ഉയ്ഗൂർ മുസ്‍ലിംകളെ ഈ വർഷവും ഹജ്ജിന് പോകുന്നതിൽനിന്ന് വിലക്കി ചൈന

ഉയ്ഗൂർ മുസ്‍ലിംകളെ ഈ വർഷവും ഹജ്ജിന് പോകുന്നതിൽനിന്ന് വിലക്കി ചൈന. വാർഷിക ഹജ്ജ് തീർഥാടനത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യയിലേക്കുള്ള ഷിൻജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഉയ്ഗൂർ മുസ്ലീങ്ങളെ ചൈനീസ് അധികൃതർ വീണ്ടും വിലക്കിയതായി ഇസ്ലാമിക് അസോസിയേഷൻ ഓഫ് ചൈന അറിയിച്ചു. ഇസ്ലാമിക് അസോസിയേഷൻ ഓഫ് ചൈനയുടെ കണക്കനുസരിച്ച് ആകെ 1,053 മുസ്ലീം തീർത്ഥാടകർ ഔദ്യോഗികമായി ഹജ്ജിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂൺ ആദ്യം വരെ ഗൻസു പ്രവിശ്യയിൽ നിന്ന് 769 ഉം യുനാൻ പ്രവിശ്യയിൽ നിന്ന് 284 ഉം പേരാണ് ഹജ്ജിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ  ഷിൻജിയാങ്ങിൽ നിന്നുള്ള ഉയ്ഗൂറുകളെയും മറ്റ് മുസ്ലീങ്ങളെയും കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഹജ് തീർഥാടനത്തിന് ചൈനയിലെ മുസ്‌ലിംകൾക്ക് സർക്കാർ അനുമതി ആവശ്യമാണെന്ന് വാദങ്ങൾ ഉയരുന്നുണ്ട്. ഇതാദ്യമായല്ല ചൈനീസ് അധികൃതർ ഉയ്ഗൂർ മുസ്ലീങ്ങളെ ഹജ്ജിൽ നിന്ന് ഒഴിവാക്കുന്നത്. നേരത്തെ 2023ൽ നിങ്‌സിയ പ്രവിശ്യയിൽ നിന്നും ചൈനയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമായി 386 മുസ്ലീങ്ങൾ പങ്കെടുത്തിരുന്നു. എന്നാൽ  ഇതിൽ ആരും ഷിൻജിയാങ് പ്രവിശ്യയിൽ നിന്നുള്ളവരല്ല. 2016ലാണ് ഷിൻജിയാങ്ങിൽ നിന്നുള്ള തീർത്ഥാടകരെ കുറിച്ച് ചൈനയിലെ ഇസ്ലാമിക് അസോസിയേഷൻ അവസാനമായി റിപ്പോർട്ട് ചെയ്തത്.

ഷിൻജിയാങ് മേഖലയിൽ ഉയ്ഗൂർ മുസ്‌ലിംകൾക്കും മറ്റ് തുർക്കി ന്യൂനപക്ഷങ്ങൾക്കുമെതിരെ ചൈനീസ് സർക്കാർ അതിക്രമങ്ങൾ നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. ഗവൺമെന്‍റിന്‍റെ നയങ്ങൾ വ്യവസ്ഥാപിതമായി മതപരമായ ആചാരങ്ങളെ ലക്ഷ്യമിടുന്നുവെന്നാണ് ആരോപണം. ഇത് ഈ ന്യൂനപക്ഷ സമുദായത്തിൻ്റെ മൗലികാവകാശങ്ങളുടെ കടുത്ത നിയന്ത്രണത്തിലേക്ക് നയിക്കുന്നുവെന്നും വാർത്തകളുണ്ട്. ഈ മേഖലയിലെ ഇസ്ലാമിക ആചാരങ്ങൾ നിയന്ത്രിക്കുന്നതിന് ചൈനീസ് അധികാരികൾ നിരവധി നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇസ്ലാമിക അർത്ഥങ്ങളുള്ള ഡസൻ കണക്കിന് വ്യക്തികളുടെ പേരുകൾ ഇതിന്റെ ഭാഗമായി നിരോധിച്ചിട്ടുണ്ട്.

2014 മുതൽ ഇസ്‌ലാം മതം പിന്തുടരുന്ന ഒരു ദശലക്ഷത്തോളം ആളുകളെ തടവിലാക്കിയിട്ടുണ്ട്. ഹിജാബുകൾക്കും അബായകൾക്കും (സാധാരണയായി മുസ്ലീം സ്ത്രീകൾ ധരിക്കുന്ന അയഞ്ഞ വസ്ത്രങ്ങൾ) നിരോധനം ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചു. സർക്കാർ 630 ഉയ്ഗൂർ ഗ്രാമങ്ങളുടെ പേര് മാറ്റുകയും ചെയ്തു. പുരുഷന്മാർക്ക് താടി വളർത്തുന്നതിനും കുട്ടികൾക്ക് മുസ്ലീം പേരുകൾ നൽകുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

കഴിഞ്ഞ എട്ട് വർഷമായി ഉയ്ഗൂർ മുസ്ലീങ്ങൾ പീഡനങ്ങളും നിയന്ത്രണങ്ങളും റമദാൻ മാസങ്ങളിൽ അനുഭവിച്ചിട്ടുണ്ട്. 2015 മുതൽ ചൈനയിലെ ഷിൻജിയാങ്ങിൽ അധ്യാപകരെയും വിദ്യാർഥികളെയും സിവിൽ ജീവനക്കാരെയും റമദാൻ വ്രതാനുഷ്ഠാനത്തിൽ നിന്ന് വിലക്കിയിട്ടുണ്ട്. 2009-ലെ അന്തർ-വംശീയ അക്രമങ്ങളെത്തുടർന്ന് ഷിൻജിയാങ് പ്രവിശ്യയിലുടനീളം സൈനിക സാന്നിദ്ധ്യവും സുരക്ഷാ നടപടികളും വർധിപ്പിക്കുന്നതിന് കാരണമായി. നിലവിൽ ചൈനയുടെ വിദൂര പടിഞ്ഞാറൻ ഷിൻജിയാങ് മേഖലയിൽ ആകെ 11 ദശലക്ഷം ഉയിഗുർ മുസ്‍ലിംകളാണ് ഉള്ളത്.

Tags:    
News Summary - China bans Uyghur Muslims from going to Hajj again this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.