ലണ്ടൻ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉപയോഗിച്ച ശേഷം തന്റെ കുളിമുറിയിൽനിന്ന് ശബ്ദം റെക്കോഡ് ചെയ്യുന്ന ഉപകരണം കണ്ടെത്തിയതായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 2017ൽ ബ്രിട്ടീഷ് വിദേശകാര്യ ഓഫിസിലെ ഒരു യോഗത്തിനിടെയാണ് സംഭവം നടന്നതെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഒക്ടോബർ 10ന് പുറത്തിറങ്ങാനിരിക്കുന്ന ‘അൺലീഷ്ഡ്’ എന്ന ആത്മകഥയിലാണ് പുതിയ വെളിപ്പെടുത്തൽ. അന്ന് ബോറിസ് ജോൺസൺ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്നു. പുസ്തകത്തിൽ നെതന്യാഹുവിനെ ‘ബിബി’ എന്നാണ് ജോൺസൺ പരാമർശിക്കുന്നത്. കൂടിക്കാഴ്ചക്കിടെ നെതന്യാഹു കുളിമുറിയിൽ പോകാൻ അനുമതി ചോദിക്കുകയായിരുന്നു.
ബിബി കുളിമുറി ഉപയോഗിച്ച ശേഷം സുരക്ഷ ഉദ്യോഗസ്ഥർ പതിവ് പരിശോധനക്കിടെയാണ് ഉപകരണം കണ്ടെത്തിയത്. ആ സംഭവത്തെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും പുസ്തകത്തിലുണ്ടെന്നും ജോൺസൺ പറഞ്ഞതായി ദി ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഇസ്രായേലിനോട് ബ്രിട്ടൻ വിശദീകരണം ചോദിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. യു.എസ് പ്രസിഡന്റിന്റെ ഓഫിസായ വൈറ്റ്ഹൗസിൽ ശബ്ദവും ദൃശ്യവും റെക്കോഡ് ചെയ്യാനുള്ള ഉപകരണങ്ങൾ ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചതായി ആരോപണമുയർന്നതും ഈ സമയത്താണ്. വൈറ്റ് ഹൗസിനടുത്തും മറ്റ് പ്രധാന കേന്ദ്രങ്ങളിലും മൊബൈൽ ഫോൺ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചതിനു പിന്നിൽ ഇസ്രായേലാണെന്നാണ് യു.എസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇസ്രായേൽ ചാര സംഘടനയായ മൊസാദിൽ ജോലി ചെയ്തിട്ടില്ലെങ്കിലും നിരവധി കാലം അവരുമായി ഒരുമിച്ച് പ്രവർത്തിച്ച പരിചയമുണ്ട് നെതന്യാഹുവിന്.
നെതന്യാഹു പ്രധാനമന്ത്രിയായ കാലത്തുൾപ്പെടെ നിരവധി വർഷം മൊസാദ് നടത്തിയ ഫോൺ ചോർത്തലടക്കമുള്ള ചാരപ്രവർത്തനമാണ് ലബനാനിലെ പ്രമുഖ ഹിസ്ബുല്ല നേതാക്കളെ കൊലപ്പെടുത്താൻ ഇസ്രായേലിനെ സഹായിച്ചതെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.