വൈറ്റ് ഹൗസിലെ സ്റ്റേറ്റ് ഡൈനിങ് റൂമിൽ നടന്ന ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: വൈറ്റ് ഹൗസിൽ ഇഫ്താര്‍ വിരുന്നൊരുക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ച രാത്രി നടന്ന ഇഫ്താർ വിരുന്നിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ മുസ്ലിംകൾ നൽകിയ പിന്തുണക്ക് ട്രംപ് നന്ദി പറഞ്ഞു. ഒന്നാം ഘട്ട വെടിനിര്‍ത്തൽ കരാര്‍ അവസാനിച്ച് ഗസ്സയിൽ ഇസ്രായേല്‍ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.
‘2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിൽ ഞങ്ങളെ പിന്തുണച്ച ലക്ഷക്കണക്കിന് അമേരിക്കൻ മുസ്ലിംകൾക്ക് ഞാൻ പ്രത്യേക നന്ദി അറിയിക്കുന്നു. നവംബറിൽ മുസ്ലിം സമൂഹം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു, ഞാൻ പ്രസിഡന്റായിരിക്കുമ്പോൾ, ഞാൻ നിങ്ങൾക്കൊപ്പമുണ്ടാകും’ -ട്രംപ് പറഞ്ഞു.
2023 ഒക്ടോബർ മുതൽ ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാനുള്ള തന്റെ ഭരണകൂടത്തിന്റെ നയതന്ത്ര ശ്രമങ്ങളെ യു.എസ് പ്രസിഡന്റ് എടുത്തുപറഞ്ഞു.
മുസ്ലിം സമുദായത്തിന് നൽകിയ വാക്ക് ഓരോ ദിവസവും പാലിക്കുന്നുണ്ട്. എല്ലാവരും അസാധ്യമെന്ന് പറഞ്ഞ അബ്രഹാം ഉടമ്പടികൾ പൂർത്തിയാക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും നിരന്തരമായ നയതന്ത്ര ശ്രമങ്ങളാണ് തന്റെ ഭരണകൂടം നടത്തുന്നത്.
ബൈഡൻ ഒന്നും ചെയ്യാതിരുന്ന അബ്രഹാം ഉടമ്പടികൾ ഞങ്ങൾ പൂർത്തിയാക്കും. നമുക്ക് വേണ്ടത് സമാധാനമാണെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.