ദോഹ: ഇസ്രായേൽ ആക്രമണത്തിൽ സമാനതകളില്ലാത്ത മാനുഷിക ദുരന്തം പേറുന്ന ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപനത്തിനായി കാതോർത്ത് ലോകം. ഹമാസും ഇസ്രായേലും വെടിനിർത്തൽ കരാർ അംഗീകരിച്ചതായി അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനത്തിനായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻഅബ്ദുൽറഹ്മാൻ ആൽഥാനി ഉടൻ ദോഹയിൽ മാധ്യമങ്ങളെ കാണും.
ദോഹ: വെടിനിർത്തൽ കരാർ നിർദേശങ്ങൾ അംഗീകരിച്ചതായി ഹമാസ് അറിയിച്ചു. അൽജസീറ ചാനലിന് നൽകിയ പ്രതികരണത്തിലാണ് മുതിർന്ന ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ ഇക്കാര്യം അറിയിച്ചത്. ബന്ദിമോചനവും വെടിനിർത്തലിനു മുള്ള മധ്യസ്ഥ നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചതായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ദോഹ: വെടിനിർത്തൽ കരാർ പ്രഖ്യാപനം സംബന്ധിച്ച വാർത്തസമ്മേളനം ദോഹയിൽ നടക്കാനിരിക്കെ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഹമാസ്, ഇസ്രായേൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മധ്യസ്ഥ ചർച്ചകൾക്കായി ദോഹയിലെത്തിയ ഹമാസ്, ഇസ്രായേൽ നേതാക്കളുമായാണ് പ്രധാനമന്ത്രി തിരക്കിട്ട അവസാനഘട്ട കൂടിക്കാഴ്ച നടത്തിയത്.
അതിനിടെ, ബന്ദിമോചനവും വെടിനർത്തലും സാധ്യമാക്കുന്ന കാരറിലെത്തിയതായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു.
ആറാഴ്ച നീളുന്ന ആദ്യ ഘട്ട വെടിനിർത്തലിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഗസ്സയിൽനിന്ന് ഘട്ടംഘട്ടമായി സൈനിക പിൻമാറ്റവും ബന്ദികളുടെ കൈമാറ്റവും ഫലസ്തീനി തടവുകാരുടെ മോചനവും ഇതിന്റെ ഭാഗമായി നടപ്പാകും. കരാറിന് സംഘടന അംഗീകാരം നൽകിയതായി ഹമാസ് വക്താവ് അറിയിച്ചു. തുടർനടപടികളുടെ ഭാഗമായി ഇസ്രായേൽ സുരക്ഷ മന്ത്രിസഭ യോഗം ചേരുന്നുണ്ട്.
മൂന്ന് ഘട്ടങ്ങളിലായാകും വെടിനിർത്തൽ. ആദ്യ ഘട്ടത്തിൽ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിങ്ങനെ 33 ബന്ദികളെയാകും വിട്ടയക്കുക. പരിക്കേറ്റവർ, രോഗികൾ എന്നിവരെയും മോചിപ്പിക്കും. മൂന്ന് ബന്ദികൾ ഒന്നാം ദിവസം മോചിതരാകും. ഏഴാം നാൾ നാലു പേരും 14ാം ദിനത്തിൽ മൂന്നുപേരും പുറത്തെത്തും. 28, 35 ദിവസങ്ങളിൽ മൂന്നു പേർ വീതം മോചിതരാകും. കരാർ പ്രകാരം അവശേഷിച്ചവർ അവസാന ആഴ്ചയിലാകും പുറത്തെത്തുക. ഇസ്രായേൽ സേനാ പിന്മാറ്റവും അനുബന്ധമായി ആരംഭിക്കും. രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിശദാംശങ്ങൾ വെടിനിർത്തലിന്‍റെ 16ാം നാൾ ആരംഭിക്കും.
രണ്ടാം ഘട്ടത്തിൽ പട്ടാളക്കാർ, റിസർവ് സേനാംഗങ്ങൾ എന്നിവരാകും വിട്ടയക്കപ്പെടുക. പകരമായി ഫലസ്തീൻ തടവുകാരുടെ മോചനവും നടക്കും. 1,000 ഫലസ്തീൻ തടവുകാരെ വിട്ടയക്കാമെന്ന് സമ്മതിച്ചതിൽ 190 പേർ 15 വർഷമോ അതിലേറെയോ ജയിൽ ശിക്ഷ വിധിക്കപ്പെട്ടവരാണ്. ഇതേ ഘട്ടത്തിൽ വടക്കൻ ഗസ്സയിലേക്ക് മടക്കവും അനുവദിക്കും. 23 ലക്ഷം ജനസംഖ്യയുള്ള ഗസ്സയിൽ ഒരിക്കലെങ്കിലും പലായനം ചെയ്യാത്തവർ അത്യപൂർവമാകും. ഗസ്സയുടെ പുനർനിർമാണമാണ് മൂന്നാം ഘട്ടത്തിൽ നടക്കുക. ഈ ഘട്ടത്തിലും ഇസ്രായേൽ സേന ഗസ്സയിൽ തുടരും. 2023 ഒക്ടോബറിൽ ഹമാസ് ആക്രമണത്തിൽ 251 ബന്ദികളെ പിടികൂടിയതിൽ 94 പേരാണ് ഇപ്പോഴും ഹമാസ് പിടിയിലുള്ളത്. ഇവരിൽ 60 ഓളം പേർ മാത്രമാണ് ജീവനോടെയെന്നാണ് അനുമാനം. ബന്ദികളുടെ മോചനത്തിന് പകരമായി 1,000 ഫലസ്തീനികളെ ഇസ്രായേൽ വിട്ടയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.