ആയുധങ്ങൾക്ക് കാവൽനിൽക്കുന്ന ഇസ്രായേൽ സൈനികർ

വംശഹത്യ തന്നെ; ഇസ്രായേലിന് ആയുധം നൽകുന്നത് തുടരുമെന്ന് യു.എസ്

വാഷിങ്ടൺ: ഇസ്രായേലിന് നൽകിയ ആയുധങ്ങൾ ഗസ്സയിൽ സിവിലിയൻ കൂട്ടക്കുരുതി നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് യു.എസ്. എന്നാൽ, ആയുധക്കയറ്റുമതി നിർത്തിവെക്കാൻ മാത്രം കൃത്യമായ സംഭവങ്ങൾ കണ്ടെത്തിയില്ലെന്നും അതിനാൽ തുടരുമെന്നും വിദേശകാര്യ വകുപ്പ് യു.എസ് കോൺഗ്രസിന് സമർപ്പിക്കുന്ന റിപ്പോർട്ട് പറയുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങൾക്കെതിരായി യു.എസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. എന്നാൽ, ഏതെങ്കിലും സംഭവത്തിൽ യു.എസ് ആയുധം തന്നെയാണ് സിവിലിയൻ കുരുതി നടത്തിയതെന്ന് വ്യക്തമായി സ്ഥിരീകരിച്ചില്ലെന്നാണ് ന്യായം. കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ബൈഡനും തങ്ങളുടെ ആയുധങ്ങൾ ഇസ്രായേൽ സിവിലിയന്മാർക്കു മേൽ ദുരുപയോഗം ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇത് മുൻനിർത്തി ഇസ്രായേലിനുള്ള ആയുധങ്ങളുടെ കയറ്റുമതി ഒരു തവണ നിർത്തിവെച്ചതായും ഭാവിയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു. മാരക പ്രഹരശേഷിയുള്ള 3,500 ബോംബുകളുടെ കയറ്റുമതിയാണ് കഴിഞ്ഞ ദിവസം യു.എസ് തടഞ്ഞുവെച്ചത്.

ഇസ്രായേൽ കൂടുതൽ ഒറ്റപ്പെടുന്നുവെന്ന സൂചന നൽകുന്നതാണ് പുറത്തുവന്ന റിപ്പോർട്ടിലെ പരാമർശങ്ങൾ. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേലിനെതിരെ വംശഹത്യ കുറ്റം ചുമത്താൻ ഒരുങ്ങുകയും തുർക്കിയയടക്കം രാജ്യങ്ങൾ വ്യാപാര ബന്ധം അവസാനിപ്പിക്കുകയും ചെയ്തതിനൊപ്പം ലോകമെങ്ങും കാമ്പസുകളിൽ ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിക്കുകയും ചെയ്യുകയാണ്. ഏറ്റവുമൊടുവിൽ യു.എൻ പൊതുസഭയിൽ ഫലസ്തീൻ അംഗീകാര വോട്ടെടുപ്പിലും ഇസ്രായേലിനൊപ്പം നിന്ന് പിന്തുണ ഉറപ്പുനൽകിയ യു.എസും ചുവടുമാറ്റ സൂചനകൾ നൽകുന്നു.

ഒറ്റക്കായാൽ ഒറ്റക്കുതന്നെ ആക്രമണം നയിക്കുമെന്ന് കഴിഞ്ഞ ദിവസം നെതന്യാഹു പ്രതികരിച്ചിരുന്നു. യു.എസ് കാമ്പസുകളിൽ സമരത്തിനിറങ്ങുന്നവർ ഇസ്രായേലിന്റെ ഉന്മൂലനം വരെ ആവശ്യപ്പെട്ടാണ് പലപ്പോഴും രംഗത്തുവരുന്നത്. ഇസ്രായേൽ അത്‍ലറ്റുകൾ, അക്കാദമിക വിദഗ്ധർ എന്നിവർ പോലും കടുത്ത പ്രതിഷേധവും ബഹിഷ്‍കരണവും നേരിടുന്നു. 

Tags:    
News Summary - Genocide itself; US to continue arming Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.