ടോക്യോ: ലോകോത്തര വാഹന നിർമാതാക്കളായ ജപ്പാനിലെ നിസാൻ-റെനോ കമ്പനിയുടെ മുൻ മേധാവി കാർലോസ് ഗോസൻ ലബനാനിലേക്ക് രക്ഷപ്പെട്ടു. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ ജപ്പാനിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷമാണ് മുങ്ങിയത്. അന്താരാഷ്ട്ര പ്രശസ്തനായ വ്യക്തി തങ്ങളെ വെട്ടിച്ചു കടന്നതിെൻറ നാണക്കേടിലാണ് ജപ്പാൻ സർക്കാറും സുരക്ഷ ഏജൻസികളും.സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളിൽ ഈ വർഷം ഏപ്രിലിൽ വിചാരണ നടപടി തുടങ്ങാനിരിക്കുകയാണ്. ഫ്രാൻസ്, ബ്രസീൽ, ലബനാൻ പാസ്പോർട്ടുകളുള്ള ഗോസൻ എങ്ങനെയാണ് രാജ്യം വിട്ടതെന്നത് വ്യക്തമല്ല.
ജാമ്യവ്യവസ്ഥയിൽ രാജ്യം വിടരുതെന്ന് നിബന്ധനയുള്ളതിനാൽ വ്യാജ പേരിൽ നാടുവിട്ടെന്നാണ് അനുമാനം. 2018 നവംബറിലാണ് ഗോസൻ അറസ്റ്റിലായത്.
ജാമ്യം നൽകിയപ്പോൾ ലബനാനിലുള്ള ഭാര്യ കരോളിനെ കാണാൻ അനുവാദമുണ്ടായിരുന്നില്ല. അടുത്തിടെയാണ് വിഡിയോ കാൾ വഴി സംസാരിക്കാൻ അനുവദിച്ചത്. താൻ ലബനാനിലാണുള്ളതെന്നും ഇടുങ്ങിയ, മുൻവിധിയുള്ള, അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന ജപ്പാനിലെ നീതിന്യായ വ്യവസ്ഥയുടെ ബന്ദിയാകാനില്ലെന്നും ഗോസൻ പറഞ്ഞു. കേസിൽ നിരപരാധിയാണെന്ന് ആവർത്തിച്ച ഗോസൻ, നിസാൻ-റെനോ സമ്പൂർണ ലയനത്തെ അധികൃതർ തടഞ്ഞതായും ആരോപിച്ചു.
കുറ്റവാളികളെ കൈമാറാൻ ജപ്പാൻ-ലബനാൻ കരാർ നിലവിലില്ല. അതിനാൽ, അടുത്ത നീക്കം എന്തായിരിക്കുമെന്നതിൽ വ്യക്തതയില്ല. തിങ്കളാഴ്ചയാണ് ഗോസൻ ലബനാനിലെത്തിയതെന്ന് സുഹൃത്തും ടെലിവിഷൻ അവതാരകനുമായ റിക്കാർഡോ കരം പറഞ്ഞു. വാഹന വിപണി ആഗോളതലത്തിൽ മാന്ദ്യം നേരിടുന്നതിനിടെ, പ്രധാന വാഹന കമ്പനികളിലൊന്നിെൻറ തലവൻ കേസിലകപ്പെട്ടതും മുങ്ങിയതും കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.