ഫലസ്തീൻ അനുകൂല നിലപാടിൽ മാറ്റമില്ല; എന്ത് വിമർശനങ്ങളേയും നേരിടാൻ തയാറെന്ന് ഗായിക ദുവ ലിപ

ഫലസ്തീൻ അനുകൂല പോസ്റ്റിന്റെ പേരിലുള്ള വിമർശനങ്ങളെ നേരിടാൻ തയാറാണെന്ന് പോപ് ഗായിക ദുവാ ലിപ. റേഡിയോ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് 28കാരിയായ ലിപയുടെ പരാമർശം. ഇസ്രായേലിന്റെ ഗസ്സയിലെ സൈനിക നടപടികളെ വംശഹത്യയെന്ന് വിളിച്ചതിന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഗായിക​ക്ക് നേരിടേണ്ടി വന്നിരുന്നു. ഇക്കാര്യത്തിലാണ് അവരുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.

ഒരു പ്രതികരണം നടത്തുന്നതിന് മുമ്പ് രണ്ട് മൂന്ന് തവണയെങ്കിലും താൻ ചിന്തിക്കാറുണ്ട്. നല്ലതിന് വേണ്ടിയായത് കൊണ്ടാണ് പ്രതിസന്ധികൾ ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും താൻ ഫലസ്തീൻ അനുകൂല പ്രസ്താവന നടത്തിയതെന്ന് ഗായിക പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ 88 മില്യൺ ഫോളോവേഴ്സുള്ള ഗായിക AllEyesOnRafah എന്ന ഹാഷ്ടാഗോടെയാണ് ഫലസ്തീൻ അനുകൂല പോസ്റ്റ് പങ്കുവെച്ചത്. ഇസ്രായേൽ ഗസ്സ റഫ നഗരത്തിൽ ആ​ക്രമണം തുടങ്ങിയതിന് പിന്നാലെയായിരുന്നു പോസ്റ്റ്.

കുട്ടികളെ ജീവനോടെ കത്തിക്കുന്നത് നിതീകരിക്കാനാവില്ല. ഇസ്രായേൽ നടത്തുന്ന വംശഹത്യ നിർത്താൻ ലോകം ഇടപെടണം. എല്ലാവരും ഗസ്സക്കുള്ള പിന്തുണയറിയിക്കണമെന്നും ലിപ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഫലസ്തീന് പിന്തുണയറിയിക്കുന്ന ഇസ്രായേലി റാപ് സോങ്ങും അവർ പങ്കുവെച്ചിരുന്നു.

രാഷ്ട്രീയമായ ഉള്ളടക്കമുള്ള പോസ്റ്റുകൾ പങ്കുവെക്കുമ്പോൾ രണ്ട് മൂന്ന് തവണയെങ്കിലും താൻ അത് പരിശോധിക്കാറുണ്ട്. ഗസ്സയെ സംബന്ധിച്ച പോസ്റ്റ് അത്യാവശ്യമാണെന്ന് തോന്നിയത് കൊണ്ടാണ് അത് പങ്കുവെച്ചത്. ഇതിന്റെ പേരിലുള്ള വിമർശനങ്ങൾ നേരിടാൻ താൻ തയാറാണെന്നും റേഡിയോ ടൈംസിന് നൽകിയ അഭിമുഖത്തിൽ ലിപ പറഞ്ഞു.

തന്റെ പാരമ്പര്യം തന്നെയാണ് ശക്തമായ രാഷ്ട്രീയനിലപാടുകൾ സ്വീകരിക്കാൻ കരുത്ത് പകരുന്നത്. വരാനിരിക്കുന്ന യു.കെ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കുള്ള പിന്തുണ തുടരുമെന്നും അഭിമുഖത്തിൽ അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Dua Lipa says criticism of Israeli war in Gaza was for ‘greater good’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.