പാകിസ്താനിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി; വിവിധ നഗരങ്ങളിൽ അക്രമം, ഒരാൾ കൊല്ലപ്പെട്ടു

ലാഹോർ (പാകിസ്‍താൻ): ലാഹോറിൽ കോളജ് കാമ്പസിനുള്ളിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി എന്ന് വാർത്ത പുറത്തുവന്നതിനു പിന്നാലെ പാകിസ്താനിലെ വിവിധ നഗരങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. സംഘർഷത്തിൽ സുരക്ഷ ജീവനക്കാരൻ കൊല്ലപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലൂ​ടെ വാർത്ത പുറത്തു വന്നയുടൻ വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.

പഞ്ചാബ് പ്രവിശ്യയിൽ ബുധനാഴ്ച വിദ്യാർത്ഥി പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടത്. റാവൽപിണ്ടിയിലാണ് രൂക്ഷമായ പ്രതിഷേധം അരങ്ങേറിയത്. കൂടാതെ ലാഹോർ, ഫൈസലാബാദ്, ഷാകോട്ട്, നൻകാന സാഹിബ് നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇരക്ക് നീതി ആവശ്യപ്പെട്ട് റാലി നടത്തിയ വിദ്യാർഥികൾ ലാഹോറിൽ പൊലീസുമായി ഏറ്റുമുട്ടി.

രണ്ട് ഡസനിലധികം വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയിലെ റാവൽപിണ്ടി നഗരത്തിലെ കാമ്പസിന് പുറത്ത് നൂറുകണക്കിന് വിദ്യാർഥികൾ പ്രകടനം നടത്തിയതോടെയാണ് അക്രമം ആരംഭിച്ചത്. സമാധാനാന്തരീക്ഷം തകർത്തെന്നാരോപിച്ച് 250 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

വിദ്യാർഥികൾ ഫർണിച്ചറുകൾ കത്തിക്കുകയും റോഡ് തടയുകയും കോളേജ് കെട്ടിടം തകർക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. അതിനിടെ, പാകിസ്താൻ പഞ്ചാബിൽ പ്രകടനങ്ങൾ നിരോധിച്ചു.

സ്‌കൂളുകളും കോളജുകളും സർവകലാശാലകളും രണ്ട് ദിവസത്തേക്ക് അടച്ചിടാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 36 പേർക്കെതിരെ കേസെടുത്തതായി ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അറിയിച്ചു.

Tags:    
News Summary - Student raped in Pakistan; Violence in various cities, one killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.