വാഷിങ്ടൺ: അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. യു.എസ് സന്ദർശനത്തിനിടെ മോദിയെ കാണുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. സെപ്തംബർ 21 മുതൽ 23 വരെയാണ് മോദിയുടെ യു.എസ് സന്ദർശനം.
മിഷിഗണിൽ നടന്ന തെരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം, കൂടിക്കാഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയാറായില്ല. ഇന്ത്യ-യു.എസ് വ്യാപാര ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളോടും ട്രംപ് മൗനം പാലിച്ചു.
ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് മോദി യു.എസിൽ എത്തുന്നത്. ഡെൽവെയറിൽ വെച്ചാണ് സമ്മേളനം നടക്കുക. മോദിക്ക് പുറമേ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങിയവരാണ് ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കുക.
യു.എൻ പൊതുസഭയിലും മോദി പ്രസംഗിക്കും. സെപ്തംബർ 22ന് ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ചയും മോദിയുടെ പരിപാടിയുടെ ലിസ്റ്റിലുണ്ട്. 2020 ഫെബ്രുവരിയിലാണ് മോദിയും ട്രംപും തമ്മിൽ അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ചരിത്രപരമെന്നാണ് ആ കൂടിക്കാഴ്ചയെ മോദി അന്ന് വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.