വാഷിങ്ടൺ: പാം ബോണ്ടിയെ യു.എസ് അറ്റോണി ജനറലായി നിയമിച്ച് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മുൻ ഫ്ലോറിഡ അറ്റോണി ജനറലാണ് പാം ബോണ്ടി. മാറ്റ് ഗെയ്റ്റ്സ് യു.എസിന്റെ പുതിയ അറ്റോണി ജനറലായി എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഗെയ്റ്റ്സ് നോമിനേഷൻ പിൻവലിച്ചതോടെയാണ് പാം ബോണ്ടി അറ്റോണി ജനറലായത്.
ലൈംഗിക കുറ്റകൃത്യത്തിൽ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റ് ഗെയ്റ്റ്സ് നോമിനേഷൻ പിൻവലിക്കാൻ നിർബന്ധിതനായത്. തന്റെ നോമിനേഷൻ ട്രംപ്, വാൻസ് കൂട്ടുകെട്ടിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിയാൻ ഇടയാക്കുമെന്നും അതിനാൽ നോമിനേഷൻ പിൻവലിക്കുകയാണെന്നുമാണ് ഗെയ്റ്റ്സ് അറിയിച്ചിരിക്കുന്നത്.
ദീർഘകാലമായി ഡോണൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പാം ബോണ്ടി. ട്രംപിനെതിരായ ഒന്നാം ഇംപീച്ച്മെന്റിന്റെ സമയത്ത് പാം ബോണ്ടിയായിരുന്നു നിയുക്ത യു.എസ് പ്രസിഡന്റിനെ സഹായിച്ചത്. അമേരിക്കയിലെ ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലും അവർ പ്രവർത്തിച്ചിരുന്നു.
ഫ്ലോറിഡയിലെ ആദ്യ വനിത അറ്റോണി ജനറലാണ് പാം ബോണ്ടി. 18 വർഷത്തെ പരിചയസമ്പത്ത് പാം ബോണ്ടിക്കുണ്ട്. അതേസമയം, മാറ്റ് ഗെയ്റ്റ്സിന്റെ പിൻമാറ്റത്തിൽ പ്രതികരണവുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഗെയ്റ്റ്സിന് മികച്ച ഭാവിയുണ്ടെന്നായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.