ജറൂസലേം: ഇസ്രായേൽ - ഹമാസ് വെടിനിർത്തൽ കരാറിന് ഇസ്രായേൽ സുരക്ഷ കാബിനറ്റ് അംഗീകാരം നൽകി. അന്തിമ അംഗീകാരത്തിനായി കരാർ ഇനി സമ്പൂർണ കാബിനറ്റിന് മുന്നിലെത്തും. അംഗീകാരം ലഭിച്ചാൽ ഞായറാഴ്ചയോടെ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. അന്നുതന്നെ ബന്ദി കൈമാറ്റത്തിനും തുടക്കമാവും.
കരാറിലെ ചില വ്യവസ്ഥകൾക്കെതിരായ ഹരജികൾ ഇസ്രായേൽ ഹൈകോടതിയിലുണ്ട്. എന്നാൽ, ഇത് കരാറിന് തടസ്സമാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
സുരക്ഷ കാബിനറ്റും മ്പൂർണ മന്ത്രിസഭയും വെടിനിർത്തൽ കരാർ അംഗീകരിച്ചാൽ നിലവിലെ പദ്ധതിപ്രകാരം തന്നെ ബന്ദികളുടെ മോചനം നടക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
വെടിനിർത്തൽ നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ ഈജിപ്ത്, ഖത്തർ, യു.എസ്, ഇസ്രായേൽ എന്നിവിടങ്ങളിൽനിന്നുള്ള മധ്യസ്ഥർ വെള്ളിയാഴ്ച കൈറോയിൽ യോഗം ചേർന്നു.
അതേസമയം, ഹമാസുമായുള്ള ബന്ദികളെ വിട്ടയക്കൽ - വെടിനിർത്തൽ കരാറിനെതിരെ വോട്ടുചെയ്യാൻ ആവശ്യപ്പെട്ട് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗവിർ രംഗത്തെത്തി. ഇപ്പോഴും വൈകിയിട്ടില്ല. മന്ത്രിസഭ യോഗം ചേരേണ്ടതുണ്ടെന്നും ബെൻഗവിർ പറഞ്ഞു.
കരാർ അനുസരിച്ച് 42 ദിവസം നീളുന്ന ആദ്യ ഘട്ടത്തിൽ സൈനികർ ഉൾപ്പെടെയുള്ള വനിതകൾ, കുട്ടികൾ, 50 വയസ്സിനു മുകളിലുള്ളവർ എന്നിവരടങ്ങുന്ന 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഹമാസ് വിട്ടയക്കുന്ന ഓരോ വനിത ഇസ്രായേലി സൈനികർക്കും പകരമായി 50 ഫലസ്തീൻ തടവുകാരെയും മറ്റു സ്ത്രീ ബന്ദികൾക്ക് പകരമായി 30 പേരെയും ഇസ്രായേൽ മോചിപ്പിക്കും. ഒമ്പത് രോഗികളും പരിക്കേറ്റവരുമായ ഇസ്രായേലി ബന്ദികൾക്ക് പകരമായി ഇസ്രായേൽ ജയിലുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 110 ഫലസ്തീനികളെ മോചിപ്പിക്കുമെന്ന് കരാറിലുള്ളതായി റിപ്പോർട്ടുണ്ട്.
33 ബന്ദികളുടെ പട്ടികയിൽ 50 വയസ്സിനു മുകളിലുള്ള ഓരോ പുരുഷനും പകരമായി മൂന്ന് ജീവപര്യന്തം അനുഭവിക്കുന്ന തടവുകാർ, മറ്റു ശിക്ഷകൾ അനുഭവിക്കുന്ന 27 പേർ എന്ന അനുപാതത്തിൽ ഇസ്രായേൽ വിട്ടയക്കും. ഗസ്സയിൽ സ്വന്തം വീടുകളിൽനിന്ന് കുടിയിറക്കപ്പെട്ട ഫലസ്തീനികളെ സ്വതന്ത്രമായി സഞ്ചരിക്കാനും പരിക്കേറ്റവരെ ചികിത്സക്കായി ഗസ്സക്ക് പുറത്തേക്ക് കൊണ്ടുപോകാനും അനുവദിക്കും. പ്രതിദിനം 600 ട്രക്ക് മാനുഷിക സഹായം ഗസ്സയിൽ എത്തിക്കാനും അനുമതി നൽകും.
ആറാഴ്ച നീളുന്ന ആദ്യഘട്ടത്തിലെ 16ാം ദിവസം രണ്ടാം ഘട്ടത്തിലെ ബന്ദിമോചനം സംബന്ധിച്ച കൂടുതൽ ചർച്ചകൾക്ക് തുടക്കമാവും. ഇസ്രായേലിന്റെ പിന്മാറ്റം ഉൾപ്പെടെ ചർച്ചചെയ്യും. മൂന്നാം ഘട്ടത്തിൽ ഇസ്രായേൽ ബന്ദികളുടെയും ഹമാസ് അംഗങ്ങളുടെയും മൃതദേഹ കൈമാറ്റവും ഗസ്സയുടെ പുനർനിർമാണം സംബന്ധിച്ച ചർച്ചകളും നടക്കും. എന്നാൽ, യുദ്ധാനന്തര ഗസ്സയുടെ നിയന്ത്രണം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.