുടെ ഭീഷണിക്ക് വഴങ്ങി രാജിവെച്ച് തെരഞ്ഞെടുപ്പു നടത്താൻ ഒരുക്കമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മദൂറോയെ പിന്തുണക്കുന്ന റഷ്യയും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വെനിസ്വേലയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാനുള്ള മറ്റു രാജ്യങ്ങളുടെ ശ്രമം കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും തങ്ങൾക്ക് കൈയുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നും റഷ്യ മുന്നറിയിപ്പ് നൽകി.
എണ്ണ സമ്പന്നമെങ്കിലും വേണ്ടത്ര സാമ്പത്തിക വളർച്ചയില്ലാത്ത വെനിസ്വേല സമീപകാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതിനെ തുടർന്നാണ് മദൂറോ ഭരണകൂടം പ്രതിസന്ധിയിലായത്. സർക്കാറിനെതിരെ ജനങ്ങൾ തെരുവിലിറങ്ങിയതോടെ അതിെൻറ നേതൃത്വം പ്രതിപക്ഷ നേതാവായ ഗൊയ്ദോ ഏറ്റെടുക്കുകയായിരുന്നു. ജനുവരി 23ന് നടന്ന റാലിയിൽ താനാണ് പ്രസിഡൻറ് എന്ന ഗൊയ്ദോ പ്രഖ്യാപിച്ചു. രാജ്യത്തെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ യു.എസിെൻറയും യൂറോപ്യൻ രാജ്യങ്ങളുടെയും സഹായം തേടുകയും ചെയ്തു അദ്ദേഹം. എന്നാൽ, മദൂറോ ഇതിനെ ശക്തമായ ഭാഷയിൽ അപലപിച്ചു. സഹായമെന്ന വഴിയിലൂടെ യു.എസ് സൈനിക അധിനിവേശമാണ് നടക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഉന്നതരിൽ ചിലർ കൂറുമാറിയിട്ടുണ്ടെങ്കിലും സൈന്യം പൊതുവെ മദൂറോക്കൊപ്പമാണ്. മദൂറോയെ അട്ടിമറിക്കാൻ രംഗത്തിറങ്ങണമെന്ന് യു.എസ് വെനിസ്വേലൻ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. തിങ്കളാഴ്ച വടക്കുകിഴക്കൻ മേഖലയിലെ സൈനിക ക്യാമ്പ് സന്ദർശിച്ച മദൂറോ ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഒരുങ്ങിയിരിക്കാൻ സൈനികരോട് ആഹ്വാനം ചെയ്തു.
യു.എസിെൻറയും മിക്ക യൂറോപ്യൻ രാജ്യങ്ങളുടെയും കണ്ണിലെ കരടായിരുന്ന സോഷ്യലിസ്റ്റ് പ്രസിഡൻറ് ഉൗഗോ ചാവേസിെൻറ പിൻഗാമിയായാണ് മദൂറോ 2013ൽ അധികാരമേറ്റത്. ചാവേസിെൻറ പാത പിന്തുടരുന്നതിനാൽതന്നെ മദൂറോയും യു.എസിെൻറയും മറ്റും നോട്ടപ്പുള്ളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.