കാപിറ്റോൾ അക്രമം നിരാശപ്പെടുത്തി, മനസ്സ് മടുപ്പിച്ചു - മൗനം വെടിഞ്ഞ് മെലാനിയ ട്രംപ്

വാഷിങ്ടൺ: കാപിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ അക്രമം തന്നെ നിരാശപ്പെടുത്തിയെന്നും മനസ്സ് മടുപ്പിച്ചെന്നും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപി​െൻറ ഭാര്യയും അമേരിക്കൻ പ്രഥമ വനിതയുമായ മെലാനിയ. അക്രമം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷം തിങ്കളാഴ്ചയാണ് മെലാനിയ ഈ വിഷയത്തിൽ മൗനം വെടിഞ്ഞ് ട്രംപ് അനുകൂലികളുടെ കലാപത്തെ അപലപിച്ചത്.

" കഴിഞ്ഞയാഴ്ചത്തെ സംഭവം എന്നെ നിരാശപ്പെടുത്തി, എൻ്റെ മനസ്സ് മടുപ്പിച്ചു. നമ്മുടെ രാജ്യം സാംസ്കാരികമായി തന്നെ സുഖപ്പെടണം. അതിൽ പാളിച്ചകൾ ഒന്നും വരാൻ പാടില്ല. കാപിറ്റോളിൽ നടന്ന അക്രമ സംഭവങ്ങളെ അതിശക്തമായി അപലപിക്കുന്നു. അക്രമം ഒരു തരത്തിലും അംഗീകരിക്കപ്പെടരുത് " - വൈറ്റ് ഹൗസ് പുറത്തിറക്കിയ മെലാനിയയുടെ പ്രസ്താവനയിൽ പറയുന്നു. അക്രമത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നെന്നും ഈ നഷ്ടം സഹിക്കാൻ അവർക്ക് ശക്തി ലഭിക്കട്ടെയെന്നും 600 വാക്കുകളുള്ള പ്രസ്താവനയിൽ മെലാനിയ പറഞ്ഞു.

തന്നെകുറിച്ച് അപവാദങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. അക്രമത്തിൽ പ്രതിഷേധിച്ച് മെലാനിയ ട്രംപി​െൻറ ചീഫ് സ്റ്റാഫായ സ്റ്റെഫാനി ഗ്രിഷാം നേരത്തെ രാജി വെച്ചിരുന്നു. മുൻ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻ ഡയറക്ടറും പ്രസ് സെക്രട്ടറിയുമായിരുന്നു സ്റ്റെഫാനി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.